പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

അയ്യോ...അയ്യോ...അയ്യോ...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഐ.ആർ.കൃഷ്‌ണൻ, മേത്തല

കാലവർഷം ധാരാളിത്തത്തോടെ സമ്മാനിച്ച ഒഴുക്കിന്റെ കുതിപ്പ്‌ കഴിഞ്ഞ മുല്ലയാർ തീരം. വഴികാട്ടിയായ ആദിവാസി, കേശവന്റെ കൂടെ നടക്കുകയാണ്‌ ഗിൽബർട്ടും നകുലും മണിയുമുൾപ്പെട്ട അധ്യാപകരുടെ സംഘം. ഗിൽബർട്ട്‌ അന്വേഷണ കുതുകിയാണ്‌. കാട്ടിലെ ഓരോ മരവും പക്ഷികളും മൃഗങ്ങളും അയാളുടെ നിരീക്ഷണത്തിന്‌ വിഷയമായിരുന്നു.

നടന്ന്‌ അധികം വൃക്ഷങ്ങളില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോൾ അയ്യോ...അയ്യോ...എന്ന ഒരു പെണ്ണിന്റെ ദീനരോദനം. ആരേയോ കടുവ പിടിച്ചു. ഓടിവായോ....കേശവനൊപ്പം അധ്യാപകരും കരച്ചിൽ കെട്ട സ്ഥലത്തേക്കോടി. പക്ഷേ, എങ്ങും ആരെയും കാണുന്നില്ലല്ലോ. അവിടെയെല്ലാം അവർ സൂക്ഷ്‌മമായി പരിശോധിക്കാൻ തുടങ്ങി. അപ്പോൾ കേശവൻ വിളിച്ചുപറഞ്ഞു. ‘ഇതാ ഒരു കടുവയുടെ കാലടിപ്പാടുകൾ!’ എല്ലാവരും അടുത്തെത്തിയപ്പോൾ കേശവൻ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. ഇല്ല ഇത്‌ ഇന്നത്തേതല്ല. കാറ്റുവീശി മണൽപ്പൊടി വീണ്‌ ഈ പാടുകൾ മായാൻ തുടങ്ങിയിരിക്കുന്നു. അപ്പോൾ നമ്മൾ കേട്ട കരച്ചിലിന്റെ ഉടമസ്ഥയെവിടെ? ഗിൽബർട്ടിന്റേതാണ്‌ ചോദ്യം. ഉത്തരമില്ലാതെ അവിടമാകെ മൗനം കട്ടപിടിച്ചപ്പോൾ കേശവൻ വിറച്ചുതുടങ്ങി. നമുക്കിപ്പോൾ രക്ഷപ്പെടണം. ഇവിടെ പ്രേതമുണ്ട്‌. കേശവൻ തിരിഞ്ഞുനടക്കാൻ തുടങ്ങി. സന്ദർശകർ എത്ര ധൈര്യം പകരാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. നിരാശയോടെ തിരിച്ചുവന്നു വിശ്രമിക്കുമ്പോൾ അയാൾ ഒരു പഴയ കഥ പറഞ്ഞു.

പണ്ടാണ്‌. ഞങ്ങളാദിവാസിക്കൂട്ടത്തിൽ നല്ല തന്റേടിയും സുന്ദരിയുമായ ഒരു പെണ്ണുണ്ടായിരുന്നു. കാട്ടിൽ ഒറ്റക്കുപോയി വിറകുശേഖരിക്കാനും കമ്പോളത്തിൽ പോകാനും അവൾക്ക്‌ മടിയില്ലായിരുന്നു. ഉപകാരിയായിരുന്ന അവളെ എല്ലാവർക്കും ഇഷ്ടമായിരുന്നു. പക്ഷെ, കേശവൻ ഒരു നിശ്വാസത്തോടെ തുടർന്നു. ‘നല്ലവർക്ക്‌ ദൈവം ആയുസു കൊടുക്കില്ലല്ലോ. ഒരുദിവസം കാട്ടിലേയ്‌ക്കു പോയ അവൾ മടങ്ങിയെത്തിയില്ല. സാധാരണ പോകാറുള്ള വഴിയേ അന്വേഷിച്ച്‌ ചെന്നവർക്കു കാണാൻ കഴിഞ്ഞത്‌ ചോരപ്പാടുകളും കടുവയുടെ കാൽപ്പാടുകളുമാണ്‌. തിരിച്ചുകിട്ടിയതാകട്ടെ അവൾ ധരിച്ചിരുന്ന വസ്‌ത്രഭാഗങ്ങൾ മാത്രം. അരിയെത്താതെ മരിച്ചുപോയ അവളുടെ പ്രേതം ഈ കാട്ടിൽ അലയുന്നുണ്ട്‌. അവളുടെ കരച്ചിലാണ്‌ നമ്മൾ കേട്ടത്‌’. കേശവന്‌ അതുറപ്പായിരുന്നു.

അധ്യാപകസംഘത്തിന്‌, പ്രത്യേകിച്ച്‌ ഗിൽബർട്ടിന്‌ ഈ കഥയിൽ ഒട്ടുംതന്നെ വിശ്വാസം തോന്നിയില്ല. എന്നിരുന്നാലും തക്കതായ കാരണം കണ്ടെത്താനാകാതെ അവർക്കു മടങ്ങേണ്ടിവന്നു. ഗിൽബർട്ടിന്റെ മനസിൽ ഈ സംഭവം മായാതെ കിടന്നു. എങ്ങനെയും ഇതിലെ സത്യം കണ്ടെത്തണം. അതിനായി കുറെ നാളുകളെങ്കിലും താമസിക്കേണ്ടിവരും. ഗിൽബർട്ട്‌ തയ്യാറെടുപ്പു തുടങ്ങി. ആദ്യത്തെയും രണ്ടാമത്തെയും വർഷം കടന്നുപോയി. മൂന്നാം വർഷമാണ്‌ ഗിൽബർട്ടിന്‌ മുല്ലയാർ തീരത്തേയ്‌ക്ക്‌ പോകാൻ കഴിഞ്ഞത്‌. മുമ്പു താമസിച്ചിരുന്ന സ്ഥലത്തു തന്നെ മുറിയെടുത്തു. കേശവനെ കണ്ടെത്തിയെങ്കിൽ എളുപ്പമായിരുന്നു. ആദിവാസിയാണന്നറിയാം. എന്നാൽ താമസസ്ഥലമറിയില്ലല്ലോ. ഗിൽബർട്ട്‌ പല സ്ഥലങ്ങളും സന്ദർശിച്ചു. എങ്കിലും വരവിന്റെ പ്രധാന ലക്ഷ്യം മാത്രം നിറവേറിയില്ല. രാത്രി മുറിയിലെ ഏകാന്തതയിൽ അയാളോർത്തു. ഇവിടെ വന്നിട്ട്‌ ഒരുമാസം കഴിഞ്ഞിരിക്കുന്നു. സ്‌കൂൾ തുറക്കുന്നതിനു മുമ്പു തിരിച്ചെത്തി ഒരുപാട്‌ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്‌. അയാൾക്കു വേവലാതിയായി. ഒരു ദിവസം നേരത്തെ നടക്കാനിറങ്ങിയ ഗിൽബർട്ട്‌ കുറെ ചെന്നപ്പോൾ അതാ കേശവൻ മുന്നിൽ.

‘കേശവാ....’ ആ വിളി കേശവന്‌ നല്ല ഓർമ്മയുണ്ട്‌. കുശലങ്ങൾക്കുശേഷം ഗിൽബർട്ട്‌ ചോദിച്ചു. ‘കടുവ പിടിച്ച സ്‌ത്രീയുടെ കരച്ചിൽ ഇപ്പോഴും കേൾക്കാറുണ്ടോ’?

‘ഉവ്വ്‌ സാർ, ഇപ്പോൾ കൂടി ഞാൻ ആ ശബ്ദം കേട്ട്‌ പേടിച്ചുപോയി’. ‘അപ്പോളിവിടെ അടുത്താണല്ലോ ആ സ്ഥലം. കേശവന്‌ അപകടം കൂടാതെ ഞാൻ നോക്കിക്കൊള്ളാം. ആ സ്ഥലത്തേയ്‌ക്ക്‌ എന്റെ കൂടെ പോരാമോ’?

‘പോരാം സാർ. സാർ വിളിച്ചാൽ എവിടെ വേണമെങ്കിലും വരാം. കേശവന്‌ ഗിൽബർട്ടിനെ അത്ര വിശ്വാസമായിരുന്നു. അന്ന്‌ കരച്ചിൽ കേട്ട സ്ഥലം പരിശോധിച്ച്‌ ഒറ്റയ്‌ക്ക്‌ കാട്ടിൽ കടന്നയാളാണ്‌ പറയുന്നത്‌ - പോരാഞ്ഞിട്ട്‌ പിരിയുമ്പോൾ നല്ല ടിപ്പും കേശവന്‌ കൊടുത്തിരുന്നു ഗിൽബർട്ട്‌. അൽപം മുൻപ്‌ കേശവൻ കരച്ചിൽ കേട്ട സ്ഥലത്തേയ്‌ക്ക്‌ അവരെത്തി. കുറെയേറെ നേരം കാത്തിരുന്നിട്ടും ഒരു ജീവിപോലും കണ്ണിൽപ്പെട്ടില്ല. അവർ കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു. നേരം ഏതാണ്ട്‌ ഉച്ചയോടടുത്തു. ’നമുക്കു പോയാലോ? വിശന്നിട്ടുവയ്യ‘ ഗിൽബർട്ടാണത്‌ ചോദിച്ചത്‌.

’വരട്ടെ സാർ, എങ്ങനെയെങ്കിലും വൈകുന്നേരം വരെ ഇവിടെ കഴിച്ചുകൂട്ടാം. കരച്ചിൽ കേൾക്കാതിരിക്കില്ല. കേശവൻ നല്ല ധൈര്യവും ക്ഷമയുമുള്ളതുപോലെ പറഞ്ഞു. വീണ്ടും നിശബ്ദത.

‘അയ്യോ....അയ്യോ...’പെട്ടെന്നാണ്‌ അതു കേട്ടത്‌. അന്നുകേട്ട അതേ ദീനരോദനം തന്നെ. ഗിൽബർട്ട്‌ ഓർത്തു. പക്ഷെ, ശബ്ദം കേട്ട ഭാഗത്ത്‌ ഒരു മൃഗംപോലുമില്ലായിരുന്നു.

‘അയ്യോ...അയ്യോ..’ അതാ വീണ്ടും കരച്ചിൽ കേൾക്കുന്നു. ഇത്തവണ ശബ്ദം കേട്ടത്‌ മുകളിൽ നിന്നാണെന്നു മനസ്സിലായി. അതാ, ആ മരത്തിന്റെ മുകളിൽ നിന്നാണ്‌ കേട്ടത്‌. കേശവൻ പറഞ്ഞതിനോട്‌ ഗിൽബർട്ടും യോജിച്ചു. അവർ മരച്ചോട്ടിലെത്തി. പതുങ്ങിനിന്ന്‌ മുകളിലേയ്‌ക്ക്‌ നോക്കി.

‘അയ്യോ...അയ്യോ...അയ്യോ...’ ഇപ്പോൾ മനസിലായി ദീനദീനം കരയുന്ന ഈ പെണ്ണ്‌ ഒരു പക്ഷിയാണ്‌. ‘ഇതെന്തുപക്ഷിയാണ്‌? ഗിൽബർട്ട്‌ ചോദിച്ചു.

’മീൻപരുന്ത്‌‘ കേശവൻ മറുപടിപറഞ്ഞു. പരദേവതകളേ, ഈ കൊച്ചു പക്ഷിയാണോ ഞങ്ങളെ ഇത്രയും കാലം പേടിപ്പിച്ചത്‌?’

ഐ.ആർ.കൃഷ്‌ണൻ, മേത്തല




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.