പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

സ്വാതന്ത്ര്യത്തിലേക്ക്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഐ.ആർ.കൃഷ്‌ണൻ, മേത്തല

കാഴ്‌ചബംഗ്ലാവിലെ കമ്പിവല കൊണ്ടുളള വിശാലമായ കൂട്‌. ഒരു വലിയ കെട്ടിടം പോലെ വിസ്‌തൃതമാണത്‌. അമ്മപ്പെലിക്കനും കുട്ടിപ്പെലിക്കനും ഒരിടത്ത്‌ സംസാരിച്ചുകൊണ്ടിരുന്നു. മറ്റൊരു ഭാഗത്ത്‌ അച്ഛൻ പെലിക്കൻ ആകാശത്തു കണ്ണും നട്ട്‌ അനങ്ങാതിരിക്കുകയാണ്‌.

‘അച്ഛനെന്താണമ്മേ ഇന്ന്‌ കളിക്കാൻ കൂടാത്തത്‌ ? ചോദിച്ചിട്ട്‌ മിണ്ടുന്നുമില്ലാ അച്ഛന്റെ കൂടെ കളിക്കാഞ്ഞിട്ട്‌ ഒരു രസവുമില്ലമ്മേ’.

‘അച്ഛൻ അങ്ങനെയാണു കൂട്ടീ. ചിലപ്പോൾ വിഷാദത്തിലമർന്നുപോകും. സ്വയം ഉണർന്നു വരുന്നതുവരെ കാത്തിരിക്കാനേ നമുക്കാവൂ’

‘അമ്മയ്‌ക്കറിയാമോ കാര്യമെന്താണെന്ന്‌?’

‘നഷ്ടപ്പെട്ടുപോയ കാലത്തെയോർത്തുളള സങ്കടമാണ്‌ അച്ഛന്‌ നമ്മൾക്കാർക്കും അതു തീർക്കാൻ കഴിയില്ല’ ഒരു നെടുവീർപ്പോടെ അമ്മപ്പെലിക്കൻ പറഞ്ഞു.

‘നഷ്ടപ്പെട്ടുപോയ കാലമോ ? എന്താണ്‌ നഷ്ടപ്പെട്ടത്‌? മോൾക്കൊന്നും മനസിലായില്ലല്ലോ. അമ്മ പറയുന്നേയ്‌’ കുട്ടിപ്പെലിക്കന്റെ ക്ഷമനശിച്ചു തുടങ്ങിയിരുന്നു. അറിയാനുളള ആഗ്രഹം അവൾക്ക്‌ അടക്കാൻ കഴിഞ്ഞില്ല.

നഷ്ടത്തെപ്പറ്റി പറഞ്ഞ്‌ മകളെ സങ്കടപ്പെടുത്തരുതെന്ന്‌ അച്ഛൻപ്പെലിക്കനും, അമ്മപ്പെലിക്കനും തീരുമാനിച്ചിരുന്നു. അതുകൊണ്ട്‌ കുട്ടി കേൾക്കേ അത്തരം കാര്യങ്ങൾ പറയാറില്ലായിരുന്നു. പക്ഷേ ഇപ്പോൾ പറയാതെ വയ്യ.

‘ഇഷ്‌ടംപോലെ തിന്നാൻ കിട്ടുന്നതുകൊണ്ടു മാത്രമായില്ല കുട്ടീ. നീ വളരുകയാണ്‌. കളിക്കൂട്ടുകാരായി ആരെങ്കിലുമുണ്ടോ നിനക്ക്‌? ഈ കൂടിനു പുറത്തെ ലോകം എങ്ങനെയെന്നു നിനക്കറിയോ? സമുദ്രം കണ്ടിട്ടുണ്ടോ നീയ്‌ ഇല്ലല്ലോ?

’സമുദ്രമോ എന്താണത്‌‘? അമ്മപ്പെലിക്കനും സമുദ്രം കണ്ടിട്ടില്ല. ഓർമ്മ വെച്ചതുമുതലേ അവൾ ഈ കൂട്ടിലാണ്‌. പിന്നെങ്ങനെയാണ്‌ മകൾക്കു വിവരിച്ചുകൊടുക്കുക. എങ്കിലും അവൾ പറഞ്ഞു.

’സമുദ്രം.......ഇഷ്‌ടംപോലെ മുങ്ങാൻകുളി ഇടാനും കൂട്ടുചേർന്ന്‌ മീൻപിടിക്കാനും പറ്റിയ സ്ഥലമാണ്‌‘.

’അപ്പോൾ സമുദ്രം നമ്മുടെ കുളത്തേക്കാൾ വളരെ വലുതായിരിക്കും അല്ലേ അമ്മേ?

‘സമുദ്രത്തിന്റെ വലിപ്പം കുട്ടിയെ എങ്ങനെയാണ്‌ മനസിലാക്കുക’ അൽപനേരത്തെ ആലോചനയ്‌ക്കുശേഷം അമ്മപ്പെലിക്കൻ പറഞ്ഞു ‘ഒരു കരയിൽ നിന്ന്‌ ഒരു പകൽ മുഴുവൻ പറന്നാലേ മറ്റേ കരയിലെത്തൂ. അത്രേം വലുതാണത്‌’

‘ഇത്ര വലിയ സമുദ്രത്തിൽ നിന്ന്‌ മീൻ പിടിക്കുന്നതെങ്ങിനെ? ആരെങ്കിലും കൂട്ടിനു വർവോ?

’കൂട്ടിനു വർവോന്നോ? എല്ലാരും കൂടിയല്ലേ പറക്കണേ. മീനുകൾ പറ്റമായി ജീവിക്കുന്ന സ്ഥലം ആകാശത്തു വച്ചുതന്നെ കാണാം. പിന്നെ എല്ലാവരും കൂടി വെളളത്തിലേക്കൊരു കുതിപ്പാണ്‌. അൽപം കഴിഞ്ഞു പൊങ്ങിവരുമ്പോൾ കൊക്കിൽ രണ്ടും മൂന്നും മീനുണ്ടാകും. അന്നത്തെ ഭക്ഷണം കുശാൽ.‘

’പിന്നെ എല്ലാവരും ചേർന്ന്‌ കഥ പറയും അല്ലേ അമ്മേ?‘

’പിന്നെ കാണാത്ത സ്ഥലങ്ങളിലേയ്‌ക്ക്‌ യാത്രയാണ്‌. പല നാടുകൾ, പല കാടുകൾ, മലകൾ, കെട്ടിടങ്ങൾ, നദികൾ, പുഴകൾ, കൃഷിസ്ഥലങ്ങൾ, പലതരം ജീവികൾ.........ഹൗ! എന്തൊരാനന്ദമായിരുന്നു അവർക്ക്‌. പെലിക്കൻപക്ഷികൾ ഇങ്ങനെ ജീവിക്കാൻ തുടങ്ങിയിട്ട്‌ മൂന്നുകോടി കൊല്ലമായത്രേ! ഓർത്തപ്പോൾ അമ്മപ്പെലിക്കന്‌ സഹിക്കാനായില്ല. നൊമ്പരപ്പെടുത്തുന്ന ചിന്തയിൽ അവളും മുഴുകിപ്പോയി.

അമ്മയും ദുഃഖിതയായപ്പോൾ കുട്ടിപ്പെലിക്കന്‌ വിഷമമായി. അച്ഛൻ പെലിക്കൻ ഉരുവിടാറുളള വരികൾ അവളുടെ ഓർമ്മയിലെത്തി‘.

’സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികൾക്കു

മൃതിയേക്കാൾ ഭയാനകം‘!

അപ്പോൾ അച്ഛന്റെ മനസ്‌ അവൾക്കറിയാൻ കഴിഞ്ഞു. പക്ഷേ ആശ്വസിപ്പിക്കാനെന്താണൊരു വഴി? ഉത്തരം കാണാനാവാതെ അവളും വിഷമിച്ചിരിപ്പായി.

അച്ഛൻ പെലിക്കന്റെ ചിറകടിയൊച്ച കേട്ടാണ്‌ അമ്മപ്പെലിക്കനും മകളും ചിന്തയിൽ നിന്നുണർന്നത്‌.

’എന്താണ്‌ ഒരു സന്തോഷമുണ്ടല്ലോ?‘

’അതെ നല്ല സന്തോഷമുണ്ട്‌. ഭാര്യയുടെ ചോദ്യത്തിനുത്തരമായി അവൻ പറഞ്ഞ. ‘ഏതാനും നിമിഷങ്ങൾക്കകം നിന്റെ ജീവിതാഭിലാഷം നിറവേറാൻ പോവുകയാണ്‌’ വികാരവായ്‌പോടെ അവൻ പറഞ്ഞു.

‘അവിടെ....അവിടെ.....കമ്പികൾ...തുരുമ്പെടുത്ത്‌ ദ്രവിച്ചു നിൽക്കുന്നു.....ഞാൻ.....ഞാൻ......ആഞ്ഞൊന്നു കടിച്ചു വലിച്ചു. രണ്ടെണ്ണം ഒടിഞ്ഞുപോന്നു. നമുക്ക്‌ ഞെരുങ്ങി കടക്കാം. നീ ആദ്യം പറക്ക്‌, പിന്നാലെ മോളും പറന്നോളൂ. അച്ഛൻ പിന്നിലുണ്ട്‌......’

അൽപസമയത്തിനുളളിൽ പെലിക്കൻ കുടുംബം ആകാശത്തിൽ വട്ടമിടുന്നത്‌ സന്ദർശകർ കണ്ടു.


ഐ.ആർ.കൃഷ്‌ണൻ, മേത്തല




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.