പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

മോൺട്രീലിന്റെ വിധവ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌

ലോക ക്ലാസിക്കുകൾ

രാജ്യഭരണത്തിന്‌ എത്തിയ മേയർ ക്രൂരനും ദുഷ്‌ചിന്താഗതിക്കാരനുമായിരുന്നു. അയാളുടെ ഒറ്റുകാരനും കൂട്ടിക്കൊടുപ്പുകാരനുമായി അവതരിക്കുകയായിരുന്നു ജോസ്‌ മോൺട്രീൽ. മേയറിന്റെ ഭരണം പാവപ്പെട്ട ജനതക്ക്‌ കഷ്‌ടപ്പാടും ക്ലേശവുമാണ്‌ സമ്മാനിച്ചത്‌. അയാളുടെ പോലീസ്‌ പാവപ്പെട്ടവരെ അകാരണമായി വെടിവച്ചു വീഴ്‌ത്തിക്കൊണ്ടിരുന്നു. പണക്കാർക്കും രക്ഷയില്ലാത്ത അവസ്ഥ. അവർ ഇരുപത്തിനാലു മണിക്കൂറിനുളളിൽ നഗരം വിട്ടു ദൂരേക്ക്‌ പോയ്‌ക്കൊളളണം. നാട്ടിലെ കൊളളരുതായ്‌കൾക്കൊക്കെ കൂട്ടുനിന്നുകൊണ്ട്‌ ജോസ്‌ മോൺട്രീൽ സമ്പാദിച്ചുകൊണ്ടിരുന്നു ഐശ്വര്യങ്ങൾ. നഗരം വിട്ടോടുന്ന കാശുകാരുടെ ഭൂമികളും കന്നുകാലികളും മറ്റും ജോസ്‌ മോൺട്രീൽ വാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു. അയാളുടെ ഭാര്യക്ക്‌ അതൊന്നും സഹിച്ചില്ല. നിങ്ങൾ എന്തിനിങ്ങനെ ക്രൂരനാകുന്നു എന്ന്‌ ആ സ്‌ത്രീ ചോദിച്ചപ്പോൾ അയാൾ വകവച്ചില്ല. സാധന സാമഗ്രികൾ വാരിക്കൂട്ടാൻ വേണ്ടി പേപിടിച്ച മൃഗത്തെപ്പോലെ അയാൾ ഓടിനടന്നു. തന്റെ ഭർത്താവിന്റെ നാശം അവർ കാണുകയായിരുന്നു. എന്തിനിങ്ങനെ ഇയാൾ വാരിക്കൂട്ടുന്നു?

മെല്ലെ ആ മനുഷ്യൻ നഗരത്തിലെ പണക്കാരനും അധികാരസ്വാധീനവും ഉളളവനായി മാറി. അയാൾക്ക്‌ ഇനിയും വളരണമെന്നായി. തനിക്ക്‌ സ്വന്തമായി ഇപ്പോൾ ഒരു വലിയ സാമ്രാജ്യമുണ്ട്‌. അതിന്റെ വിസ്‌തൃതി അത്യധികം വർദ്ധിപ്പിക്കണം.

പക്ഷെ, അധികനാൾ സമൃദ്ധിയുടെയും സുഖത്തിന്റെയും മധുചഷകങ്ങൾ ആസ്വദിക്കാൻ വിധി അയാളെ അനുവദിച്ചില്ല. ഒരുച്ചനേരത്ത്‌ തന്റെ ബംഗ്ലാവിലെ തൂക്കു കട്ടിലിൽ കിടന്ന്‌ അയാൾ ജീവിതത്തോടു വിടപറഞ്ഞു. ജനം ആ വാർത്ത സന്തോഷത്തോടെ സ്വീകരിച്ചു. അങ്ങനെ ഒരു മാരണം നാടുനീങ്ങിയല്ലോ.

ജോസ്‌ മോൺട്രീലിന്റെ ഭാര്യക്ക്‌ മരണം താങ്ങാനായില്ല. അയാൾ എത്ര ഭയങ്കരനാണെങ്കിലും തന്റെ രക്ഷാകേന്ദ്രമാണല്ലോ. ഇത്ര വലിയ കാശുകാരന്റെ ശവസംസ്‌കാരചടങ്ങ്‌ ഗംഭീരമായിരിക്കണമെന്ന്‌ ആ സ്‌ത്രീ ആഗ്രഹിച്ചു. അതു നടന്നില്ല. അന്യരാജ്യത്ത്‌ ജോലിചെയ്യുന്ന മക്കൾ ആരും തന്നെ ശവസംസ്‌കാരത്തിൽ പങ്കുകൊണ്ടില്ല. തന്റെ നല്ലകാലത്ത്‌ പല സ്വാധീനങ്ങളും തന്ത്രങ്ങളും പ്രയോഗിച്ചാണ്‌ മക്കൾക്ക്‌ വേണ്ടപ്പെട്ട ഉദ്യോഗങ്ങൾ വാങ്ങിക്കൊടുത്തത്‌.

ഓരോന്നോർത്ത്‌ വിധവ ഭർത്താവ്‌ ഉപയോഗിച്ചിരുന്ന തലയിണയിൽ മുഖം ചേർത്തുവച്ച്‌ കണ്ണീരൊഴുക്കി. ജീവിതം ശൂന്യതയിൽ വിലയം പ്രാപിക്കുമ്പോൾ ഏകാന്തത പൊറുതിമുട്ടിത്തുടങ്ങി. ഇനി അങ്ങോട്ട്‌ എന്തിന്‌ ജീവിക്കണം? മോൺട്രിലിന്റെ മരണം പോലെതന്നെ തന്റെ മരണവും അടുത്തെത്തിയിരിക്കുന്നു.

മെല്ലെ, ജീവിതത്തെക്കുറിച്ച്‌ ആ സ്‌ത്രീ ബോധവതിയായി. പുതിയ ഒരു ജീവിതമാർഗ്ഗം കണ്ടെത്തേണ്ടിയിരിക്കുന്നു. അവർ ഭർത്താവിന്റെ വലിയ എസ്‌റ്റേറ്റിലേക്ക്‌ താമസം മാറ്റി. മോൺട്രീലിന്റെ വിശ്വസ്‌തനും കുടുംബ സുഹൃത്തുമായ കാർമിച്ചെൽ ഇടയ്‌ക്കിടക്ക്‌ അവിടെവന്ന്‌ സാന്ത്വനങ്ങൾ നൽകിക്കൊണ്ടിരുന്നു.

തന്റെ മനസ്സമാധാനത്തിനുവേണ്ടി ആ സ്‌ത്രീ ഭർത്താവിന്റെ പടത്തിനുമുന്നിൽ മാല്യങ്ങൾ ചാർത്തി അയാൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ആയിടയ്‌ക്ക്‌ ഒരു ദൗർബല്യം എന്നവണ്ണം വിധവ നഖം കടിച്ചുതുടങ്ങി. ഇടയ്‌ക്കിടക്ക്‌ തെരുവിലേക്ക്‌ നോക്കി ദുഃഖഭാവം കൈക്കൊളളും. ഇന്നലെയുടെ സമൃദ്ധിയും അതോടൊപ്പം ഭർത്താവ്‌ നടത്തിക്കൊണ്ടിരുന്ന പൈശാചികത്വവും ഓർക്കും എന്തോ നാശം വരാൻ പോകുകയാണോ എന്നു സന്ദേഹിക്കും.

ജോസ്‌ മോൺട്രീലിന്റെ ദയാരാഹിത്യത്തിൽ നിന്ന്‌ മോചനമാർജ്ജിച്ച നഗരം പുതിയ ശക്തി പ്രാപിച്ചു. പക്ഷെ എസ്‌റ്റേറ്റിലുളള അവരുടെ വ്യാപാരങ്ങൾക്ക്‌ കോട്ടം തുടങ്ങി.

കാലവർഷം തുടങ്ങിയതോടെ വിധവയുടെ താമസസ്ഥലം ശൂന്യമായി.

അന്യദേശത്തെ മക്കൾക്ക്‌ എഴുത്തുകൾ എഴുതി അവർ ഏകാന്തതയെ തുടച്ചുനീക്കിക്കൊണ്ടിരുന്നു. എന്നാൽ മക്കൾക്ക്‌ ആ സ്‌ത്രീയോട്‌ അത്രയ്‌ക്ക്‌ സ്‌നേഹമുണ്ടായില്ല. ആ സ്‌ത്രീയുടെ പെരുമാറ്റങ്ങളിലെ വികലത കാർമിച്ചിലിനെ അസ്വസ്ഥനായിക്കൊണ്ടിരുന്നു. ആ സ്‌ത്രീ സ്വയം നശിക്കുകയാണെന്ന്‌ അയാൾ കരുതി. അവർ തമ്മിലുളള സംഭാഷണങ്ങളിലെ വൈരുധ്യത്തിന്റെ ഒടുവിൽ ആ സ്‌ത്രീ അയാളെ ആട്ടിയോടിച്ചു.

മക്കൾ നാട്ടിലേക്ക്‌ തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല എന്ന്‌ ഒരെഴുത്തിന്‌ മറുപടി കിട്ടി. നിരാശയും ഏകാന്തതയും സമ്മിശ്രമായി. ജീവിതമേൽപ്പിക്കുന്ന ഈ സന്ദേഹങ്ങളും ആഘാതങ്ങളും ചെയ്‌തുപോയ പാപത്തിന്റെ ഫലമാണെന്ന്‌ അവർക്ക്‌ വിശ്വസിക്കേണ്ടിവന്നു.

ഒരു രാത്രി അവർ തന്റെ കിടപ്പുമുറിയിലേക്ക്‌ നടന്നു. ജപമാല കയ്യിലേന്തി. സ്വർഗ്ഗസ്ഥനായ പിതാവിനോട്‌ നെഞ്ചുരുകി പ്രാർത്ഥിക്കാൻ തുടങ്ങി. അതാ എങ്ങോ ഇടിവെട്ടുന്നു. എന്തോ പ്രകാശം പരക്കുന്നു. അവർ വെളുത്ത വസ്‌ത്രം ധരിച്ചു. മരണത്തിന്റെ മണം ആസ്വദിച്ചുകൊണ്ട്‌ അവർ കട്ടിലിലേക്ക്‌ ചാഞ്ഞു.

ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.