പുഴ.കോം > സായഹ്നകൈരളി > കഥ > കൃതി

വിസ്മയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.വി.ബാബു

രാത്രി!

വിജനമായ ഹൈവേയുടെ നാലും കൂടിയ ആ ചെറിയ കവലയിൽ ആളനക്കമില്ല! തെരുവ്‌വിളക്കുപോലും പ്രകാശിച്ചിട്ടില്ല. എങ്കിലും അരണ്ട നിലാവെളിച്ചം അവിടമാകെ പരന്നുകിടന്നു. പാതയോരത്തുള്ള ഒരു മൈൽക്കുറ്റിയിൽ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്‌ ആ പെണ്ണ്‌... കാഴ്‌ചയ്‌ക്ക്‌ സുന്ദരിയായ അവൾക്ക്‌ കഷ്ടിച്ച്‌ ഇരുപത്തിയഞ്ച്‌ വയസുണ്ടാകും. സാരിയും ബ്ലൗസുമാണ്‌ അണിഞ്ഞിരിക്കുന്നത്‌. മുഖത്ത്‌ പൗഡർ പൂശിയിട്ടുണ്ട്‌. കണ്ണുകളിൽ മഷി എഴുതിയിട്ടുണ്ട്‌. നീണ്ട തലമുടി രണ്ടായി പകുത്തു പിന്നലിട്ടിരിക്കുന്നു. കഴുത്തിലും മാറിലും ഇമിറ്റേഷൻ ആഭരണങ്ങൾ മിന്നുന്നു. ദൂരെ നിന്നും ഏതോ ഒരു വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകൾ അടുത്തുവന്നു. അവൾ പെട്ടെന്ന്‌ എഴുന്നേറ്റു. തോളിൽ നിന്നും ഊർന്നുവീണ സാരിത്തലപ്പ്‌ അലക്ഷ്യമായി പിടിച്ചിട്ട്‌ ഇടതു​‍െകൈ വാഹനത്തിനു നേരെ ഉയർത്തിക്കാട്ടി.

അതൊരു ലോറിയായിരുന്നു. വേഗം കുറച്ചശേഷം അവൾക്കരികിൽ നിർത്താതെ അത്‌ കടന്നുപോയി. ഡ്രൈവർ സമീപത്തിരുന്നവനോട്‌ എന്തോ പറഞ്ഞ്‌ ചിരിച്ച ശബ്ദം കേട്ടു. അവൾക്ക്‌ ദേഷ്യം തോന്നി. പാഞ്ഞുപോയ ലോറിയെ നോക്കി അവൾ അസ്പഷ്ടമായ സ്വരത്തിൽ എന്തോ പുലമ്പി. അൽപനിമിഷങ്ങളുടെ ഇടവേള. വീണ്ടും അവിടമാകെ നിശബ്ദത പരന്നു. അവൾ തിരികെ പഴയസ്ഥാനത്തു വന്നു ഇരിപ്പുറപ്പിച്ചു. മനസിൽ ഓരോരോ ചിന്തകൾ ഉയർന്നു.

‘ലില്ലി നോക്ക്‌, നിന്റെ ജീവിതം എങ്ങനെയായിത്തിർന്നെന്ന്‌. വെറുമൊരു നിശാചരിണി. ആ നിലയ്‌ക്ക്‌ നീ അധഃപതിച്ചിരിക്കുന്നു. ആരെ കുറ്റപ്പെടുത്തും? ആത്മഹത്യ ചെയ്ത ഭർത്താവിനെയോ? കാർഷികകടം ഏറിയപ്പോൾ പിടിച്ചുനിൽക്കാൻ നിവൃത്തിയില്ലാതെ അദ്ദേഹം മരണത്തിന്റെ വഴിയിലൂടെ മോചനം പ്രാപിച്ചു. എല്ലാം അവിടെ അവസാനിച്ചുവെന്നു കരുതിയെങ്കിലും തെറ്റി. കഷ്ടം, ഇത്രയേറെ അനുഭവിക്കാൻ മാത്രം നീ എന്തു തെറ്റാണ്‌ ചെയ്തത്‌? മുജ്ജന്മത്തിൽ നീ ചെയ്ത പാപം കൊണ്ടായിരിക്കുമോ? അതോ ദൈവഹിതം ഇതാണോ? എങ്കിൽ ദൈവത്തിന്റെ ഒരു തമാശ ആയിരിക്കുമോ ഇതെല്ലാം?’ അവൾ ദീർഘമായി നിശ്വസിച്ചു.

ദൂരെനിന്നും ഒരാൾ നടന്നുവരുന്നത്‌ ലില്ലി ശ്രദ്ധിച്ചു. പെട്ടെന്ന്‌ അവളുടെ ഉള്ളിൽ ഒരു ഭീതിയുയർന്നു. അർധരാത്രിയിൽ നിർഭയനായി നടന്നുവരുന്ന അവൻ ആരായിരിക്കും? ചാർലിയോ? അവനായിരിക്കുമോ? കുറച്ചുനാളുകളായി സിറ്റിയിലും പരിസരത്തും ചാർളി എന്ന ഭീകരനെപ്പറ്റി പറഞ്ഞുകേൾക്കുന്ന ഓരോദിവസവും ഓരോ കഥകളാണ്‌. രക്തം ഉറഞ്ഞ്‌ കട്ടിയാകുന്ന സംഭവങ്ങൾ. കൂട്ടുകാരി ജെസി ഒരു ദിവസം പറഞ്ഞു.

‘ലില്ലീ, രാത്രി അൽപം ശ്രദ്ധിക്കണം. ചാർലി എന്നൊരുത്തൻ നമ്മളെ പോലുള്ളവരെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയാ. കഴിഞ്ഞയാഴ്‌ച ഇളമക്കരയിൽ ഒരു പെണ്ണിനെ കത്തിക്കൊണ്ട്‌ കുത്തിക്കൊന്നു. ഭീകരനാണ്‌ അവനെന്നാ പറയണേ, രാത്രിയിൽ അപരിചിതരരോടൊപ്പം പോകുമ്പോൾ സൂക്ഷിക്കണം’.

‘അവനായിരിക്കുമോ? അവനാണോ വരുന്നത്‌? ലില്ലി തിടുക്കപ്പെട്ട്‌ എഴുന്നേറ്റു. അവൻ അവളെ ലക്ഷ്യംവച്ചാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. നിലാവെളിച്ചതിൽ അവന്റെ രൂപം ദർശിച്ചു. നല്ല ഉയരമുണ്ട്‌. ദൃഢഗാത്രൻ, പാൻസും ഷർട്ടുമാണ്‌ വേഷം.

ലില്ലി ഓടിത്തുടങ്ങി.

’ഏയ്‌... അവൻ പിന്നിൽ നിന്നും ഗർജിച്ചു. നിൽക്കവിടെ... നിൽക്കാൻ...ഓടരുത്‌ പിടിക്കും‘.

അവൻ തന്നെ ചാർലി!

ലില്ലി വിയർപ്പ്‌ നിറഞ്ഞ മുഖത്തോടെ തിരിഞ്ഞുനോക്കി, അവന്റെ കയ്യിൽ എന്തോ ഒന്ന്‌ മിന്നിത്തിളങ്ങുന്നു. അടിയേറ്റ നായയെപ്പോലെ ഓടാൻ തുടങ്ങി. ഹൈവേയിൽ നിന്നും ഇടത്തോട്ടുള്ള ഇടറോഡിലൂടെ കുറെദൂരം പോകണം ലില്ലിയുടെ വീട്ടിലെത്താൻ. നടുവിൽ വിസ്‌തൃതമായ പാടം, ചെറിയ കുളം, ഒറ്റയടിപ്പാത, ഇതെല്ലാം കടക്കേണ്ടിയിരിക്കുന്നു. വേറെ മാർഗമില്ല, ഓടുക തന്നെ, ഇതുവരെ ലില്ലി അങ്ങനെ ഓടിയിട്ടില്ല. ഓടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല എന്നതാണ്‌ സത്യം.

’എടീ ഓടല്ലേ! നില്ല്‌ മര്യാദയ്‌ക്ക്‌ നിൽക്കാനാ പറഞ്ഞേ!‘ അവന്റെ ശബ്ദം രാത്രിയുടെ നിശബ്ദതയിൽ മുഴങ്ങിക്കേട്ടു. നിശാപക്ഷി ഒരെണ്ണം ചിറകടിച്ചു പറന്നുയർന്നു. എവിടെ നിന്നോ ഒരു കീരിയും വന്നു വട്ടംചാടി. ലില്ലി കാലിടറി വീണുപോയി. പെട്ടെന്നു തന്നെ ചാടിയെണീറ്റു.

’അതാ.. അവൻ വന്നുകഴിഞ്ഞു...ചാർലി. വീണ്ടും ഓടാൻ ആരംഭിച്ചു. വയൽവരമ്പിലൂടെ പാഞ്ഞു.

‘അയ്യോ ഓടിവരണേ, എന്നെ രക്ഷിക്കണേ....’ ഇടയ്‌ക്ക്‌ അലറിവിളിച്ചകൊണ്ടിരുന്നു.

‘മിണ്ടാതെടീ, നിൽക്കാനാ പറഞ്ഞെ, നില്ലെടീ!’ അവന്റെ ശബ്ദം സമീപത്തു കേട്ടു.

ലില്ലിയുടെ ഒരേ ഒരു മകൻ തിരുവനന്തപുരത്ത്‌ അവളുടെ സ്നേഹിതയുടെ വീട്ടിൽ താമസിച്ചുകൊണ്ട്‌ പഠിക്കുകയാണ്‌. അവനുവേണ്ടി അവൾ ജീവിച്ചേ മതിയാകൂ, ഇല്ലെങ്കിൽ അവൻ അനാഥനായിപ്പോകും. പാടില്ല അത്‌. ലില്ലി വാശിയോടെ കാലുകൾ നീട്ടിവച്ച്‌ ഓടി. ലില്ലിക്കും അവനുമിടയിലെ ദൂരം അധികരിച്ചു. ‘ഹാവൂ! രക്ഷപ്പെട്ടു. എങ്കിലും ഓട്ടം നിർത്തിക്കൂടാ. തികച്ചും സുരക്ഷിതമാകും വരെ ഓടണം, അതാ... ദൂരെ ചില വീടുകൾ. ആരുടെയെങ്കിലും വീട്ടുവാതിൽക്കൽ മുട്ടാം.’

പെട്ടെന്ന്‌ എതിരെ കാണപ്പെട്ട ഒരു കാഴ്‌ച ലില്ലിയെ വല്ലാതെ വിസ്മയിപ്പിച്ചുകളഞ്ഞു. മുഴുവൻ ഭയവും എങ്ങോപോയി മറഞ്ഞു. ശരീരമാകെ ആശ്വാസ കുളിർക്കാറ്റ്‌ വീശി. ഒരാൾ സൈക്കിളിൽ ഒറ്റയടിപ്പാതയിലൂടെ വന്നുകൊണ്ടിരുന്നു. പാൽക്കാരനായിരിക്കണം. ലില്ലി ദീർഘനിശ്വാസത്തോടെ നിന്നു.

സാർ... സാർ... എന്നെ രക്ഷിക്കൂ!‘

അവൻ സൈക്കിൾ നിർത്തി. ’ആരാ നിങ്ങൾ? ഈ അസമയത്ത്‌ തനിച്ചെവിടെ പോയിട്ടുവരുന്നു?‘

’സാർ... ചാർലി ഇല്ലേ... ചാർലി? ഒരു കൊലപാതകി....‘

’കൊലപാതകിയോ എന്താ പറയുന്നേ? നിങ്ങളെ കണ്ടിട്ട്‌ എനിക്ക്‌ ചെറിയൊരു സംശയം. സത്യം പറയൂ നിങ്ങൾ...?‘

’അതെ.... അതെ സാർ... സംശയം ശരിയാ എന്നെ ആ കൊലയാളി പിന്തുടർന്നു വരുകയാ. രക്ഷപ്പെട്ട്‌ ഓടിവന്നതാ. എന്റെ തൊട്ടുപിന്നാലെ ഉണ്ട്‌ അവൻ.... ഭയങ്കരനായ കൊലയാളി!

‘ഭയപ്പെടേണ്ട ഏതെങ്കിലും കള്ളനായിരിക്കും. ശരി, ഇപ്പോൾ എന്താ ചെയ്യാൻ പോകുന്നേ?

’എന്റെ വീട്‌ കതൃക്കടവിലാണ്‌. അവിടെ കൊണ്ടുപോയി ഒന്നാക്കാമോ? അതാ... അയ്യോ... ദൈവമേ, അവൻ വരുന്നു. അവൻ തന്നെ!​‍്‌​‍്‌ ലില്ല അലറി. കുറച്ചു ദൂരെ അവന്റെ രൂപം വീണ്ടും പ്രത്യക്ഷമായി.

‘ഏയ്‌’ വിളിയൊച്ച.

‘നിങ്ങൾ സൈക്കിളിൽ കയറൂ’ ലില്ലി പിന്നിലെ കാരിയറിൽ കയറി, സൈക്കിൾ മുന്നോട്ടു നീങ്ങി, പുറകിൽ നിന്നും വിളിയൊച്ച വീണ്ടും ‘ഏയ്‌ നിൽക്കാൻ! പോകല്ലേടി!’

സൈക്കിൾ അകലുന്തോറും ശബ്ദം നേർത്തുവന്നു. ലില്ലി ഭയത്തോടെ തലതിരിച്ചു. അവന്റെ രൂപം ദൂരെ ചെറുതായി ചെറുതായി മറഞ്ഞു.

‘വേഗം പോകൂ. അവൻ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്‌’ സൈക്കിളിന്റെ ചക്രം കുറച്ചുകൂടി ധൃതിയിൽ തിരിഞ്ഞു. ലില്ലി കാണിച്ച വഴികളിലൂടെയെല്ലാം അത്‌ നീങ്ങിക്കൊണ്ടിരുന്നു.

‘അതാ... അതാണ്‌ എന്റെ വീട്‌’.

‘ഇതോ വിജനമായ സ്ഥലത്താണല്ലോ’.

‘എന്റെ തൊഴിലിനും പറ്റിയതും ഇങ്ങനെയുള്ള ഇടമല്ലെ സാർ?’

‘നിങ്ങളുടെ പേരെന്താണെന്നു പറഞ്ഞില്ലല്ലോ?’

‘ലില്ലി’

‘ലില്ലി.... ലില്ലി എന്റെ കയ്യിൽ ഇരുന്നൂറു രൂപയുണ്ട്‌. രാവിലെ വരെ നിന്നോടൊപ്പം കൂടുന്നതുകൊണ്ട്‌ വിരോധമുണ്ടോ?’

‘കാശൊന്നും വേണ്ട. രാവിലെ വരെ തുണയായിരിക്കുമല്ലോ. എനിക്കു ഇന്നത്തോടെ മതിയായി നാളെ മുതൽ ഞാനിവിടം വിടുകയാ!’ അവൻ സൈക്കിൾ വീടിനു മുന്നിൽ നിർത്തി. ലില്ലി ദീർഘനിശ്വാസമുതിർത്തു. സൈക്കിൾ ചുവരോട്‌ ചേർത്തുവച്ചു. ലില്ലിയുടെ മിഴികൾ ദൂരെക്ക്‌ തിരിഞ്ഞു. ആരെയും കാണുന്നില്ല. ഇരുട്ട്‌... ഇരുട്ട്‌ മാത്രം.

ലില്ലി വീടിന്റെ കതക്‌ തുറന്നു. രണ്ടു മുറിയും ഒരു അടുക്കളയും മാത്രം നിറഞ്ഞ കൊച്ചുവീടായിരുന്നു അത്‌. അവൾ ലൈറ്റ്‌ സ്വിച്ചിൽ വിരലമർത്തി. ബൾബ്‌ പ്രകാശിച്ചു.

‘ലില്ലി എന്തിനാ ഈ തൊഴിൽ ചെയ്യുന്നേ?’

‘വിധിയാണ്‌’

‘എന്തുവിധി? പോകാൻ പറ! എവിടെയെങ്കിലും വീട്ടുജോലിക്കോ മണ്ണു ചുമക്കാനോ പോയ്‌ക്കൂടെ നിനക്ക്‌?’

‘ശ്രമിച്ചു നോക്കിയതാ. എല്ലാവരും എന്നെ കാണുന്നത്‌ മറ്റൊരു ദൃഷ്ടികൊണ്ടാ’.

‘പറയുന്നതുകൊണ്ട്‌ തെറ്റിദ്ധരിക്കരുത്‌ ലില്ലി, നിന്നെപ്പോലുള്ള പെണ്ണുങ്ങളുള്ളതുകൊണ്ടാ ചെറുപ്പക്കാരും വഴിപിഴച്ചുപോകുന്നേ.’

‘തലവിധിയാണ്‌, സാർ ആരാണെന്നു പറഞ്ഞില്ലല്ലോ?’

‘എന്റെ പേര്‌ ബെന്നി. ചക്കരപ്പറമ്പിൽ പലവ്യജ്ഞന കട നടത്തുകയാ, ചെറിയ കടയാ’.

ലില്ലി ബെഡിൽ പുതിയ ഷീറ്റു വിരിച്ചു. തലയിട ശരിപ്പെടുത്തിവെച്ചു. സാരി അഴിച്ചുമാറ്റി, അവളുടെ വടിവൊത്ത മേനിയിൽ നിന്നും അവൻ കണ്ണുപറിക്കാതെ നിന്നു.

‘വരൂ എന്റെ ജീവൻ രക്ഷിച്ച ആളല്ലേ. അതിനു നന്ദികാട്ടണ്ടേ?’

അവൻ അവളെ അണച്ചു. ഇറുകെ പുണർന്നു. അവനു നല്ല കരുത്തുണ്ടായിരുന്നു. നിശ്വാസത്തിന്‌ ഏറെ ചൂടും. അവൾ നിശബ്ദമായി ഏറ്റവാങ്ങി, ജീവനുവേണ്ടി ഓടിയ ആ ഓട്ടം ഓർമ്മയിൽ വന്നു....

അവൻ പെട്ടെന്ന്‌ എഴുന്നേറ്റു. ‘ലില്ലി എന്റെ പേര്‌ ബെന്നി എന്നല്ല ചാർലി!’

ലില്ലി തപ്പിപ്പിടഞ്ഞെണീറ്റു. എന്ത്‌?

‘അതെ ഞാനാണ്‌ ചാർലി, നിന്നെ പിന്തുടർന്നു വന്നത്‌ ഏതോ ഒരുത്തൻ, നീ സ്വയം വന്നു എന്റെ വലയിൽ വീണു. വാടി പിഴച്ചവളെ! നിന്നെപ്പോലുള്ള പെണ്ണുങ്ങളെ വെറുതെ വിടാമോ? ഞാൻ കൊലയാളി ആയതിനു കാരണം നീയല്ലേ?’

‘അയ്യോ...ഞാനല്ല...ഞാനല്ല’.

അവളുടെ കഴുത്തിൽപിടിച്ച്‌ ബെഡിൽ കിടത്തി. ‘നീ അല്ലെടി, നിന്നെപ്പോലുള്ള മറ്റൊരു പെണ്ണ്‌. അടങ്ങിക്കിടക്കവിടെ. ഇതാ നിന്റെ കഴുത്താണ്‌ എനിക്ക്‌ ഏറെ ഇഷ്ടം. ഇത്‌ ഇങ്ങനെ....ഇങ്ങനെ... മുറുക്കി നീ തന്നെ വന്നു വലയിൽ വീണല്ലോ....ഇതാണെടീ വിധി’.

‘അയ്യോ’ അവന്റെ കൈകൾ ലില്ലിയുടെ കഴുത്തുമുറുക്കി.

‘വേ...വേണ്ട....വി...ട്‌.... അമ്മേ’

‘പിടയ്‌... പിടഞ്ഞ്‌ പിടഞ്ഞ്‌ ചാക്‌ ലില്ലീ!’

വാതിലിൽ ധൃതിപ്പെട്ട്‌ തട്ടുന്ന ശബ്ദം. ചാർലി തലയുയർത്തി, കൈകൾ അയഞ്ഞു. കിട്ടിയ സന്ദർഭം ലില്ലി വേണ്ടവിധം പ്രയോജനപ്പെടുത്തി. അയ്യോ രക്ഷിക്കണേ.... അലറി വിളിച്ചു.

കതകിലെ മുട്ട്‌ ശക്തമായി. രക്ഷപ്പെടാനുള്ള വെമ്പലിൽ ലില്ലി സർവശക്തിയുമെടുത്ത്‌ അവനെ ആഞ്ഞുതള്ളി. അവൻ അടിപതറി വീണു.

‘ഇല്ല നിന്നെ രക്ഷപ്പെടാൻ അനുവദിക്കില്ല’

വെളിയിൽ നിന്നും ആരോ കതകിൽ തട്ടിക്കൊണ്ടിരുന്നു. ചാർലി അരയിൽ നിന്നും കത്തി എടുത്തു. ശബ്ദമുയർത്തി. ‘ആരെടാ പുറത്ത്‌ ധൈര്യമുണ്ടെങ്കിൽ അകത്തുവാടാ. നിനക്കിന്ന്‌ നരകത്തിൽ പോകാം!. വാതിൽപ്പാളി ശബ്ദത്തോടെ തകർന്ന്‌ മറിഞ്ഞുവീണു. ഒപ്പം പുലിയെപ്പോലെ അകത്തേയ്‌ക്ക്‌ പാഞ്ഞുവന്നു അവൻ.

അവൻ... ലില്ലിയെ പിന്തുടർന്നു വന്നവൻ. ഇരുവരും ഏറ്റുമുട്ടി. ചാർലിയുടെ ശക്തിക്ക്‌ അവനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വീശിയ കത്തിയിൽ നിന്നും പലവട്ടം സാമർത്ഥ്യത്തോടെ ഒഴിഞ്ഞുമാറി. ചാർലിക്ക്‌ നേരെയുള്ള അവന്റെ മുറപ്രയോഗം അടിതടയിൽ തികഞ്ഞ അഭ്യാസിയാണെന്ന്‌ ബോധ്യപ്പെടുത്തി. ഏറെ നീണ്ടില്ല, ആ യുദ്ധം.

ചാർലി ചുരുണ്ടുകൂടി നിലത്തു കിടന്നു. അവൻ ലില്ലിയെ നോക്കി.

’എന്താടി രാത്രി തനിയെ കറങ്ങിത്തിരിയുന്നത്‌ എന്നു ചോദിക്കാൻ വന്നതാ.. പേടിച്ച്‌ ഓടിക്കളഞ്ഞു നീ... സെൻട്രൽ സ്‌റ്റേഷനിലെ സി.ഐ. ആണ്‌ ഞാൻ. കയറിന്റെ എന്തെങ്കിലും ഉണ്ടെങ്കിൽ താ. ഇത്ര എളുപ്പം ഇവൻ വലയിൽപ്പെടുമെന്നു കരുതിയില്ല, സൈക്കിൾ വച്ചാണ്‌ വീട്‌ അടയാളം കണ്ടുപിടിച്ചത്‌. ഇവനെ പിടികൂടാൻ സഹായിച്ചതിൽ പാതി ക്രെഡിറ്റ്‌ നിനക്ക്‌ അവകാശപ്പെട്ടതാ...!‘

കയർ ഉപയോഗിച്ച്‌ കെട്ടാൻ ആരംഭിച്ച സർക്കിൾ ഇൻസ്‌പെക്ടറുടെ കയ്യിൽ കിടന്ന്‌ മിന്നിത്തിളങ്ങി സ്വർണച്ചെയിനോടു കൂടിയ വാച്ച്‌.

എം.വി.ബാബു




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.