പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

പോംപി നഗരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എസ്‌.ദിലീപ്‌

കവിത

വെസൂവിയസ്‌ അഗ്നിപർവത താഴ്‌വാരത്തിൽ ഉയിർക്കൊണ്ട പോംപി

പുഷ്‌ക്കലമാം റോമിന്റെ കീഴിൽ തളിരിട്ട ഉൽകൃഷ്‌ട നഗരം

ഹൊറാക്കിൾസിനാൽ നിർമിതമായ മനോഹരമാം നഗരം

ചക്രവർത്തിമാരുടെ സ്വപ്‌ന-മോഹഭംഗമായ്‌ നിലനിന്ന നഗരം

ദുരന്തമുഖങ്ങളെ സ്വപ്‌നങ്ങളിൽപ്പോലും നിനച്ചിടാതെ

സമൃദ്ധിയുടെ നിറങ്ങളിൽ പകർന്നാടിയ മനുജർ

അവരറിഞ്ഞില്ല വെസൂവിയസിന്റെ ഗർഭത്തിൽ തിളച്ചുമറിയുന്ന ലാവ

ഭൂവൽക്കം തകർത്തു ചാടുവാൻ കോപ്പുകൂട്ടുന്നുവെന്ന്‌

ചെറുചലനങ്ങൾ തീർത്ത നഗരത്തിൻ വിളളലവർ

നന്നാക്കിയാലും പഴയപോലെ തകർന്നു പോകുന്നു.

അവരറിഞ്ഞില്ല തങ്ങളെ വേട്ടയാടുന്ന ചലനങ്ങൾ

ജനപഥം തകർക്കും മഹാദുരന്ത-ദുസ്സൂചനകളെന്ന്‌

മുന്തിരിയും ആപ്പിളും ഒലീവും നിറഞ്ഞുപൂത്ത താഴ്‌വരയെ

വിസ്‌മൃതിയുടെ അഗാധതയിലെറിയാൻ വെസൂവിയസ്‌ സംഹാരനൃത്തമാടി

ലാവാ പ്രവാഹത്തിൽ മുങ്ങിയ നാഗരികത, നിലച്ച ജീവചൈതന്യങ്ങൾ

മെഴുകിൽ വാർത്ത പ്രതിമകൾ പോലവെ സകല വസ്‌തുവും മാറി

ചൂടുകാറ്റും തീനാളങ്ങളും തിന്നുതീർത്ത സംസ്‌കൃതിയിൽ

ഭാഗ്യകടാക്ഷത്തിൽ ചുരുക്കം പേർ മാത്രം രക്ഷനേടിയോർ

ഉരുകിയ ശിലയും ചാരമഴയും തിരതല്ലിയ നനവും ചേർത്ത്‌

കാലത്തിന്റെ വെളുത്ത പുസ്‌തകത്തിൽ കറുത്ത വരയായ്‌ മാറിയ പോംപി


കെ.എസ്‌.ദിലീപ്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.