പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

ഒരു കിനാവ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി. ആർ. ദേവയാനി

ഇന്നലെ നിശീഥത്തിലൊരു പൊൻകിനാവിൽ ഞാൻ

കണ്ടു ഭാരതാംബയെ സുസ്മേരവദനയെ

അപ്പദാംബുജങ്ങളിൽ നമിച്ചൊരിപ്പുത്രിയെ

ഉൾപ്പുളകത്തോടൊന്നു വീക്ഷിച്ചു നിന്നാളമ്മ.

ആമുഖമന്ദസ്‌മിതം ദർശിക്കെ, മുറിയിലെ

കൂരിരുളെങ്ങോ പോയി നിറഞ്ഞു സുമഗന്ധം

ഓതിനാളെന്നോടമ്മ നേരമില്ലിനിയൊട്ടും

ഉണരൂ പ്രഭാതത്തിൽ തേരൊലി ശ്രവിക്കുക.

എത്രയോ ദശാബ്‌ദങ്ങൾ ദാസ്യഭാവം പൂണ്ടു ഞാൻ

ഹൃത്തടംനുറുങ്ങുന്നുണ്ടിന്നു മക്കഥയോർത്താൽ

പണ്ടു കശ്യപ പത്നി വിനതയൊഴുക്കിയ

മിഴിനീർ, കദ്രുവിന്റെയമർഷം പരിഹാസം

മിഴിച്ചു നിൽക്കുന്നില്ലേ ഭാരതേതിഹാസത്തിൽ

മാതാവിൽ ദാസ്യം തീർത്ത വൈനതേയചിത്രവും

ഒന്നല്ല ഒരായിരം സൽപുത്രർ യത്നിക്കയാൽ

മോചിതയായി ഒരു സുവർണ്ണദിനത്തിൽ ഞാൻ

ധീരരാം പുത്രൻ ചെയ്‌ത അഹിംസ വ്രതത്തിനാൽ

പാരതന്ത്ര്യത്തിനായി കോട്ടയുരുകിയൊലിച്ചപ്പോൾ

സുസ്‌മിതാനനയായി ആർഷസംസ്‌കാരത്തിന്റെ

ശുദ്ധമാംശംഖധ്വനി പാരെല്ലാം ശ്രവിച്ചപ്പോൾ

കുങ്കുമച്ചോപ്പും വെള്ള പച്ചയുമിടചേർന്ന

പൊൻപതാകതൻ മധ്യേ വിളങ്ങും ചക്രം കാൺകെ

എത്ര ഞാനാഹ്ലാദിച്ചു ധീരരാം പുത്രന്മാരിൽ

അത്രമേലാശീർവാദം ചൊരിഞ്ഞുനിന്നെൻചിത്തം

ഖേദമുണ്ടെനിക്കേറെപ്രിയപുത്രിമാർ ഗംഗ,

യമുന തൊട്ടുള്ളെന്റെ വാഹനിമാർക്കും കഷ്‌ടം!

സന്ദേഹമുണ്ടു ഹ്യത്തിൽ തങ്ങളിൽ മതവർഗ്ഗ-

വർണ്ണവിദ്വേഷങ്ങളിൽ തീരാത്ത പകകളിൽ

മുഴുകിവീണും തച്ചു തകർത്തും മാതാവിനെ മറന്നും

ജലത്തിനായ്‌ മണ്ണിനായ്‌ കലഹിച്ചും

കവർന്നുംകൊന്നുംനാരിവർഗ്ഗത്തെ പീഡിപ്പിച്ചും

മദയാനകൾപോലെ മക്കളിൽ ചിലർ വാഴ്‌കെ

എങ്ങു ശാന്തിമന്ത്രങ്ങൾ സമത്വഭാവമെങ്ങ്‌

സ്വാതന്ത്രാഭപുൽകുന്ന സുന്ദരദിനങ്ങളും?

കരയാൻ പ്രാർഥിക്കുവാൻ നന്മനേരുവാൻ സർവം

മറക്കാനല്ലാതോർത്താൽമറ്റെന്തിനെനിക്കാകും?

മക്കളേ ഉണരുവിൻ വെടിയൂ ഹിംസ നിങ്ങൾ

ചൊരിയൂ സ്‌നേഹഗീതം ഞാനതിലലിയട്ടെ.


പി. ആർ. ദേവയാനി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.