പുഴ.കോം > ഗ്രാമം > കഥ > കൃതി

സ്വർഗ്ഗരാജ്യത്തേയ്‌ക്കുളള വഴികളിൽ ഒന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിക്രമൻ മുഖത്തല

കഥ

ഫാദർ ഇഗ്നേഷ്യസിന്‌ ഏഴാം തവണയും സ്വപ്‌നസ്‌ഖലനമുണ്ടായി. ഇതോടെ അതിനൊരന്ത്യമുണ്ടാകുമെന്ന്‌ അദ്ദേഹം പ്രതീക്ഷിച്ചു. ഉല്‌പത്തിപ്പുസ്‌തകത്തിലെ വേദവചനം അദ്ദേഹം ഓർത്തു.

പക്ഷെ അടുത്ത രാത്രിയിലും അത്‌ ആവർത്തിക്കപ്പെട്ടതോടെ സാത്താന്റെ പ്രലോഭനം വീണ്ടും തന്നെ ആവേശിച്ചിരിക്കുന്നതായി അദ്ദേഹം കണ്ടു. മറ്റെപ്പോഴും എന്നപോലെ മോചന മാർഗ്ഗത്തെപ്പറ്റി അദ്ദേഹം ആലോചിച്ചു.

രാത്രികൾ അച്ചന്റെ സ്വസ്ഥമായിരുന്ന ജീവിതത്തിൽ അശാന്തിയുടെ വെളിപാടുകളുമായി കടന്നുവന്നു. ഉറങ്ങാതെ കിടന്ന ഒരു രാത്രിയുടെ വൈകിയ വേളയിൽ ശയനീയത്തിന്റെ വാതിലിൽ മുട്ടുകേട്ട്‌ അച്ചൻ എഴുന്നേറ്റു. ആരാവാം ഈ രാത്രിയിൽ...! വാതിൽ തുറന്നുനോക്കുമ്പോൾ വരാന്തയിലെ അരണ്ടവെളിച്ചത്തിൽ കറിയായുടെ പരിഭ്രമിച്ച മുഖം. ‘കറിയായേ ഈ രാത്രിയിൽ നീ?’ അച്ചോ ശോശന്നക്കു ബാധ...അച്ചൻ കുടി വരെ ഒന്നുവരണം.‘

അച്ചന്റെ മനസ്സിന്റെ ഉപരിതലത്തിൽ ശോശന്നയുടെ മുഖം തെളിഞ്ഞുയർന്നു. ഇടവകയിലെ സുന്ദരി ശോശന്ന. പ്രാർത്ഥനാവേളയിൽ മുൻനിരയിൽ മാദകഭാവവുമായി തന്നെ നിർന്നിമേഷം നോക്കിയിരിക്കാറുളള നിറഞ്ഞ മാറും മോഹിപ്പിക്കുന്ന കണ്ണുകളുമുളള ശോശന്ന. എത്ര രാത്രികളിൽ അവളെയോർത്ത്‌ സ്വസ്ഥതയില്ലാതെ താൻ കുരിശുംവരച്ച്‌ പ്രാർത്ഥിച്ചിട്ടുളളതും അച്ചൻ ഓർത്തു.

’കറിയായേ നിന്റെ മകളെയും സാത്താന്റെ പ്രലോഭനം പിടികൂടിയിരിക്കുന്നോ?‘ ക്ലേശിക്കാതിരിക്കുക. ഈ രാത്രിയിൽ തന്നെ അവളെ ഇവിടേക്ക്‌ കൂട്ടിവരിക. കറിയായ്‌ക്ക്‌ വാറ്റുചാരായത്തിന്റെ മണമുണ്ടെന്ന്‌ അച്ചൻ അറിഞ്ഞു. കല്‌പനകൾ തെറ്റിച്ച്‌ ജീവിക്കുന്ന കറിയായ്‌ക്ക്‌ തന്റെ മദ്യപാനത്തെക്കുറിച്ച്‌ അറിഞ്ഞിരുന്നിട്ടും അച്ചൻ തന്നെ ശകാരിക്കാതിരുന്നതിൽ കൃതജ്ഞതയുണ്ടായിരുന്നു. അക്കാരണത്താൽ അച്ചനോടയാൾക്ക്‌ പ്രത്യേക മമതയുണ്ടായിരുന്നു.

കറിയാ അണഞ്ഞ ചൂട്ട്‌ കത്തിച്ച്‌ കുടിയിലേയ്‌ക്ക്‌ യാത്രയായി. കുടിയിലെത്തുമ്പോൾ ശോശന്ന തറയിൽ മലർന്നടിച്ചു കിടന്ന്‌ ഒച്ച വയ്‌ക്കുന്നുണ്ടായിരുന്നു. വസ്‌ത്രങ്ങൾ സ്ഥാനം തെറ്റിപ്പോയിരുന്നു. ആരും അവളുടെ അടുത്തേക്ക്‌ പോകാൻ ധൈര്യപ്പെട്ടില്ല.

കറിയാ അവളുടെ കൈകാലുകൾ ബലമായി കെട്ടി തോളിലേറ്റി പുഴക്കരയിലൂടെ ചൂട്ടുമിന്നിച്ച്‌ അച്ചന്റെ ശയനീയത്തിലെത്തി. ഫാദർ ഇഗ്നേഷ്യസ്‌ അവളുടെ കൈകാലുകളിലെ കെട്ടുകളഴിച്ച്‌ തന്റെ കിടക്കയിൽ കിടത്തി.

’കറിയായേ, മൂന്നാംയാമത്തിന്റെ അറുതിയിൽ നിന്റെ മകൾ സാത്താന്റെ പ്രലോഭനത്തെ കൈവിടുന്നതുവരെ നീ എന്റെ വരാന്തയിൽ സ്വസ്ഥമായി ഉറങ്ങുക.‘

’അച്ചോ...‘ കറിയാ വെറും നിലത്ത്‌ ചുമരും ചാരിയിരുന്നു. വാറ്റുചാരായം ഉളളിൽ നുരഞ്ഞുകത്തി തുടങ്ങിയിരുന്നു. കണ്ണുകൾ മയങ്ങി. കറിയാ ഉറങ്ങി.

രാത്രിയുടെ ദിവ്യശാന്തതയിൽ ശോശന്നയുടെ വസ്‌ത്രങ്ങൾ ഓരോന്നായി ഊർന്നു വീണു. കിഴക്ക്‌ ചുവപ്പ്‌ പരന്നപ്പോൾ കറിയാ ഉണർന്നു. അഴിഞ്ഞുപോയ ഷർട്ടും മുണ്ടും തപ്പിയെടുത്ത്‌ അയാൾ എഴുന്നേറ്റു. വാതിൽ അടഞ്ഞുകിടന്നിരുന്നു. ഏറെനേരം കാത്തുനിന്നിട്ടും വാതിൽ തുറക്കാതായപ്പോൾ കറിയാ അരുതാത്തത്‌ ചെയ്യുന്ന ശങ്കയോടെ കതകിൽ മെല്ലെ മുട്ടി.

’അച്ചോ...‘ ഫാദർ ഇഗ്നേഷ്യസ്‌ മയക്കം വിട്ടുണർന്നു. കറിയാ ഉണർന്നിരിക്കണം എന്നദ്ദേഹം ഊഹിച്ചു. അച്ചൻ കതകു തുറന്നു. ’ഈശോമിശിഹായ്‌ക്ക്‌ സ്‌തുതിയായിരിക്കട്ടെ.‘

’എപ്പോഴും എപ്പോഴും സ്‌തുതിയായിരിക്കട്ടെ.‘ ’കറിയാ, നിന്റെ മകൾ കടുത്ത പ്രലോഭനത്തിലായിരുന്നു. സാത്താൻ വിട്ടൊഴിഞ്ഞ അവളെ കുടിയിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടുപോകുക. രണ്ടുദിവസം അവൾ വിശ്രമിക്കട്ടെ.‘

ക്ഷീണിതയായി ആലസ്യത്തിലുറങ്ങുന്ന മകളെ കറിയാ തട്ടിയുണർത്തി.

പ്രഭാതത്തിൽ ആളൊഴിഞ്ഞ കുടിലിൽ തനിയെ ഇരിക്കുമ്പോൾ ശോശന്നയുടെ മനസ്സിലേയ്‌ക്ക്‌ കഴിഞ്ഞ രാത്രിയുടെ ലഹരി ഉണർന്നു. അച്ചൻ തനിക്ക്‌ അപ്പവും വീഞ്ഞും നൽകിയത്‌. പിന്നെ പതുപതുത്ത കിടക്കയുടെ മൃദുലാനുഭൂതിയിലൂടെ ഉൽപ്പത്തികാലത്തോളം തന്നെ കൊണ്ടുപോയത്‌.

ശോശന്നയുടെ ദേഹത്ത്‌ കുളിരുണർന്നു. ഞായറാഴ്‌ചകളിൽ അച്ചൻ പറയാറുളള സ്വർഗ്ഗരാജ്യത്തിലേക്കുളള വഴിയുടെ പൊരുൾ ശോശന്നയ്‌ക്കു മനസ്സിലായി. അവളുടെ ചുണ്ടുകളിൽ ഒരു മൃദുസ്‌മേരം തെളിഞ്ഞു.

(ആദ്യഭാഗം മാത്രം)

വിക്രമൻ മുഖത്തല




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.