പുഴ.കോം > ഗ്രാമം > കത്തുകള്‍ > കൃതി

കത്തുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

കത്തുകൾ

അടുക്കളയുടെ ഇരുണ്ട ഗഹ്വരങ്ങളിൽ നിന്ന്‌ സ്‌ത്രീയെ അരങ്ങിലേക്കു നയിച്ച വി.ടി.ഭട്ടതിരിപ്പാട്‌, എം.ആർ.ബി.പ്രേംജി എന്നീ പുരോഗമനവാദികളെ ആദരപൂർവ്വം സ്‌മരിച്ചു എന്നുപറയുന്നത്‌ അങ്ങയുടെ മുഖക്കുറിപ്പിന്റെ ഉളളടക്കത്തിനുതന്നെ വിരുദ്ധമാണല്ലോ. (ഗ്രാമം മാസിക, 2005 നവംബർ ലക്കം) തന്റെ ചുറ്റുപാടുകളാണ്‌ തന്നെ നയിക്കുന്നതെന്നു പറയുന്നത്‌ ദുർബലചിത്തന്മാരാണ്‌. മതവർഗ്ഗീയത, അസമത്വം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഏതാശയവും ദുഃഖത്തിലേ കലാശിക്കൂ. വിഭാഗീയത പുലർത്തുന്ന ഒരാശയവും സമൂഹത്തിന്‌ ഗുണകരമല്ല.

‘മാതാപിതാഗുരുദൈവം’ എന്ന ആപ്‌തവാക്യത്തിന്റെ അർത്ഥം ആരറിയാൻ? ‘സ്‌ത്രീകളെ പൊതുധാരയിലേക്ക്‌ കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ പിന്നിലെ നിഗൂഢത ഭാവിയിൽ സ്‌ത്രീകളെ എങ്ങനെ ഉപയോഗിക്കാമെന്ന വിവിധോദ്ദേശ്യത്തിന്റെ ഭാഗമാണ്‌.’ (മുഖക്കുറിപ്പ്‌- 2005 നവംബർ ലക്കം) ഈ പ്രസ്താവനയുടെ അർത്ഥം പച്ചമലയാളത്തിൽ പറഞ്ഞാൽ സ്‌ത്രീകൾ ചൂഷിതരാകുന്നു എന്നുമാത്രമാണ്‌.

തന്റെ മൃഗീയ വികാരങ്ങളെ അടിച്ചമർത്താനുളള വിവേകം ഓരോ പുരുഷനും ഉണ്ടായേ മതിയാകൂ എന്ന്‌ ഉപദേശിച്ചിരുന്നെങ്കിൽ അതെത്ര ശ്ലാഘനീയമായിരുന്നു. സ്‌ത്രീ അടക്കളയിലേക്കു തിരിച്ചു പോകണമെന്നു പറയാൻ ആർക്കാണിവിടെ അധികാരമുളളത്‌? പെറ്റമ്മയും സഹോദരിമാരുമില്ലാത്ത പുരുഷവേഷങ്ങൾ അടുക്കളമൂലകളിൽ ഒതുങ്ങിക്കൊളളട്ടെ. പുരുഷന്റെ കായശേഷിയെ ഭയന്ന്‌ സ്‌ത്രീകൾ ഓടിയൊളിച്ചുകൊളളണമെന്നു പറയുന്നത്‌ ഒരു പുരുഷനും ഭൂഷണമല്ല. കുറ്റവാസനയുളളവരെ കണ്ടെത്തി സത്വഗുണ പ്രധാനമായ ഉപദേശങ്ങളാൽ മാനസിക പരിവർത്തനം വരുത്തുക-നല്ലകാര്യം. ദൈവം സർവ്വവ്യാപിയാണെന്നും എല്ലാവരിലും ആ ദൈവചേതനതന്നെ കുടികൊളളുന്നുവെന്നുളള ബോധത്തോടെ ജീവിക്കാൻ യുവാക്കളെ ഉൽബോധിപ്പിക്കുക. സ്‌ത്രീയുടെ പ്രതിഷേധം വെളിച്ചം കാണട്ടെ. അതിനുളള സന്മനസ്സ്‌ പത്രാധിപർക്കുണ്ടാകുമെന്ന്‌ വിശ്വസിക്കുന്നു. - ജി. സുഭദ്ര, അഞ്ചാലുംമൂട്‌

നവംബർ ലക്കം ഗ്രാമം കിട്ടി. സ്‌ത്രീകൾ അരങ്ങിലേക്ക്‌ വന്നത്‌ വെളുക്കാൻ തേച്ചത്‌ പാണ്ടായതുപോലെ തോന്നുന്നു. കാലിക സംഭവങ്ങളിൽ ഒന്നാമത്‌ പെൺവാണിഭം. എവിടെത്തിരിഞ്ഞ്‌ നോക്കിയാലും കാൾ ഗേളുകളുടെ ‘സംസ്ഥാനസമ്മേളന’മാണ്‌. സ്‌ത്രീകൾക്ക്‌ എവിടുന്നു കിട്ടിയീ തന്റേടം? അവരുടെ കഴുത്തിൽ അഴിക്കാനാവാത്ത കുരുക്കിട്ട്‌ ആ കയറിനറ്റം ചൂണ്ടുവിരലിൽ കെട്ടി നിയന്ത്രിക്കുന്നവരെ തോൽപ്പിക്കാനുളള സ്‌ത്രീകളുടെ ‘തന്റേടം’ കുറഞ്ഞേ മതിയാവൂ. അവർ അടുക്കളയിൽത്തന്നെ ഇരുന്നോട്ടെ, നല്ലൊരു ഭാര്യയായി അമ്മയായി. - എം.രാധ, കണ്ണന്നൂർ

‘ഗ്രാമം’ ഡിസംബർ ലക്കത്തിലെ ‘ആസക്തന്മാർക്ക്‌ അനിവാര്യമായത്‌’ എന്ന മുഖക്കുറി പ്രസക്തമായി. മനുഷ്യൻ ജന്മംകൊണ്ട്‌ സസ്യാഹാരിയാണെന്നത്‌ ഒരു പ്രപഞ്ചസത്യമാണ്‌. പക്ഷേ രുചി നാക്കിനെ കീഴടക്കിയവർ, മനുഷ്യൻ മാംസാഹാരിയാണെന്നേ പറയൂ ‘ആഹാരം വിഹാരവും വിഹാരം വിചാരവുമാകുമെന്നാണ്‌ ശാസ്‌ത്രമതം’ ഇതനുസരിച്ച്‌ നാം എന്തു കഴിക്കുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മുടെ മനസ്സ്‌ നല്ലതോ ചീത്തയോ ആകുന്നത്‌. സസ്യാഹാരികൾക്ക്‌ മാനസികവും ശാരീരികവുമായ കഴിവ്‌ മാംസാഹാരികളുടെതിനെക്കാൾ കുറയുമെന്നൊരു തെറ്റിദ്ധാരണ പലർക്കുമുണ്ട്‌. ലോകം കണ്ട മഹാപ്രതിഭകളായ പൈതഗോറസ്‌, വോൾട്ടയർ, പ്ലേറ്റോ, റൂസ്സോ, മിൽട്ടൺ, ബർണാഡ്‌ഷാ, മഹാത്മാഗാന്ധി, വിനോബാജി തുടങ്ങിയവരെല്ലാം സസ്യാഹാരികളായിരുന്നു. സസ്യാഹാരികളിൽ തന്നെ സാത്വികാഹാരികളായാൽ ഏറെ നന്ന്‌.

ഒരു മതവും മനുഷ്യൻ മാംസാഹാരിയാകണമെന്ന്‌ പറയുന്നില്ല. മതങ്ങളെല്ലാം അഹിംസയെ മുറുകെ പിടിക്കുന്നതാണ്‌. - ചെമ്മാണിയോട്‌ ഹരിദാസൻ

ഗ്രാമം കലിയുഗത്തിലെ ക്യാപ്‌സ്യൂളാണ്‌ - താമരശ്ശേരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.