പുഴ.കോം > ഗ്രാമം > ഉപന്യാസം > കൃതി

വിൽക്കാനുണ്ട്‌ ജീവിതമൂല്യങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.കെ.സുധാകരൻ

ലേഖനം

ജീവിതലക്ഷ്യം എന്തെന്ന്‌ നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തൊഴിലിനുവേണ്ടി വിദ്യാഭ്യാസം ചെയ്‌ത്‌ സമ്പത്തിനുവേണ്ടി തൊഴിലന്വേഷിച്ച്‌ ജീവിത സുഖത്തിനുവേണ്ടി മാത്രം പണം ചെലവഴിക്കുന്ന ഇന്നത്തെ മനുഷ്യന്റെ ജീവിത ലക്ഷ്യം ഇതിലൊതുങ്ങുന്നു. ഈ ജീവിതത്തിന്റെ പരിണിതഫലമോ അശാന്തിയുടെയും അസ്വസ്ഥതകളുടെയും വിയോജിപ്പുകളുടെയും രോഗങ്ങളുടെയും വിളനിലങ്ങൾ സൃഷ്‌ടിക്കുന്നു. നമ്മുടെ കുടുംബാന്തരീക്ഷം പണത്തിനുമാത്രം മൂല്യം നൽകുന്ന അന്ധമായ അനുകരണ ഭ്രമത്തിന്റേതാണ്‌. ഉപകരണങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അന്വേഷണബുദ്ധി, ഇതിലുപരി ഒരു മൂല്യവും മനസ്സിലാകാത്ത പുതുതലമുറ.

നാലുപേർ എവിടെ ഒന്നിച്ചുകൂടിയാലും പണത്തിന്റെയും സമ്പത്തിന്റെയും വാങ്ങിക്കൂട്ടിയതിന്റെയും കണക്കുകൾ മാത്രം ചർച്ചാവിഷയം. അതോടൊപ്പം ഭയപ്പെടുത്തുന്ന ചെലവുകളുളള മാരകരോഗങ്ങൾ സമ്പന്നതയെ ദിവസങ്ങൾ കൊണ്ടു ദരിദ്രമാക്കുന്നു. ജീവിത യാഥാർത്ഥ്യങ്ങളോ അദ്ധ്വാന ശീലമോ, ബന്ധങ്ങളോ, കടമകളോ, കടപ്പാടുകളോ ഇല്ലാത്തതാണ്‌ പുതിയ തലമുറ. സാമ്പത്തിക ശാസ്‌ത്രജ്ഞന്റെ കണക്കിൽ കേരളം വികസിക്കുന്നു. മാനസികരോഗ ശാസ്‌ത്രജ്ഞന്റെ മുന്നിലെ നിര ദിനംപ്രതി വർദ്ധിക്കുന്നു. മനുഷ്യസമ്പത്തിനെ ലക്ഷ്യം വച്ചുകൊണ്ടുളള ടൂറിസ്‌റ്റ്‌ സുഖവാസ കേന്ദ്രങ്ങളെ വെല്ലുന്ന തരത്തിലുളള വിശാലമായ ആശുപത്രികൾ, ചുറ്റും പാഴ്‌ചെടി കണക്ക്‌ മുളയ്‌ക്കുന്ന മദ്യശാലകൾ. എവിടെയും കൂടുതൽ സമ്പത്തു ചെലവാക്കാനുളള വിഭവം സുലഭം. ആരുടേയും വിവരങ്ങൾ കേൾക്കാനോ കാണാനോ ഉൾക്കൊളളാനോ ആർക്കും സമയമില്ല. ഏതിന്റെയും ലക്ഷ്യം പണം മാത്രം. അതുപോലെതന്നെ എല്ലാം പണച്ചെലവുളളതാക്കിയും മാറ്റി. വിദ്യാഭ്യാസം മുതൽ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ മലമൂത്ര വിസർജ്ജ്യനം നടത്തുന്നതിനുവരെ പണച്ചെലവുളള കാലം. ചുരുക്കത്തിൽ വംശം നിലനിർത്താനുളള സന്താനോല്‌പാദനശേഷിവരെ ഇന്നു വളരെ ചെലവുളള ഒരേർപ്പാടായി. നാം കാണുന്നതെന്ത്‌. ജില്ലകൾതോറും കുടുംബകോടതികൾ. അതിൽ നിറയെ വേർപിരിയൽ കേസുകൾ. കൂടുതൽ ലൈംഗിക അതൃപ്‌തി കൊണ്ടുളളവ. സമ്പത്തിൽ ആവേശം കൊളളുന്ന ജനം അസ്വസ്ഥതയുടെയും അശാന്തിയുടെയും അതൃപ്‌തിയുടെയും നടുവിലാണ്‌. സംതൃപ്‌തി തേടി വ്യഭിചാരശാലകൾ കയറിയിറങ്ങുന്ന ഒരു വിഭാഗം. അതു വ്യവസായമാക്കി ധനം സമ്പാദിക്കുന്ന മറ്റൊരു വിഭാഗം. മദ്യമയക്കുമരുന്നു മാഫിയകൾ നാട്ടിലെ ഭരണം ഏറ്റെടുത്തു. സ്വന്തം മകളുടെ പ്രായക്കാരിലും രതിസുഖം തേടി പോകുന്ന സാംസ്‌കാരിക തകർച്ചകൾ. ഇനിയെങ്കിലും മനസ്സു തുറന്നു ജീവിതമൂല്യങ്ങളെ കുറിച്ചു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ കൂടുതൽ കൂടുതൽ നശിക്കുന്ന തലമുറയെ കണ്ടു സഹതപിക്കാനേ കഴിയൂ. മൂല്യബോധമുളള ഒരു തലമുറയ്‌ക്കുവേണ്ടി ത്യാഗങ്ങൾ നടത്തേണ്ട കാലം വിദൂരമല്ല.

ഡോ.കെ.സുധാകരൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.