പുഴ.കോം > ഗ്രാമം > ഉപന്യാസം > കൃതി

ഭാഷയുടെ മഹാത്മ്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി.സി.ബി.തട്ടാമല

ലേഖനം

കോടിവർഷങ്ങൾക്കമപ്പുറമുളള ഭീമൻ ദിനോസറിന്റെ കാലം തൊട്ടെ തുടരുകയാണ്‌ മനുഷ്യന്റെ അതിമോഹത്വര. ഭീമാകാരമായതും അല്ലാത്തതുമായ മറ്റെല്ലാ ജീവികളെക്കാൾ ബുദ്ധിവിശേഷക പ്രഭാവം ഉളളവ എന്നതുകൊണ്ടുമാത്രമാണ്‌ മനുഷ്യൻ മറ്റു ജീവികൾക്കുമേൽ ആധിപത്യം സ്ഥാപിച്ചുറപ്പിച്ചത്‌. തന്ത്രങ്ങളും ബുദ്ധിവൈഭവവും കൊണ്ട്‌ മനുഷ്യൻ ഭീമാകാരമായ ജന്തുക്കളെ ഈ ഭൂമിയിൽനിന്നും നിഷ്‌കാസനം ചെയ്‌തു. ഒപ്പം പ്രകൃതിയുടെ കൂട്ടും ഇതിലേക്ക്‌ അവന്‌ ലഭിച്ചിട്ടുണ്ടാകണം. ഇന്നും മനുഷ്യൻ മറ്റു ജന്തുക്കളുടെ മേലുളള വേട്ടയാടൽ തുടർന്നുകൊണ്ടിരിക്കുന്നു. പല ജന്തുവർഗ്ഗങ്ങളും ഇന്ന്‌ വംശനാശഭീഷണി നേരിടുന്നു. വംശനാശം സംഭവിച്ചിട്ടുളളവയുടെ ഫോസിൽ തേടിപ്പോകുന്നു ഒരു വിഭാഗം ശാസ്‌ത്രജ്ഞർ. ഇതൊക്കെ മനുഷ്യന്റെ ആത്യന്തികമായ നിലനില്‌പിന്റെ ഭാഗമാണെന്ന്‌ ആശ്വസിക്കാം. എന്നാൽ സമുദ്രജീവികളായ കൂറ്റൻ ജന്തുക്കൾ മനുഷ്യന്‌ ഭീഷണിയല്ലാഞ്ഞിട്ടും അവയെ നിഷ്‌കരുണം കൊന്നൊടുക്കുന്നു. മനുഷ്യന്റെ നശീകരണവാസനയല്ലാതെന്താണ്‌. മറ്റുജന്തുക്കൾ വിശപ്പടക്കാൻ മാത്രമാണ്‌ ഹിംസ ചെയ്യാറുളളത്‌. പാവം മിണ്ടാപ്രാണികൾ, അവയ്‌ക്ക്‌ മനുഷ്യന്റേതുപോലെ വികസിതമായ ഭാഷ കൈവശമില്ല. എന്നാൽ മനുഷ്യന്‌ അങ്ങനെയല്ലല്ലോ, വികസിതവും അല്ലാത്തതുമായ ഭാഷ തനതായിട്ടുണ്ട്‌. വികസിതമായ ഭാഷ കൈവശമുളളവർ എല്ലാരംഗത്തും മുന്നേറുന്നു. അല്ലാത്തവർ അടിച്ചമർത്തപ്പെടുന്നു. അതുകൊണ്ട്‌ ഓരോ മനുഷ്യവർഗ്ഗവും അവരുടെ തനതായ ഭാഷ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്‌. ഭാഷ വികസിക്കുന്നതിനോടൊപ്പം ഭൗതികവും ആത്മീയവുമായ വളർച്ചയും വികാസവും ഉണ്ടാകുന്നു. തനതായ ഭാഷ വികസിപ്പിക്കുന്നതിനേക്കാൾ എളുപ്പമാണ്‌ വികസിത ഭാഷ സ്വീകരിക്കുന്നതെന്നുളള കണ്ടെത്തലിന്റെ ഫലമായിട്ടുളളതാണോ ഇന്നത്തെ ആംഗലേയ ഭാഷയിലുളള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വളർച്ച! അതോ ഭാരതത്തിന്റെ നാനാത്വ സ്വഭാവത്തിന്‌ യോജിച്ച ഏകീകൃതഭാഷയുടെ അവികസനമോ അസ്വീകാര്യതയോ? ഏതായാലും ഒരു കാര്യമുറപ്പാണ്‌, ശക്തമായ ഭാഷ, വികസനത്തിനും പുരോഗതിക്കും ഒഴിച്ചുകൂടാനാകാത്ത ഘടകം തന്നെ.

ഭാഷ നമ്മുടെ ആശയവിനിമയം ലളിതമാക്കി തീർക്കുന്നു. മനുഷ്യന്റെ വൈകാരിക വ്യവഹാരങ്ങളിൽ കൂടി പ്രകടിതമാകുന്ന കോപം, ദുഃഖം, സന്തോഷം, ഉല്ലാസം, ഈർഷ്യ തുടങ്ങിയ ഭാവഭേദങ്ങൾ വാക്കുകളുടെയോ അക്ഷരങ്ങളുടെയോ പ്രയോഗം കൂടാതെ തന്നെ ആർക്കും ഗ്രഹിക്കാവുന്നതാണ്‌. എന്നാൽ മനുഷ്യൻ ഒരു വ്യക്തിയെന്ന നിലയിലും വ്യഷ്‌ടിഗതമായും ഏർപ്പെടുന്ന പ്രവർത്തനമേഖലകൾ ഇത്തരം വ്യാപാരങ്ങൾ മാത്രം ഉൾക്കൊളളുന്നതാകുന്നില്ല. അതിവിപുലവും ബൗദ്ധികവും യൗക്തികവും മാനവികവുമായ മേഖലകളിലൂടെ അവൻ വ്യാപരിക്കുമ്പോൾ ശക്തമായ ഭാഷയുടെ അനിവാര്യത നിഴലിക്കുന്നു. നാനാത്വത്തിൽ ഏകത്വം ദർശിക്കാനധിഷ്‌ഠിതമായ ഈ ഭൂമിയിൽ മനുഷ്യരാശിയുടെ പുരോഗതിയും സുരക്ഷിതത്വവും കൈകോർത്തിരുന്നാൽ ഉണ്ടാകുന്ന സഹവർത്തിത്വവും സഹകരണവും ഒരു ബാഹ്യശിഥില ശക്തിക്കും വേർപ്പെടുത്താൻ കഴിയാത്തവണ്ണം ഉഗ്രഥിതബലമായിത്തീർന്ന്‌ ജീവമണ്‌ഡലത്തിന്‌ അനന്യസാധാരണമായ പൊലിമയും ഐശ്വര്യവും ഉണ്ടാക്കാൻ കഴിയുന്നതായിരിക്കും. അതിനാൽ എല്ലാഭാഷകളും മാതൃഭാഷയെപ്പോലെതന്നെ വേർതിരിവില്ലാത്തവണ്ണം അംഗീകരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യേണ്ടതാണ്‌.

ഒരു പ്രത്യേകഭാഷയ്‌ക്കായി മാത്രം മനുഷ്യനിൽ പാരമ്പര്യ ഘടകങ്ങളില്ല. എന്നാൽ ഭാഷാ പഠനത്തിന്‌ സഹായിക്കുന്ന പാരമ്പര്യ ഘടകം ഉണ്ട്‌ എന്നത്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ടാണല്ലോ ജനനാനന്തരമുളള പര്യാവരണത്തിനനുസൃതമായി ഓരോ വ്യക്തിയിലും ഭാഷ രൂപാന്തരപ്പെടുന്നത്‌. ആയതിനാൽ മനുഷ്യന്‌ മാതൃഭാഷ ഏതുമാകാം. അവൻ വളരുന്ന ചുറ്റുപാടിന്റേതായ ഭാഷ അവനിൽ രൂപാന്തരണം കൊളളുന്നതിനെ അവന്റെ മാതൃഭാഷ എന്ന്‌ വിശേഷിപ്പിക്കുന്നു. ശൈശവത്തിൽതന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട്‌ അന്യനാട്ടിലേക്ക്‌ പറിച്ച്‌ നടപ്പെട്ടതുമൂലം ജനിച്ചഭാഷ കൈമോശം പോയ ഒരു കുട്ടിക്ക്‌&വ്യക്തിക്ക്‌ തന്റെ മാതൃഭാഷ, താൻ പരിശീലിപ്പിക്കപ്പെട്ട പരിസരത്തിന്റെ തന്നെ ഭാഷയായിരിക്കും. ആയതിനാൽ നാം ഭാഷാപരമായ വിദ്വേഷം വച്ചുപുലർത്തുന്നത്‌ അഭികാമ്യമല്ല. ഭാഷ ഏതു തന്നെയായാലും വേണ്ടത്‌ മാനവികതയുടെ ഉന്നമനമാണ്‌. സ്‌നേഹം, സാഹോദര്യം, സഹവർത്തിത്വം, സഹകരണം തുടങ്ങിയ സഹജവൃത്തി വ്യവഹാരത്തിലൂടെ ബൗദ്ധികവും യൗക്തികവുമായ ശേഷി വികസിപ്പിക്കുന്നതിന്‌ അടിസ്ഥാനശില ഭാഷ തന്നെ. ആയതിലേക്ക്‌ വേണ്ടത്‌ ഭാഷാവികാസത്തെ പോഷിപ്പിക്കുന്നതിന്‌ വേണ്ടിയുളള മസ്‌തിഷ്‌കകേന്ദ്രത്തെ പ്രചോദിപ്പിക്കുകയത്രേ.

വി.സി.ബി.തട്ടാമല
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.