പുഴ.കോം > ഗ്രാമം > ഉപന്യാസം > കൃതി

പ്രച്ഛന്ന പാപങ്ങളുടെ ആശീർവാദങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.വി. വിജയകുമാർ

ലേഖനം

വിധ്വംസക വിചാരങ്ങളുടെ അക്രമണോത്സുകതയിൽ മനുഷ്യനിന്ന്‌ നിലനിൽപ്പിന്റെ ഉത്തരവാദിത്വം കളഞ്ഞ്‌ കുളിച്ചിരിക്കുന്നു. മൂല്യവിച്ഛേദത്തിന്റെ സാംക്രമികാതുരതയിൽ അവൻ കിറുക്ക്‌ പിടിച്ച ദിശാബോധങ്ങളിലേക്ക്‌ തുടികൊട്ടിയിറങ്ങുന്നു. അത്‌ മാനുഷികമായ ഇച്ഛകളുടെ അന്തരാത്മിക ഉദ്യേഗങ്ങളെ നിരാകരിക്കുകയും ക്രൂരതയുടെ തീവ്രകാമനകളെ അരിയിട്ട്‌ വാഴിക്കുകയും ചെയ്യുന്നു. അങ്ങനെ ഓരോ മനസ്സും മൃഗീയതയുടെ ആഡംബരങ്ങളിലും അനർഹാഭിഷ്‌ടങ്ങളിലും രമിച്ച്‌ വിഷം തുളുമ്പുന്ന പാനപാത്രങ്ങളെ നിർബാധം ക്ഷണിച്ചുകൊണ്ടിരിക്കുന്നു. ദുരാസക്തികളുടെ അശ്രാന്തമാകുന്ന സമ്മർദ്ദങ്ങളിൽ ജീവിതത്തിന്റെ സൗന്ദര്യമുളള ആനന്ദങ്ങളെപ്പറ്റി മതിപ്പ്‌ കുറയുമ്പോളാണ്‌ ഒരുവൻ വിഭ്രാന്തസുഖങ്ങൾക്ക്‌ വേണ്ടി നാശത്തിന്റെ ഇരതേടുന്നത്‌. അത്‌, നൈതികതയുടെ ഉടമ്പടിയുളള വിനിമയങ്ങളെ ലംഘിച്ചുകൊണ്ട്‌ പ്രച്ഛന്ന പാപങ്ങളുടെ ആശിർവാദങ്ങൾ കൈക്കൊളളുന്നു. വർത്തമാനകാലം പോറ്റിവളർത്തുന്ന ഗുരുതരമായ സാംസ്‌കാരിക ജീർണ്ണത ഇതാണ്‌. പണം നേടികൊടുക്കുന്ന നീതിയിലും മാന്യതയിലും മദിക്കുന്ന ചെകുത്താൻമാർ നമ്മുടെ സദാചാര ചര്യകളെ നിന്ദിക്കുകയും അഴിമതികളുടെ അഭീഷ്‌ടങ്ങളും വീരസ്വർഗ്ഗങ്ങളും സൃഷ്‌ടിക്കുകയും ചെയ്യുന്നു. അത്‌, കാലത്തിന്റെ സുന്ദരസ്വപ്‌നങ്ങൾക്ക്‌ തുറുകണ്ണുളള വാഗ്‌ദാനങ്ങളും നാശത്തിന്റെ ശുശ്രൂഷയും നൽകുന്നു. അതുകൊണ്ടാണ്‌ ഇന്ന്‌ നമുക്ക്‌ ആക്രോശിക്കുന്നവനെയും ഉപദേശിക്കുന്നവനെയും ഒരുപോലെ അവിശ്വാസം തോന്നുന്നത്‌. ഈ വിശ്വാസ ഭംഗത്തിന്റെ ഭീകരമായ വരുതിയിലൂടെ നാം തീർച്ചയായും അനിശ്ചിതത്വത്തിന്റെ വിധിനിയോഗങ്ങൾതന്നെ ആയിരിക്കും വരുംകാലത്തിന്‌ കണിവയ്‌ക്കാൻ പോകുന്നത്‌.

സി.വി. വിജയകുമാർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.