പുഴ.കോം > ഗ്രാമം > ഉപന്യാസം > കൃതി

പുളിമാനയുടെ ‘അവൾ’ പുനർവായന

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എരുമേലി പരമേശ്വരൻപിളള

ലേഖനം

കഥാകൃത്ത്‌, നാടകകൃത്ത്‌, കവി, എന്നീ നിലകളിൽ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു പുളിമാന പരമേശ്വരൻപിളള (1912-1948) പുരോഗമനപരമായ സാഹിത്യവീക്ഷണം പിന്തുടർന്ന ഈ സാഹിത്യകാരൻ ഏകാന്ത ഭദ്രമായ സർഗ്ഗാത്മക ജീവിതമാണ്‌ നയിച്ചത്‌. ആർഭാടങ്ങളിൽനിന്നും ആൾക്കൂട്ടത്തിൽനിന്നും ഒഴിഞ്ഞുനിന്ന അദ്ദേഹത്തിന്റെ സാഹിത്യമനസ്സ്‌ മനുഷ്യമനസ്സുകൾ അപഗ്രഥിക്കുന്നതിനും സാമൂഹിക ചലനങ്ങൾ ഉൾക്കൊളളുന്നതിനും സദാസന്നദ്ധമായിരുന്നു. സ്‌ത്രീവാദസാഹിത്യം കത്തിനിൽക്കുന്ന വർത്തമാനകാലദശാസന്ധിയിൽ സ്‌ത്രീയുടെ സ്വത്വം കണ്ടെത്താനും അപഗ്രഥിക്കാനും തീവ്രമായ പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ പുളിമാനയുടെ ‘അവൾ’ എന്ന ചെറുകഥ പ്രസക്തമാകുന്നു.

സ്‌ത്രീ-പുരുഷ ബന്ധത്തിന്റെ പവിത്രതയും ദാമ്പത്യജീവിതത്തിന്റെ ഭദ്രതയും ചാരുതയും വ്യക്തമാക്കുന്ന കഥയാണ്‌ ‘അവൾ’. പ്രേമത്തിന്റെ സാഫല്യമായിരുന്നു സരസ്വതിയുടെ വിവാഹം, ഭർത്താവിന്‌ കാഴ്‌ചയുളളപ്പോൾ ആയിരുന്നു പ്രേമബന്ധം തുടങ്ങിയത്‌. പക്ഷേ രോഗം ബാധിച്ച്‌ അയാളുടെ കണ്ണുകളുടെ കാഴ്‌ച നഷ്‌ടപ്പെട്ടു. എന്നിട്ടും സരസ്വതി അയാളെ വിവാഹം ചെയ്‌തു. അനുകമ്പയും അഭിനന്ദനങ്ങളും ഒരുപോലെ കൈപ്പറ്റുന്ന ദാമ്പത്യം. തനിക്ക്‌ കാഴ്‌ചയില്ലാത്ത ദുഃഖം ഭർത്താവ്‌ അറിഞ്ഞില്ല. അത്രമാത്രം സ്‌നേഹനിർഭരമായിരുന്നു അവരുടെ ജീവിതം. ചികിത്സകൾ നടത്തി. പ്രതീക്ഷകൾ പൂവണിഞ്ഞില്ല. അവസാനം ഡോ.മേനോൻ വന്നു. സരസ്വതിക്കും ഭർത്താവിനും പൂർണ്ണവിശ്വാസം നൽകി ചികിത്സ ആരംഭിച്ചു. സരസ്വതിക്ക്‌ ഡോക്‌ടറെ വിശ്വാസമായി. ഡോക്‌ടർ സരസ്വതിക്ക്‌ ആത്മധൈര്യം പകർന്നു. അടുത്ത ദിവസം, പ്രഭാതത്തിൽ ഭർത്താവിന്റെ കണ്ണുകളുടെ കെട്ട്‌ അഴിക്കുകയാണ്‌. ആ കണ്ണുകൾ പ്രകാശം ഒപ്പിയെടുക്കും. തലേദിവസം ഡോക്‌ടർ വന്നു. രോഗിയെ പരിശോധിച്ചു. രാത്രിയായി. ഡോക്‌ടർ പോകാനൊരുങ്ങി. അന്നവിടെ കിടക്കാൻ ഭർത്താവ്‌ ഡോക്‌ടറോട്‌ അഭ്യർത്ഥിച്ചു. പ്രഭാതത്തിൽ കണ്ണുകളുടെ കെട്ട്‌ അഴിക്കണമല്ലോ? സരസ്വതിക്കും സന്തോഷമായി. ഡോക്‌ടർ സമ്മതിച്ചു. അടുത്ത മുറിയിൽ സരസ്വതി, ഡോക്‌ടർക്ക്‌ കിടക്ക വിരിക്കുന്നു. ഡോക്‌ടറിൽ നുരകുത്തി വന്ന അഭിനിവേശം സരസ്വതിയുടെ സാമീപ്യത്തിൽ തീക്ഷ്‌ണമായി. നിമിഷങ്ങൾക്ക്‌ വൈകാരികമായ മുറുക്കം വർദ്ധിക്കുന്നു. അത്‌ സംഭവിച്ചു. സരസ്വതി ഡോക്‌ടറുടെ അഭിലാഷത്തിന്‌ വഴങ്ങി. അടുത്ത പ്രഭാതം, ഡോക്‌ടർ രോഗിയുടെ കെട്ടഴിച്ചു. അത്യാഹ്ലാദം, പ്രകാശം ആ കണ്ണുകൾക്ക്‌ ജീവൻ നൽകി. ഈ സന്തോഷങ്ങൾ പങ്കിടാൻ സരസ്വതിയെ കാണുന്നില്ല. ഭർത്താവ്‌ അവളെ വിളിച്ചു. വന്നില്ല. അവൾ കിടന്ന മുറിയിൽ ചെന്നു. അവളുടെ സൗന്ദര്യം അയാൾ ആവോളം കണ്ണുകൊണ്ട്‌ നുകർന്നു. പക്ഷേ, അവൾ ഉണർന്നില്ല. അയാൾ അവളെ തലോടി വിളിച്ചു. ആ ശരീരം തണുത്ത്‌ മരവിച്ചിരിക്കുന്നു. ഭ്രാന്തനെപ്പോലെ അയാൾ അലറി, ‘സരസ്വതീ...’

സരസ്വതി സ്‌ത്രീയാണ്‌, ഭാര്യയാണ്‌, കാമുകിയാണ്‌. ശരീരസൗന്ദര്യംപോലെ അവളുടെ മനസ്സും സുന്ദരവും നിർമ്മലവുമാണ്‌. ആദർശ സുന്ദരമായ അവളുടെ ദാമ്പത്യജീവിതത്തിൽ ഒരു നിമിഷംകൊണ്ട്‌ കരിനിഴൽ വീണു. ഒരു വിശ്വാസത്തിന്റെ തകർച്ചയാണ്‌ സംഭവിച്ചത്‌. സ്‌ത്രീയുടെ സ്വത്വം എന്തെന്ന്‌ അന്വേഷിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ പലതാണ്‌. ജീവിതം എപ്പോഴും അവൾക്കൊരു ഭാരമാണ്‌. ഉൾക്കിടിലങ്ങളുടെ തുടർച്ചയാണ്‌. ജൈവപരമായ അവളുടെ ഘടന ഭീതി വിളിച്ചുവരുത്തുന്നു. സമൂഹം നിഷ്‌ക്രിയവും നിസ്സംഗതയുടെ മൂടുപടം അണിഞ്ഞതും. ജീവിതത്തിനേറ്റ മുറിവുണക്കാൻ അവൾ തേടുന്നത്‌ മരണം. നിറനിലാവിൽ ജീവിതത്തിന്റെ വസന്തം സ്വപ്‌നം കാണുന്ന സ്‌ത്രീകൾ. കുടുംബജീവിതത്തിന്റെ സ്വച്ഛതയും സൗഭാഗ്യവുമാണ്‌ പ്രധാനം. സ്‌ത്രീ കൂടുതൽ സ്വതന്ത്രയാകാൻ ശ്രമിച്ചതോടെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്‌. ഭാരതീയ സങ്കൽപ്പത്തിൽ സ്‌ത്രീ എങ്ങനെ ജീവിക്കണമെന്ന പൈതൃകസന്ദേശവും തെളിഞ്ഞുവരുന്നു. സ്‌ത്രീയുടെ ആത്മസംഘർഷങ്ങളുടെ ഭൗതികപരിണാമമാണ്‌ ‘അവൾ’ വ്യക്തമാക്കുന്നത്‌. ആത്യന്തികമായി പുരുഷമേൽക്കോയ്‌മയുടെ മൂല്യബോധമില്ലാത്ത ഒരവസ്ഥയേയും ഇത്‌ വെളിപ്പെടുത്തുന്നു.

എരുമേലി പരമേശ്വരൻപിളള




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.