പുഴ.കോം > ഗ്രാമം > ഉപന്യാസം > കൃതി

എന്റെ ഗ്രാമം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രൊഫ.എം.സത്യപ്രകാശം

ലേഖനം

സസ്യശാമളവും പ്രശാന്തരമണീയവുമാണ്‌ എന്റെ ഗ്രാമമായ കടയ്‌ക്കാവൂർ. അറേബ്യൻ സമുദ്രത്തിനും, അഞ്ചുതെങ്ങ്‌ കായലിനും സമീപം സ്ഥിതി ചെയ്യുന്ന ഹരിതാഭമായ ഈ പ്രദേശത്തിന്റെ ചരിത്ര ഭൂമിശാസ്‌ത്രപരമായ സവിശേഷതകൾ ആരെയും ആകർഷിക്കുവാൻ പോരുന്നതാണ്‌. സ്ഥലനാമങ്ങളെപ്പറ്റി വിവരിക്കുന്ന ചില ഗ്രന്ഥങ്ങളിൽ കടൽക്കര - ഊര്‌ - കടയ്‌ക്കാവൂരായി പരിണമിച്ചു എന്നാണ്‌ പറയപ്പെടുന്നത്‌. ചിറയിൻകീഴ്‌ താലൂക്കിൽപ്പെട്ട ഈ വലിയ ഗ്രാമം തിരുവനന്തപുരം-കൊല്ലം, റയിൽപ്പാതയുടെ മദ്ധ്യഭാഗത്താണ്‌ പ്രശോഭിക്കുന്നത്‌. ഇതിനടുത്തുള്ള അഞ്ചുതെങ്ങ്‌, വക്കം, ആനത്തലവട്ടം, കായിക്കര എന്നീ ഗ്രാമങ്ങളുടെ വളർച്ചയിലും കടയ്‌ക്കാവൂർ റെയിൽവേ സ്‌റ്റേഷൻ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന അഞ്ചുതെങ്ങിൽ ഏതാണ്ട്‌ 500 വർഷം മുമ്പ്‌ തന്നെ ബൃഹത്തായ ഒരു കോട്ട അവർ നിർമ്മിച്ചിരുന്നു. എന്നാൽ അന്ന്‌ കടയ്‌ക്കാവൂർ ആറ്റിങ്ങൽ റാണിയുടെ ഭരണത്തിൻ കീഴിലായിരുന്നു. അഞ്ചുതെങ്ങിൽ കഴിഞ്ഞിരുന്ന ഇംഗ്ലീഷ്‌ പട്ടാളക്കാർ കടയ്‌ക്കാവൂർ വഴിയായിരുന്നു നടന്ന്‌ ആറ്റിങ്ങലിലേയ്‌ക്ക്‌ പൊയ്‌ക്കൊണ്ടിരുന്നത്‌. ഇതിന്റെ തൊട്ടടുത്തുള്ള ഗ്രാമങ്ങളിലെ സുന്ദരിമാരായ സ്‌ത്രീകളോട്‌ ഈ ഭടൻമാർ അപമര്യാദയായി പെരുമാറിയിരുന്നു. അതിനെതിരെ അവിടുത്തെ യുവാക്കൾ പ്രതികരിച്ചു. ആ ശീതസമരം വലിയൊരു സംഘട്ടനത്തിലാണ്‌ കലാശിച്ചത്‌. വളരെപ്പേരുടെ മരണത്തിന്‌ ഇടയാക്കിയ ആ കലാപത്തിനെ “ആറ്റിങ്ങൽ കൂട്ടക്കൊല”(Attingal Massartr)എന്നാണ്‌ ചരിത്രകാരൻമാർ വിശേഷിപ്പിക്കുന്നത്‌.

ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഡിപ്പാർട്ടുമെന്റ്‌ രൂപീകൃതമായത്‌ 19-​‍ാം നൂറ്റാണ്ടിലായിരുന്നു. അന്ന്‌ കൽക്കരിയിലാണ്‌ തീവണ്ടികൾ ഓടിയിരുന്നത്‌. ട്രെയിനുകൾക്ക്‌ ജലം സംഭരിക്കാൻ വേണ്ട എല്ലാ സംവിധാനങ്ങളും കടയ്‌ക്കാവൂർ റെയിൽവേ സ്‌റ്റേഷനിൽ ഏർപ്പെടുത്തിയിരുന്നു. വണ്ടികൾ ഡീസലിൽ, ഓടിത്തുടങ്ങിയപ്പോൾ ഈ സ്‌റ്റേഷന്റെ ഗതകാലപ്രൗഢി കുറേ നഷ്ടമായി, ഇപ്പോൾ ഈ ഗ്രാമത്തിന്റെ ഭരണം നടത്തുന്നത്‌, വനിതാ റിസർവേഷനിൽ ഉൾപ്പെട്ട പഞ്ചായത്ത്‌ സമിതിയാണ്‌. കയർവ്യവസായത്തിന്‌ കീർത്തിനേടിയ ഈ പ്രദേശത്ത്‌ ഒരു എച്ച്‌.എസ്‌.എസ്‌.ഉൾപ്പെടെ ഒട്ടേറെ സ്‌കൂളുകളും, ഓഫീസുകളും, കലാസമിതികളും, ഗ്രന്ഥശാലകളും, ക്ഷേത്രങ്ങളും പള്ളികളും എല്ലാം ഉണ്ട്‌. ലേഖകൻ പഠിച്ചിരുന്ന ശ്രീ. സേതുപാർവ്വതിഭായി ഹൈസ്‌ക്കൂളിന്റെ കനകജൂബിലി ഈയിടെ ആഘോഷിച്ചു. മുൻമന്ത്രി വക്കം പുരുഷോത്തമൻ, ആനത്തലവട്ടം ആനന്ദൻ എം.എൽ.എ., കണ്ണൂർ യൂണിവേഴ്‌സിറ്റി വി.സി.ഡോ.ചന്ദ്രമോഹൻ എന്നിവരെല്ലാം ഈ സ്‌കൂളിലെ മുൻ വിദ്യാർത്ഥികളാണ്‌. ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ്‌ കോട്ടയും, മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിലുള്ള സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾ, കടയ്‌ക്കാവൂരിൽ സ്ഥിതിചെയ്യുന്ന ‘ഗുരുവിഹാർ’ ദർശിക്കാൻ എത്താറുണ്ട്‌. ഗുരുദേവൻ ഇവിടെ തപസ്സനുഷ്‌ഠിച്ചിരുന്നു. 110 വർഷം മുമ്പ്‌ ഇവിടെയുള്ള ശ്രീ. സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചിരുന്ന കുറെ യുവാക്കൾ തള്ളിക്കയറി പ്രാർത്ഥിച്ചു. ശിക്ഷാർഹരായ ഇവർക്ക്‌ ടി.കെ.മാധവനും, മഹാകവി കുമാരനാശാനും ധാർമ്മിക പിന്തുണ നൽകിയിരുന്നു. ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന്‌ പത്തുവർഷം മുമ്പാണ്‌ ഒരു സർക്കാർ ക്ഷേത്രത്തിന്‌ നേരെ ഇവിടെ ആക്രമണം ഉണ്ടായത്‌.

ശ്രീനാരായണഗുരു ‘നാണുവാശാൻ’ എന്ന പേരിൽ ആദ്യം അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചത്‌ കടയ്‌ക്കാവൂരിലുള്ള മീരാൻ കടവിലുള്ള ഒരു കുടിപ്പള്ളിക്കൂടത്തിലായിരുന്നു. മുൻ തിരുക്കൊച്ചി മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.എൻ.കുഞ്ഞിരാമന്‌ ജന്മം നൽകിയതും ഈ ഗ്രാമമാണ്‌. ഇവിടുത്തെ കലാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌, മുൻമുഖ്യമന്ത്രിയും നടനുമായിരുന്ന ശ്രീ.സി.കേശവൻ, പ്രശസ്ത ഫിലിംസ്‌റ്റാർ ശ്രീ.പ്രേംനസീർ എന്നിവർ ഇവിടെ താമസിച്ചിട്ടുണ്ട്‌. ചിറയിൻകീഴ്‌ താലൂക്കിലൊരു സിനിമാതീയേറ്റർ ആദ്യമായി ഉണ്ടായത്‌ കടയ്‌ക്കാവൂരിലാണ്‌. രാജഭരണകാലത്ത്‌ തന്നെ ഈ ഗ്രാമനിവാസികളായ ശ്രീ.ഗോവിന്ദൻ, ശ്രീ.ഗംഗാധരൻ, അബ്‌ദുൽ സലാം എന്നിവർ യഥാക്രമം പേഷ്‌കാർ (ജില്ലാ കളക്ടർ) ഐ.ജി., ഗവൺമെന്റ്‌ സെക്രട്ടറി തുടങ്ങിയ ഔദ്യോഗിക പദവികൾ അലങ്കരിച്ച്‌ പോന്നിരുന്നു.

പ്രൊഫ.എം.സത്യപ്രകാശം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.