പുഴ.കോം > ഗ്രാമം > ഉപന്യാസം > കൃതി

ആത്മീയമോ സ്വാർത്ഥമോ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മാങ്കുളം ജി.കെ.

ലേഖനം

പ്രഭാതവും സായം സന്ധ്യയും പോലെ ബാല്യവും വാർദ്ധക്യവും പോലെ ഉത്തരദക്ഷിണധ്രുവങ്ങൾ പോലെ വ്യത്യസ്‌തങ്ങളെങ്കിലും ഏറെ സാമ്യം തോന്നുന്ന രണ്ടുണ ഭാവങ്ങളായിരിക്കുന്നു ഇന്ന്‌ ആത്മീയതയും സ്വാർത്ഥതയും.

സ്വാർത്ഥതയ്‌ക്ക്‌ ആത്മീയഭാവമോ ആത്മീയതയ്‌ക്ക്‌ സ്വാർത്ഥഭാവമോ എന്നു നിർണ്ണയിക്കുവാൻ അല്‌പം ക്ലേശമാണെങ്കിലും ആദ്യത്തേതിനാണ്‌ പ്രാബല്യം എന്നു തോന്നുന്നു.

ആത്മീയതയുടെ ഔന്നത്യത്തിൽ എത്തിയ ഒരാളുടെ പ്രത്യേകതകൾ എന്തെല്ലാമെന്നു നോക്കാം. അയാൾ പൊതുവെ നിസ്സംഗനും നിർമ്മമനും ബാഹ്യലോക ബന്ധങ്ങൾ വെടിഞ്ഞവനും ആത്മാരാമനും (തന്നിൽത്തന്നെ സന്തോഷിക്കുന്നവൻ) ഒക്കെയാകുന്നു. ഇനി നവസമൂഹത്തിലെ അണുകുടുംബങ്ങളിലോ തൂങ്ങുന്ന മനുഷ്യന്റെ സ്ഥിതിയും ഇതൊക്കെയാണെന്നു കാണാം. അയാളും ആത്മാരാമനാണ്‌. സമൂഹത്തിൽ അധർമ്മവും അന്യായവും നടമാടിയാലും നിസ്സംഗനാണ്‌. അറിവ്‌, സ്‌നേഹം, മാനവിക മൂല്യങ്ങൾ എന്നിവയോട്‌ തികഞ്ഞ നിർമ്മമത്വം പുലർത്തുന്നു, ലോകാനുരാഗമാകട്ടെ അശേഷമില്ലതാനും.

ഇതൊക്കെക്കാണുമ്പോൾ, മഹാകവി കുമാരനാശാന്റെ

“ലോകാനുരാഗമിയലാത്തവരേ നരന്റെ-

യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ;

ഏകാന്ത നിർമ്മമതരേ വെറുതേ വനത്തി-

ന്നേകാന്തമാം ഗുഹ വെടിഞ്ഞു വെളിപ്പെടായ്‌വിൻ”

ഇന്ന ശ്ലോകം ആത്മീയക്കാരെ ഉദ്ദേശിച്ചാണോ, ഇന്നത്തെ തനി ലൗകികരെക്കുറിച്ചാണോ എന്നു സംശയം ഉണ്ടാകുന്നു. കുഞ്ചൻ നമ്പ്യാരുടെ പ്രഖ്യാതമായ “പത്രം വിസ്‌തൃതമത്ര തുമ്പമലർ....” എന്നാരംഭിക്കുന്ന ശ്ലോക വാക്യങ്ങളെ പദഛേദ ഭേദത്താൽ വിപരീതാർത്ഥാന്വയത്തിലെത്തിക്കാവുന്നതുപോലെ ആശാന്റെ ഈ ശ്ലോകത്തെ വിപരീത, ഭൗതികാർത്ഥ സമന്വയം ചെയ്യാം.

എന്നാൽ അതിലെ മൂന്നാം പാദത്തിലെ “വനത്തിന്നേകാന്തമാം ഗുഹ” എന്നതിനുപകരം ‘ഗൃഹത്തിന്നേകാന്തമാം ഗുഹ’ (ടി.വിയുളള മുറി) എന്ന പ്രയോഗം ഏറെ ഉചിതമായിരിക്കും.

രാത്രി വരുമ്പോഴാണല്ലോ പക്ഷിമൃഗാദികൾ കൂടുകളിലേക്കും മാളങ്ങളിലേക്കും മനുഷ്യർ വീടുകളിലേക്കും ഒതുങ്ങുന്നത്‌. ഇന്ന്‌ മനുഷ്യൻ ഏറെ സ്വാർത്ഥനാകുന്നത്‌ സമൂഹത്തെ ഉടൻ ഗ്രസിക്കാനിരിക്കുന്ന വലിയ തമസ്സിനെ സൂചിപ്പിക്കുന്നു.

“ലോകമൊന്നാവുകയാകുന്നു

മനുഷ്യനൊന്നിലാവുകയാകുന്നു

തന്നിലാവുകയാകുന്നു” എന്ന്‌ മലയാളത്തിന്റെ വലിയ കവി കുഞ്ഞുണ്ണി പാടിയതെത്ര ശരി.

മാങ്കുളം ജി.കെ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.