പുഴ.കോം > ഗ്രാമം > ഉപന്യാസം > കൃതി

കുമ്പളത്ത്‌ ശങ്കുപ്പിളള കൊല്ലത്തിന്റെ സമരവീര്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സത്യവ്രതൻ

ലേഖനം

വൈദേശികാധിപത്യത്തിന്റെ ഭീകരതയ്‌ക്കു മുന്നിൽ ദേശവ്യാപകമായി ചെറുത്തു നില്‌പിന്റെ കൊടുങ്കാറ്റുയർന്നപ്പോൾ പന്മനയും അനുരണനങ്ങൾ ഏറ്റുവാങ്ങി. കോൺഗ്രസ്‌ ഗോപാലപിളള, കുമ്പളത്ത്‌ ശങ്കുപ്പിളള, എം.കെ.രാമൻ, എം.എസ്‌.നീലകണ്‌ഠൻ തുടങ്ങിയ നിരവധി കർമ്മ ധീരരായ യുവാക്കൾ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‌ പന്മനയുടെ സംഭാവനയാണ്‌. അവരിൽ ചിരസ്‌മരണനീയനാണ്‌ കുമ്പളത്ത്‌ ശങ്കുപ്പിളള. പന്മനയിൽ ആരംഭിച്ച്‌ പിന്നീട്‌ തിരുവിതാംകൂറിലും തിരു-കൊച്ചിയിലും നിറഞ്ഞുനിന്ന രാഷ്‌ട്രീയ ആജ്ഞാശക്തിയായിരുന്നു കുമ്പളത്ത്‌ ശങ്കുപ്പിളളയുടേത്‌. ജാതിവിരുദ്ധ അനാചാര ഉൻമൂലന സമരങ്ങൾക്ക്‌ നായകത്വം വഹിച്ചത്‌ കുമ്പളത്ത്‌ ശങ്കുപ്പിളള തന്നെ. ക്ഷേത്രപ്രവേശന വിളംബരത്തെനോക്കി ആക്രോശിച്ച യാഥാസ്ഥിതിക കോമരങ്ങളെ വിരട്ടി വിറപ്പിച്ച്‌ കണ്ണൻകുളങ്ങര ക്ഷേത്രത്തിൽ അധഃസ്ഥിത ജനങ്ങളെ കൈപിടിച്ചു കയറ്റുന്നതിന്‌ നേതൃത്വം നല്‌കിയത്‌ കുമ്പളത്ത്‌ ശങ്കുപ്പിളളയാണ്‌.

കൊറ്റൻകുളങ്ങരയിലെ ക്ഷേത്രക്കുളത്തിൽ അയിത്ത ജാതിക്കാർക്ക്‌ കുളിക്കാൻ സൗകര്യമൊരുക്കി കാവൽ നിന്നതും, പഹയന്നാർ കാവിൽ നാനാജാതി മതസ്ഥരെ പങ്കെടുപ്പിച്ച്‌ പന്തിഭോജനം നടത്തിയതും അദ്ദേഹമാണ്‌. കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താക്കളിലൊരാളായ ശ്രീ. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലമെന്ന നിലയിലും പ്രശസ്‌തമാണ്‌ പന്മന. മാനവ സ്‌നേഹത്തിന്റെ ഇരിപ്പിടമായ മഹാത്മജിയുടെ പാദസ്‌പർശം ഏൽക്കാനും ഈ മണ്ണിനായി. സർവ്വോദയ പ്രസ്ഥാനത്തിന്റെയും ഭൂദാനയജ്ഞത്തിന്റെയും പരമാചാര്യനായിരുന്ന വിനോബഭാവെയും പന്മന സന്ദർശിച്ചിട്ടുണ്ട്‌. സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെ കാറ്റുവീശിയ കാലത്ത്‌ അതിന്റെ അലയൊലി പന്മനയിലും ഉളവായി. സഹോദരൻ അയ്യപ്പന്റെ സുപ്രസിദ്ധമായ സമൂഹപന്തിഭോജനം നടന്നു. നാനാജാതി മതസ്ഥർ പങ്കെടുത്ത പന്തിഭോജനം പ്രശസ്‌ത മലയാള ഭാഷാ പണ്‌ഡിതനായ പ്രൊഫഃ പന്മന രാമചന്ദ്രൻ നായരുടെ മുത്തച്ഛന്റെ വീട്ടിൽ വച്ചായിരുന്നു. യാഥാസ്ഥിതിക മുരട്ടു വാദികളുടെ എതിർപ്പുകളെയും ഭീഷണികളെയും അതിജീവിച്ച്‌ അതിന്‌ നേതൃത്വം നൽകിയത്‌ കുമ്പളത്ത്‌ ശങ്കുപ്പിളളയും.

സത്യവ്രതൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.