പുഴ.കോം > ഗ്രാമം > എഡിറ്റോറിയല്‍ > കൃതി

വിവാഹം ഒഴിവാക്കേണ്ടവരെ കുറിച്ച്‌ ചിലത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

എഡിറ്റോറിയൽ

വ്യക്തിജീവിതത്തിൽ വിവാഹം അനിവാര്യമായ ഘടകം തന്നെ. എന്നാൽ ഭൂമിയിൽ എല്ലാവരും അതിന്‌ വിധേയരായി സസുഖം വാഴുവാൻ വിധിക്കപ്പെട്ടവരാകുന്നില്ല. ഗാർഹിക ജീവിതത്തിലേക്ക്‌ പ്രവേശിക്കാത്തവരോ, പ്രവേശിച്ച്‌ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നവരോ ആണ്‌ ലോക ചരിത്രഗതികളെ മാറ്റി മറിച്ചിട്ടുളളതെന്ന്‌ കാണാം. ഇവിടെ ഒരാൾ ചരിത്രമാകുന്നതിന്റെ ഭാഗമായിട്ടല്ല, വ്യക്തിജീവിതം സങ്കീർണ്ണവും പീഡാനുഭവങ്ങളുമായി പാതാള പതനങ്ങളിലേക്ക്‌ ആണ്ടുപോകാതിരിക്കുവാൻ, വിവാഹം ഒഴിവാക്കേണ്ടവരെക്കുറിച്ചാണ്‌ ചിന്തിക്കുന്നത്‌. ഏതു വിധവുമുളള ഒരസംതൃപ്‌തി അനുഭവിക്കുന്നവർ, സാഹചര്യങ്ങളുടെ സമ്മർദ്ദത്താലോ, നിരന്തരം ഏല്‌ക്കേണ്ടിവരുന്ന പരപ്രേരണയാലോ ഒരു നിമിഷത്തെ മാനസിക അട്ടിമറിക്ക്‌ വിധേയരായി ഇണയെ തെരഞ്ഞെടുക്കുവാൻ പാടില്ലാത്തതാകുന്നു. ഹൃദയത്തിൽ ഒരുകിയുറഞ്ഞുപോയ ചിന്തകളാകും ഏതു സന്ദർഭത്തിലും ഫലം വിരിച്ചെത്തുക. ജീവിതത്തെക്കുറിച്ച്‌ സുരഭിലമായ സ്വപ്‌നങ്ങൾ കാണാൻ കഴിയാത്തവർ, പ്രത്യാശകളും ലക്ഷ്യങ്ങളും സജീവമായി സൂക്ഷിക്കുവാൻ കഴിയാതെ വരുന്നവർ, മാനസ്സികവും ശാരീരികവുമായ അസ്വസ്ഥതകൾക്ക്‌ വിധേയരായവർ, സ്‌ത്രീസാന്നിധ്യം ഇഷ്‌ടവും അനിഷ്‌ടവുമായി അഭിമുഖീകരിക്കുന്നവർ, അന്യ ഗൃഹപരിസരങ്ങളോടും നിരർത്ഥകമായ ബന്ധുനിരയോടും പൊരുത്തപ്പെട്ടു പോകുവാനാവില്ലെന്ന്‌ ബോദ്ധ്യമുളളവർ, ബാദ്ധ്യതകളോട്‌ നീതിപുലർത്തുവാനും, സാമൂഹിക ആചാരാനുഷ്‌ഠാനങ്ങളോടും നിഷേധസമീപനം വച്ചുപുലർത്തുന്നവരൊക്കെ വിവാഹം ഒഴിവാക്കേണ്ടവരുടെ പട്ടികയിൽപ്പെടുന്നു. മേൽകുറിച്ച ചിന്തകൾ അടക്കിഭരിക്കുന്നവർ സ്‌ത്രീയെ ജീവിതത്തിന്റെ അഭിഭാജ്യഘടകമായി ഉൾക്കൊളളുവാനും സ്‌നേഹിക്കുവാനും കഴിയാതെ വരുന്നവരാണ്‌. അവർ കുടുംബജീവിതത്തിലേക്ക്‌ കടന്നുവന്നാലുളള അവസ്ഥയെന്താകും? ശിഥില വിചാരവികാരങ്ങളാൽ കീഴടക്കപ്പെട്ടവർക്ക്‌ ജീവിതം മടുപ്പുകൾ ഏല്‌പിക്കുന്ന തീപ്പൊളളലുകൾ മാത്രമാകും സംഭാവന ചെയ്യുക. അത്‌ ഗൃഹാന്തരീക്ഷത്തിൽ ഇടിമിന്നലുകൾ സൃഷ്‌ടിക്കുകയും വ്യക്തിയെ ഘട്ടംഘട്ടമായി ഇല്ലായ്‌മ ചെയ്യുകയും ചെയ്യും. വേറിട്ട ചിന്തകൾ തീവ്രമായി സൂക്ഷിക്കുന്നവർ സ്വന്തം പ്രവൃത്തികളുടെ ലോകത്ത്‌ നന്മ വിതറി ഏകാകികളായി സഞ്ചരിക്കുന്നതാണ്‌ നല്ലത്‌. അഥവാ കുടുംബമെന്ന സ്വകാര്യതയിലേക്ക്‌ പ്രവേശിക്കേണ്ടിവന്നാൽ സ്വന്തം വിചാരങ്ങളോട്‌ സന്ധി ചെയ്‌ത്‌ ഉറച്ച നിലപാട്‌ സ്വീകരിക്കാൻ കഴിയണം. ഇവിടെ വിട്ടുവീഴ്‌ചകളല്ല സ്വന്തം മാനസിക അവസ്ഥകളുടെ താളമാണ്‌ സംരക്ഷിക്കേണ്ടത്‌. ഒരസ്വസ്ഥ ഹൃദയനു മുന്നിൽ മറ്റൊരാൾ ചിന്ത അനുവദനീയമാകുവാൻ പാടില്ലാത്തതാണ്‌. പക്ഷേ, കുടുംബജീവിതത്തിൽ ഏകപക്ഷ നിലപാടുകൾ എത്രത്തോളം ശോഭനമാകും? ഒരാളുടെ ഉളളറിയാൻ കഴിയാത്ത കേവലം ഉടൽ സാന്നിദ്ധ്യം മാത്രമാണ്‌ അരികിലെങ്കിൽ പൊട്ടിത്തെറികൾക്ക്‌ കരിമരുന്നിന്റെ ആവശ്യമുണ്ടാകുന്നില്ല. എല്ലാവരെപ്പോലെയും ഒരാളല്ല താനെന്ന്‌ ബോദ്ധ്യമുളളവർ വിവാഹത്തിന്‌ മുൻപ്‌ നൂറ്റൊന്നു തവണ ആലോചിക്കണം. അവിവാഹിതന്റെ ജീവിതം വിവാഹിതന്റെ ജീവിതംപോലെ മാരകമാകുന്നില്ല.

ജീവിതം ഒരു പ്രദർശനശാലയാണ്‌. ഇവിടെ ഭാഗീകമായെങ്കിലും പ്രദർശന വസ്‌തുവാകാൻ സന്നദ്ധതയുളളവർക്ക്‌ മാത്രമേ അത്‌ സുഖകരമായ അനുഭവമായ അനുഭവമായി തീരുകയുളളൂ. ചുരുക്കത്തിൽ സ്‌ത്രീകളോട്‌ മാനസിക വിധേയത്വം അനുഭവപ്പെടാത്തവർ വ്യക്തി ജീവിതത്തിൽ അവരെ ഒഴിവാക്കി ചിന്തിക്കുന്നത്‌ സ്വകാര്യസന്തോഷങ്ങൾ നിലനിർത്താൻ സഹായിക്കും. പുരുഷവിധേയത്വം ഇഷ്‌ടമാകാത്ത സ്‌ത്രീകൾക്കും ഈ ചിന്ത ബാധകംതന്നെ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.