പുഴ.കോം > ഗ്രാമം > എഡിറ്റോറിയല്‍ > കൃതി

മൃതശരീരം കാത്തു വയ്‌ക്കുന്നതെന്തിന്‌?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

മുഖക്കുറിപ്പ്‌

മകൻ ഇംഗ്ലണ്ടിൽ, മകൾ അമേരിക്കയിൽ, അച്ഛൻ അല്ലെങ്കിൽ അമ്മ ഫ്രീസറിൽ. വർത്തമാനകാല ജീവിതത്തിന്റെ നേർക്കാഴ്‌ചകളിലെ ക്രൂരമായ ഒരിനമാണിത്‌. ഒരു മനുഷ്യശരീരം അതിന്റെ കാലശേഷവും കണ്ണാടിക്കൂടിനുള്ളിൽ ആരെയൊക്കെയോ കാത്ത്‌ തണുത്തുറഞ്ഞ്‌, എരിഞ്ഞു തീരാൻ കാത്തുകിടക്കേണ്ടി വരുന്ന ഗതികേടിൽ ചിന്തിക്കാവുന്ന, ചിന്തിക്കേണ്ടിവരുന്ന ഒരു വസ്‌തുതയുണ്ട്‌. വാർദ്ധക്യ കാലത്തൊരു കൈത്താങ്ങിനും, അന്ത്യശ്വാസം വലിക്കും മുൻപ്‌ ഒരിറക്ക്‌ വെള്ളം പകർന്നു കൊടുക്കാനും, അയൽക്കാരനും പരിചാരകനും ആവശ്യമായി വരുമ്പോൾ മക്കൾ എന്തിനെന്ന ചോദ്യവും ചിന്തയും പ്രസക്തമായി തീരുന്നു. ചിറക്‌ മുളയ്‌ക്കുമ്പോൾ പറന്നുപോകുന്ന, പറത്തിവിടുന്ന കാക്കക്കുഞ്ഞുങ്ങളെപ്പോലെയാകുന്നു മനുഷ്യക്കുഞ്ഞുങ്ങളും. അങ്ങനെ ഒരു ഹൃദയശൂന്യതയെ പരിപോഷിപ്പിച്ചെടുക്കാൻ കഴിയുന്നതുകൊണ്ടാണ്‌ മരണരംഗ ചിത്രീകരണങ്ങളും, മക്കൾക്ക്‌ വരാനാകില്ല, ക്രിയകൾ നടക്കട്ടെ എന്ന അവസ്ഥകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്‌. ഇവിടെ ഉന്നയിക്കുന്ന കാതലായ ചോദ്യം മൃതശരീരം എന്തിനു കാത്തുവയ്‌ക്കുന്നു എന്നതാണ്‌. മരിച്ച ആൾ മഹാപണ്ഡിതനോ പ്രിയപ്പെട്ടവനോ ആകട്ടെ, മരണത്തോടെ ഭൂമിയിലുള്ള അയാളുടെ എല്ലാ പ്രശ്‌നങ്ങളും അസ്‌തമിക്കുന്നു. പിന്നെയും പ്രശ്‌നങ്ങൾ അവശേഷിക്കുന്നത്‌ ജീവിച്ചിരിക്കുന്നവരെ അസ്വസ്ഥരാക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്‌. മൃതശരീരം വച്ചുകൊണ്ടുള്ള കാത്തിരിപ്പ്‌ എന്ത്‌ ലക്ഷ്യമാക്കിയാലും ദുസ്സഹമാണ്‌. അതുകൊണ്ട്‌ മൃതശരീരം എത്രയും വേഗം മറവുചെയ്യാനാകണം നാം സന്നദ്ധരാകേണ്ടത്‌. ജീവിച്ചിരിക്കുമ്പോഴുള്ള കാണലും കടമ നിർവ്വഹിക്കലുമാണ്‌ വ്യക്തിജീവിതത്തിൽ കരണീയമായിട്ടുള്ളത്‌. മൃതശരീരം കാണുന്ന അതേ ആർദ്രതയിൽ മരിച്ചയാളുടെ ചിത്രത്തേയും കാണാൻ കഴിയും. അകലെയുള്ള ഒരാളുടെ ഒരു നോക്കിന്‌ വേണ്ടി ഒരുപാടുപേരെ അസ്വസ്ഥരാക്കേണ്ടിവരുന്നവർക്ക്‌ ചിത്രദർശനമാണ്‌ ഉചിതം. ചിത്രം എന്നും മനസ്സിലുണ്ടായെന്നു വരാം. ശവരൂപം ഭയം ജനിപ്പിക്കുന്നതാകയാൽ മനസ്സിൽ തങ്ങി നിൽക്കുവാനും ഇടയില്ല.

ശവദർശനം ഒരു ചടങ്ങ്‌ മാത്രമാണ്‌. മൃതശരീരം കണ്ടില്ല പരാതികളെയും പരിഭവം പറച്ചിലുകളെയും തീർത്തും അവഗണിക്കാവുന്നതാണ്‌. ഇരിക്കുന്തോറും ദുഷിക്കുന്ന ഒന്നാണ്‌ നമുക്ക്‌ പ്രിയപ്പെട്ടതെന്ന്‌ പറയുന്ന ശവം. കാത്തു വയ്‌പ്പുകളിൽ ജീവിച്ചിരിക്കുന്നവന്റെ മാനഭയമാണുള്ളത്‌. ഇത്‌ മറ്റ്‌ കാര്യങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നാണ്‌ വിചാരിച്ചു പോകുന്നത്‌. മൃതശരീരങ്ങൾ അടക്കം ചെയ്യുന്നതും കല്ലറ കെട്ടി സൂക്ഷിക്കുന്നതും മറ്റൊരു പ്രാകൃത നടപടിയാണ്‌. ശരീരം മണ്ണിനുള്ളതാണ്‌. അത്‌ ചാരമായി മണ്ണിലലിഞ്ഞ്‌ തീരണം. ക്രിസ്‌ത്യൻ മുസ്ലീം സമുദായങ്ങളിലെ ശവങ്ങൾ കല്ലറകെട്ടി സൂക്ഷിക്കൽ അഭികാമ്യമോ എന്ന വീണ്ടുവിചാരത്തിന്‌ സമയമായിട്ടുണ്ട്‌. മൃതശരീരങ്ങൾ സംസ്‌കരിക്കുന്നതാണ്‌ നല്ലതെന്ന ക്രൈസ്തവ പുരോഹിതൻമാരുടെ അഭിപ്രായം ഹൈന്ദവ സമൂഹത്തിനുള്ള അംഗീകാരം കൂടിയാണ്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.