പുഴ.കോം > ഗ്രാമം > ഉപന്യാസം > കൃതി

എന്റെ ഗ്രാമം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രൻ മലയങ്കാവ്‌

പാലക്കാട്‌ ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തിലാണ്‌ മലയങ്കാവ്‌ ഗ്രാമം. പുതുശ്ശേരിയുടെ എല്ലാവിധ ഐശ്വര്യങ്ങൾക്കും നിദാനമായി വിളങ്ങുന്ന പുതുശ്ശേരി ശ്രീ കുറുംബഭഗവതി ക്ഷേത്രത്തിൽ നിന്നും ഏകദേശം അരക്കിലോമീറ്റർ തെക്കുഭാഗത്തായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. പേരു കേട്ടാൽ മലയും കാവും ചേർന്ന പ്രദേശമാവാമെന്നു തോന്നുമെങ്കിലും ഇവിടെ മലയില്ല. എന്നാൽ കാവ്‌ ഉണ്ടുതാനും. കൃഷിഭൂമിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ്‌. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന നൂറോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു.

ഇവിടെയൊരു കാവ്‌ (ക്ഷേത്രം) ഉള്ള കാര്യം സൂചിപ്പിച്ചിരുന്നുവല്ലോ. മുല്ലയ്‌ക്കൽ ഭഗവതി ക്ഷേത്രമെന്ന പേരിലാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. കൊടുങ്ങല്ലൂരമ്മയായ ഭദ്രകാളിയും, ഭൂതഗണങ്ങളിലൊരാളായ ഘണ്ടാകർണ്ണനുമാണ്‌ പ്രതിഷ്‌ഠികൾ. മുമ്പ്‌ ഈ കാവിലെ വെളിച്ചപ്പാടന്മാർ (പൂജാരിമാർ) വസൂരിയ്‌ക്ക്‌ മന്ത്രവാദ ചികിത്സ നടത്തിയിരുന്നുവത്രേ. ഈ കാവിൽ അഞ്ച്‌ ദിവസം നീണ്ടു നിൽക്കുന്ന ഭഗവതി പാട്ടുത്സവം മകരമാസത്തിൽ കൊണ്ടാടുന്നു. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ഒരുമയുടെ ദൃഷ്ടാന്തമാണ്‌ ഈ ഉത്സവം.

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമമാണിത്‌. അതിന്റേതായ ഒരു പെരുമാറ്റ പ്രശ്നം പൊതുവെ ഇവിടുത്തുകാർക്ക്‌ ഉണ്ടെന്നുള്ളത്‌ തൊട്ടടുത്ത പ്രദേശങ്ങളിലുള്ളവർ പറഞ്ഞുവരുന്നത്‌ കേട്ടു വളർന്ന ഒരാളാണു ഞാനും. അതിലുള്ള വാസ്തവം മറച്ചുവെയ്‌ക്കുന്നില്ല. ഇവിടുത്തുകാരനെന്ന നിലയിൽ അതെന്റെ ആത്മപരിശോധനയുടെ ഭാഗമാണ്‌. പൊതുവെ പ്രായോഗികബുദ്ധി കൂടുതൽ പ്രദർശിപ്പിക്കുന്ന ഒരു ജനതയാണ്‌. വിവിധ രാഷ്ര്ടീയങ്ങളിൽ വിശ്വസിക്കുന്നു. രാഷ്ര്ടീയം പലപ്പോഴും വ്യക്തി ബന്ധങ്ങളുടെ ഊഷ്മളതയ്‌ക്ക്‌ വിഘാതമായിട്ടുണ്ട്‌ എന്നു പറയാതെ വയ്യ.

വിദ്യാഭ്യാസത്തിന്റെ അഭാവവും പുറംലോകവുമായിട്ടുള്ള ഇടപഴകൽ ഇല്ലായ്മയും അഹന്തയുടേയും അജ്ഞതയുടേയും ആഴം വർദ്ധിപ്പിക്കാനേ സാഹചര്യമൊരുക്കിയിട്ടുള്ളൂ എന്നത്‌ ഇന്നും തിരിച്ചറിഞ്ഞിട്ടില്ലാത്ത അല്ലെങ്കിൽ തിരിച്ചറിയാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു പാവം ജനത ഇവിടെ ജീവിക്കുന്നു. വെറും പാവങ്ങൾ. എല്ലാ കുറ്റങ്ങളും കുറവുകളോടും കൂടി ഞാൻ എന്റെ ഗ്രാമത്തെ സ്നേഹിക്കുന്നു. പെറ്റമ്മയെന്നപോലെ.

രവീന്ദ്രൻ മലയങ്കാവ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.