പുഴ.കോം > ഗ്രാമം > പുസ്തകനിരൂപണം > കൃതി

“പെൺകുട്ടി ഒരു രാഷ്‌ട്രമാണ്‌ എന്ന കവിതാ സമാഹാരത്തെപ്പറ്റി”

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുനിൽ.സി.ഇ.

പുസ്‌തകനിരൂപണം

ബാലചന്ദ്രൻ ചുളളിക്കാടിനുശേഷം ഹോളിഡെയ്‌സിലായിരുന്ന കവിതകൾ തിരിച്ചു വരികയാണ്‌ രൂപേഷ്‌ പോളിന്റെ “പെൺകുട്ടി ഒരു രാഷ്‌ട്രമാണ്‌ എന്ന കവിതാ സമാഹാരത്തിലൂടെ. കവിതയിൽ ഇനി പുതിയ സോഫ്‌റ്റ്‌ വെയറുകൾ ആകാമെന്നും, ഇപ്പോൾ ശിരസ്സുയർത്തി നിൽക്കുന്നവരുടെ കവിതകൾ ഇനി ചവറ്റുകുട്ടയിലേക്ക്‌ വലിച്ചെറിയാം എന്നുളള ഒരു താക്കീതും ഈ പുസ്‌തകം വച്ചുനീട്ടുന്നു. ഇതിൽ ലാമിനേറ്റ്‌ ചെയ്‌ത്‌ സൂക്ഷിക്കേണ്ട ചില ലിപികൾ തിങ്ങിപ്പാർക്കുന്നു.

അപ്പൊകാലിപ്‌റ്റിക്‌ എന്നൊരു പദമുണ്ട്‌. എവിടെയോ ഒളിഞ്ഞിരുന്ന്‌ ഭാവിയെ നോക്കുന്ന അദൃശ്യനേത്രം എന്നൊക്കെ അപ്പൊകാലിപ്‌റ്റിക്‌ എക്‌സ്‌പറ്റേഷനെ വിശേഷിപ്പിക്കാം. കാവ്യപാരമ്പര്യം കടുത്ത പരീക്ഷണങ്ങളുടെയും മാറിപ്പാർക്കലിന്റെയും ആണെന്നു തിരിച്ചറിയുന്ന രൂപേഷ്‌-ഒളിഞ്ഞിരുന്ന ഒരു പുതിയ കാവ്യരീതി ഉദ്‌ഘാടനം ചെയ്യുകയാണ്‌.

ചിട്ടവിട്ടൊട്ടിച്ച സെൽഫ്‌ പോട്രെയ്‌റ്റുകളാണ്‌ ”ഏപ്രിൽ-മെയ്‌ മാസങ്ങളിലെ നമ്മുടെ പ്രണയത്തിന്റെ നില“, ‘ഉത്തരകാലത്തെ പ്രണയലേഖനം’, ‘പ്രണയ വണ്ടി’ എന്നീ കവിതകൾ. സംസ്‌കാരത്തിന്റെ ജീർണ്ണതയെയും പൈതൃകത്തിന്റെ വൈകല്യങ്ങളെയും കവിതയുടെ പുതിയ സോഫ്‌റ്റ്‌ വെയറുകൾകൊണ്ട്‌ ആക്രമിക്കുകയാണ്‌ രൂപേഷ്‌ പോൾ. ഇതിൽ വാക്കുകൾ സ്വതന്ത്രമായി രൂപപ്പെടുകയാണ്‌. ഈ കവിതാസമാഹാരത്തിലെ ഓരോ കവിതയും മാംസം ധരിച്ചിരിക്കുന്നു. ഇതിലെ വാക്കുകൾക്ക്‌ കവി ഉത്തരാധുനികതയുടെ ഉടുപ്പുതുന്നുന്നു. അതുകൊണ്ടാണ്‌ നോട്ടങ്ങൾ തീവ്രമാകുന്നത്‌. സംസ്‌കാരത്തിൽ കുടിയേറിപ്പാർക്കുന്ന വക്രതകൾ കണ്ട്‌ മിഴികൾ കുഴഞ്ഞപ്പോൾ മൗസിലേക്കും ചില ക്ലിക്കുകളിലേക്കും ഒരു കടുത്ത മാറിപ്പാർക്കൽ നടത്തുകയാണ്‌. എഴുതി എഴുതി കൈയിൽ തഴമ്പുവീണ കവിയല്ല രൂപേഷ്‌, മറിച്ച്‌ ചില വിഷ്വൽസ്‌ ഈ പുരുഷായുസ്സിനെ കുത്തിനോവിച്ചപ്പോൾ സംഭവിക്കുന്ന സ്‌പോന്റേനീയസ്‌ ക്ലിക്കുകളാണ്‌.

ഈ പുസ്‌തകത്തിലെ മികച്ച കവിതകളാണ്‌, പെൺകുട്ടി ഒരു രാഷ്‌ട്രമാണ്‌, കൊതുക്‌ ഒരു പക്ഷിയല്ല, യുദ്ധാനന്തരം തുടങ്ങിയ രചനകൾ. പുതു കവിതയുടെ ആയുസിന്റെ ദൈർഘ്യം കുറവാണെന്നും, നിലനില്‌പ്പില്ലെന്നും ഒക്കെ വാദിക്കുകയും ശാഠ്യം പിടിക്കുകയും ചെയ്യുന്ന രണ്ടാംകിട നിരൂപകർക്കുളള ഉത്തരം കൂടിയാണീ പുസ്‌തകം. (പ്രസാധകർ ഡി.സി., വില - 35 രൂപ)

സുനിൽ.സി.ഇ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.