പുഴ.കോം > ഗ്രാമം > പുസ്തകനിരൂപണം > കൃതി

ഗുരുമനസ്സിലേക്കൊരു തീർത്ഥാടനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീജിത്ത്‌ യു.വി.

പുസ്‌തകനിരൂപണം

ചരിത്ര പുരുഷൻമാരെ കഥയുടെയും നോവലിന്റെയും രൂപഘടനയ്‌ക്കുളളിലേക്ക്‌ കൊണ്ടുവരിക ശ്രമകരമായ ഒരു ദൗത്യമാണ്‌. കാരണം ചരിത്രം എപ്പോഴും ഗണിതശാസ്‌ത്രപരമായ യുക്തികളെ ആശ്രയിക്കുന്നു. എന്നാൽ കഥയ്‌ക്ക്‌ ഭാവനയെ നിരാകരിച്ച്‌ നിലനില്‌ക്കാനാവില്ല. ചരിത്രത്തെ നോവലിലേക്കാവാഹിക്കുമ്പോൾ അതിന്‌ ഭാവനയുടെ പിൻബലം കൂടിയേ തീരൂ. ഇവിടെയാണ്‌ എഴുത്തുകാരൻ വലിയൊരു വെല്ലുവിളിയെ നേരിടുന്നത്‌. ചരിത്രത്തെയും ഭാവനയെയും സൗന്ദര്യാത്മക തലത്തിൽ സമന്വയിപ്പിക്കാൻ കഴിയുമ്പോഴാണ്‌ ഇത്തരം പ്രമേയങ്ങളെ എഴുത്തുകാരൻ വിജയകരമായി കീഴടക്കുന്നത്‌.

ഇത്തരമൊരു പ്രതിസന്ധിഘട്ടത്തെ വിജയകരമായി അതിജീവിച്ച കൃതിയാണ്‌ പെരുമ്പടവം ശ്രീധരന്റെ ഏറ്റവും പുതിയ നോവലായ ‘നാരായണം’. കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കർത്താക്കളിൽ ഒരാളും തികഞ്ഞ ഉത്‌പതിഷ്‌ണവും ആത്മീയാചാര്യനുമായിരുന്ന ശ്രീനാരായണഗുരുവിന്റെ ജീവിതത്തിലെ ഏറ്റവും സംഘർഷ ഭരിതമായ കുറെ മുഹൂർത്തങ്ങളെ സമർത്ഥമായി നോവലിന്റെ ഫ്രെയിമിലേക്ക്‌ കൊണ്ടുവരികയാണ്‌ പെരുമ്പടവം. അന്ത്യനാളുകളിൽ മരണാസന്നനായി കിടക്കുന്ന ഗുരുവിന്റെ സ്‌മൃതിധാരകളെയും വർത്തമാനത്തെയും സവിശേഷമായ ഒരനുപാതത്തിൽ ഇടകലർത്തി ഗുരുവിന്റെ ആത്മസംഘർഷങ്ങളിലേക്കും ജീവിതത്തിന്റെ അശാന്തിയിലേക്കും ആത്മീയൗന്നത്യത്തിന്റെ ഗിരിശൃംഗങ്ങളിലേക്കും സൂഷ്‌മബുദ്ധിയോടെ സഞ്ചരിക്കുകയാണ്‌ നോവലിസ്‌റ്റ്‌. അമാനുഷികതയുടെ ദിവ്യാവരണങ്ങൾ കൊണ്ട്‌ മൂടപ്പെട്ട ഗുരുവല്ല പെരുമ്പടവത്തിന്റേത്‌. ഒരു സാധാരണ മനുഷ്യന്റെ എല്ലാ വിചാരവികാരങ്ങളോടും കൂടിയ യോഗീവര്യനാണ്‌. ആ വലിയ മനസ്സിന്റെ ചെറിയ ഇടങ്ങളിലേക്ക്‌ പോലും അത്യന്തം സൂഷ്‌മതയോടെ കടന്നുച്ചെന്ന്‌ ആത്മഭാവത്തിന്റെ അംശങ്ങൾ ഒപ്പിയെടുക്കാൻ കഴിയുന്നു നോവലിസ്‌റ്റിന്‌.

ഒട്ടേറെ ചരിത്രപുരുഷൻമാർ ഗുരുവിനൊപ്പം നോവലിലേക്ക്‌ വരുന്നുണ്ട്‌. ശ്രീമദ്‌ വിദ്യാധിരാജ ചട്ടമ്പിസ്വാമികളും സഹോദരൻ അയ്യപ്പനും ഡോക്‌ടർ പല്‌പുവും ഗുരുവിന്റെ ജീവിതത്തിലെ നിർണായക ബന്ധങ്ങളിലെ കണ്ണികളായിരുന്നു. ഒരു സമൂഹത്തിന്റെയും സമുദായത്തിന്റെയും മുന്നേറ്റത്തെയും ഭാവിയെയും കുറിച്ചുളള ഉത്‌കണ്‌ഠകൾ ഗുരു പങ്കുവച്ചിരുന്നത്‌ ഇവരുമായിട്ടായിരുന്നു. അവരോടുളള ആശയവിനിമയത്തിലൂടെയാണ്‌ ഗുരുവിന്റെ വ്യാകുലതകളും ആശങ്കകളും വിനിമയം ചെയ്യപ്പെടുന്നത്‌.

ത്യാഗിയായ ഒരു യതിവര്യന്റെ ആത്മീയ ജീവിതത്തിലേക്കുളള ഒരു ആരാധകന്റെ തീർത്ഥയാത്രയാണ്‌ ‘നാരായണം’ യാത്ര ഈ നോവലിലെ കേന്ദ്രബിംബമാണ്‌. യാത്ര എന്ന രൂപകത്തെ, ഗുരുവിന്റെ ജീവിതയാത്രയെ ചിത്രീകരിക്കാനുളള സമർത്ഥമായ ബിംബമാക്കി മാറ്റിയിരിക്കുന്നു നോവലിസ്‌റ്റ്‌. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി മുമ്പും നിരവധി കൃതികളുണ്ടായിട്ടുണ്ട്‌. പക്ഷേ ആവിഷ്‌കരണത്തിന്റെ അനന്യത കൊണ്ടും സമീപനത്തിലെ പുതുമകൊണ്ടും അവയൊക്കെ മറികടക്കുന്നു പെരുമ്പടവത്തിന്റെ ‘നാരായണം’.

നാരായണം (നോവൽ), പെരുമ്പടവം ശ്രീധരൻ, വിതരണംഃ കറന്റ്‌ ബുക്‌സ്‌, വിലഃ 80 രൂപ. പ്രസാധനംഃ സങ്കീർത്തനം പബ്ലിക്കേഷൻസ്‌.

ശ്രീജിത്ത്‌ യു.വി.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.