പുഴ.കോം > ക്ലാസിക്സ് > പുരാണം > ശ്രീമഹാഭാരതം > കൃതി

അംശാവതാരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തുഞ്ചത്തെഴുത്തച്‌ഛൻ

ശ്രീമഹാഭാരതം - സംഭവം

താപസവരൻ വൈശമ്പായനൻതന്നെ നോക്കി-

ബ്‌ഭൂപതിവരൻ ജനമേജയൻ ചോദ്യം ചെയ്താൻ.

ദേവ ദാനവ യക്ഷ രക്ഷസാംപരിഷകൾ

കേവലമവനിയിൽ പിറന്നിതെന്നാകിലോ

ഇന്നവനിന്നവനായ്‌വന്നതും പിന്നെയെന്ന-

തെന്നോടു വഴിപോലെയരുൾചെയ്‌കയും വേണം.

കേട്ടുകൊൾകെങ്കിലെന്നു മാമുനിയരുൾചെയ്‌തു.

കേൾക്കണംനിങ്ങൾക്കെങ്കിൽ ഞാനുമൊട്ടൊട്ടു ചൊല്ലാം.

ദാനവൻ വിപ്രചിത്തിയായതു ജരാസന്ധൻ

ഹിരണ്യകശിപുവാം ദൈതേയൻ ശിശുപാലൻ

പ്രഹ്ലാദൻതന്റെ തമ്പി സഹ്ലാദനല്ലോ ശല്യർ

വീരനാമനുഹ്ലാദൻ ദൈതേയൻ ധൃതകേതു

ശിബിയാമസുരേശൻ ദ്രുമനാം നരപതി

ബാഷ്‌കളനായദൈത്യനായതു ഭഗദത്തൻ.

ദാനവനായശ്ശിരാ വേഗവാനയശ്ശങ്കു

വീരനാമശ്വശിരാ ഗഗനമൂർദ്ധാവെന്നും.

അഞ്ചുപേരൊരുമിച്ചു കേകയരാജ്യത്തിങ്കൽ

ഭൂപതിവീരന്മാരായ്‌പിറന്നാരെന്നു കേൾപ്പൂ.

കേതുമാനെന്ന ദൈത്യനമിതൗജസ്സാം നൃപൻ

സ്വർഭാനുവെന്ന ദൈത്യനായതുമുഗ്രസേനൻ

അശ്വനാകിയ ദൈത്യൻ പിറന്നാനശോകനാ-

യശ്വസോദരനശ്വപതിയാമസുരേശൻ.

ഹാർദ്ദിക്യനായി വന്നു പിറന്നാനറിഞ്ഞാലും

വൃഷപർവ്വാവു ദീർഘപ്രജ്ഞനാം നരപതി.

വൃഷപർവ്വാവിൻ തമ്പിയായവൻ മല്ലനായാൻ

അശ്വഗ്രീവാഖ്യൻ രോചമാനനാം നരപതി.

സൂക്ഷ്‌മനാകിയദൈത്യൻ സുമതിയായ ഭൂപൻ.

കീർത്തിമാനായ ദൈത്യൻ ബൃഹന്തനെന്ന നൃപൻ

തുഹുണ്ഡനായ ദൈത്യൻ താനല്ലോ സേനാവിന്ദു

ഖസൃവാമസുരേശൻ പാപജിത്തായ നൃപൻ

ഏകചക്രാഖ്യാസുരനായതു പ്രതിവിന്ധ്യൻ.

വീരനാം വിരൂപാക്ഷൻ ചിത്രവർമ്മാവാം നൃപൻ

ഹരനാം ഹരിഹരിനായുളേളാരസുരേശൻ

പിറന്നാൻ സുബാഹുവാം ഭൂപതിതിലകനായ്‌.

അഹരനായ ദൈത്യൻ ബാൽഹികനായ നൃപൻ

നിചന്ദ്രനായ ദൈത്യൻ മുഗ്‌ദ്ധകേശാഖ്യനൃപൻ.

നിസുരഭമഹാസുരനായതു ദേവാധിപൻ

ശരഭമഹാസുരൻ പൗരവനായ നൃപൻ.

കാപഥനായ ദൈത്യൻ ഭൂപതി സുപാർശ്വൻപോൽ

കഥനാമസുരേശൻ പർവ്വതേയാഖ്യനൃപൻ.

പിന്നെയും ശരഭനെന്നുണ്ടൊരു മഹാസുരൻ

മന്നവനായാനവൻ ബാൽഹികരാജ്യത്തിങ്കൽ

പ്രഹ്ലാദനെന്നുതന്നെ പേരവനാകുന്നതും.

ചന്ദ്രനാമസുരേശനായതു മൃചീകൻതാൻ

മൃതവാനെന്നുപേരാമസുരാധിപനല്ലോ

പശ്ചിമനനൂപനെന്നൊച്ചപൂണ്ടൊരു നൃപൻ.

ഗർവ്വിഷ്‌ഠനായ ദൈത്യൻ ദ്രുമത്സേനാഖ്യനൃപൻ

ദൈത്യേശനായ മയൂരൻ വന്നു പിറന്നിതു

ധാത്രിയിൽ വിശ്വനെന്ന പാർത്ഥിവശ്രേഷ്‌ഠനായേ.

ദൈതേയൻ ദീർഘജിഹ്വനായതു കാശിനൃപൻ.

രാഹുവാമസുരേശൻ ക്രഥനാം നരപതി.

സുവർണ്ണനായ ദൈത്യൻ ക്രോധകീർത്തിയുമായാൻ

ദൈത്യനാം ചന്ദ്രഹന്താ ശുനകനായ നൃപൻ

ദൈതേയവിനാശനൻ ജനകനായ നൃപൻ

വിഷ്‌കരനായ ദൈത്യൻ സുമിത്രനായ നൃപൻ

വിഷ്‌കരസഹോദരൻ പാംസുരാഷ്‌ട്രാധിനാഥൻ

വീരനെന്നതുതന്നെ പേരായോരസുരേശൻ

പൗണ്ഡ്‌റമത്സ്യകനെന്ന രാജാവായ്‌ പിറന്നതും.

വൃത്രനാമസുരേശൻ മണിമാനായ നൃപൻ

ക്രോധഹന്താവാം ദൈത്യൻ ദണ്ഡനാകിയ നൃപൻ.

ക്രോധവർദ്ധനദൈത്യൻ ദണ്ഡധാരനുമായാൻ.

കാലകേയന്മാരാകുമെട്ടുപേരസുരരും

ചാലേ വന്നവനിയിൽ പിറന്നാർ നൃപന്മാരായ്‌.

അന്നരപതികൾതൻ നാമങ്ങളതും ചൊല്ലാം

ജയസേനനുമപരാജിതൻ താനും പിന്നെ

നിഷധാധിപൻതാനും ശ്രേണിമാനെന്നവനും

ചൊല്ലെഴും മഹീജനുമഭിരൂപനും പിന്നെ

സുഭദ്രസേനൻതാനും ബൃഹന്നാമാവുമേവം

എട്ടു ഭൂപാലന്മാരും കാലകേയന്മാരല്ലോ

ദുഷ്‌ടരാം ക്രോധവശഗണമാമസുരന്മാർ

ദുഷ്‌ടഭൂപതികളായുത്ഭവിച്ചതുമെല്ലാം.

നന്ദികൻ കർണ്ണവേഷ്‌ടൻ സിദ്ധാശ്വൻ ക്രീഡകനും

വീരനാം സുവീരനും ശൂരനാം സുബാഹുവും

ധീരനാം മഹാവീരൻ ബാൽഹികൻ ക്രോധൻതാനും

വിചിത്രൻ സുരഥനും നീലനും വീരധാമാ

ഭൂമിപാലേന്ദ്രൻ ദന്തവക്രനും ദുർജ്ജയനും

രുഗ്‌മിയാം നൃപൻ ജനമേജയനാഷാഢനും

വായുവേഗനും ഭൂരിതേജസ്സുമേകലവ്യൻ

സുമിത്രൻ വാജിധാനൻ ഗോമുഖനിവരെല്ലാം

കാരൂശാധിപന്മാരാം ഭൂപതിവീരന്മാർപോൽ.

ക്ഷേമധൂർത്തിയും ഭൂവി ചൊല്ലേറും ശ്രുതായുവു-

മുദ്ധവൻ ബൃഹത്സേനൻ ക്ഷേമനുമഗ്രതീർത്ഥൻ

കുഹകന്മതിമാനും കലിംഗരാജാക്കന്മാർ.

ഇവരും ക്രോധവശന്മാരായ സുരാദികൾ

ദേവകനായതൊരു ഗന്ധർവ്വശ്രേഷ്‌ഠനല്ലോ.

ഗുരുവാം ബൃഹസ്‌പതിതന്നുടെയംശമല്ലോ

ഗുരുവാം ദ്രോണർ ഭരദ്വാജനന്ദനനെടോ.

ഈശന്റെ കാമവുമക്കാലന്റെ കോപവും കൂ-

ടേശിയൊന്നായിച്ചമഞ്ഞുണ്ടായാനശ്വത്ഥാമാ.

വസുക്കൾ ഗംഗതങ്കൽ ശന്തനുപുത്രരായാർ

വസിഷ്‌ഠശാപംകൊണ്ടു വാസവനിയോഗത്താൽ.

അവരിലെല്ലാരിലുമനുജനല്ലോ ഭീഷ്‌മർ.

രുദ്രന്മാരുടെയംശമായതു കൃപാചാര്യൻ.

ത്രിശങ്കുവെന്ന ഭൂപൻ പാവരനായാനല്ലോ

ചൊല്ലെഴും മരുത്തുക്കളായ ദേവകളുടെ-

യംശത്താലുണ്ടായിതു സാത്യകിയെന്ന വീരൻ.

ഗണദേവകളുടെയംശസംഭൂതന്മാരായ്‌

ദ്രുപദൻ വിരാടനും കൃതവർമ്മാവുമുളളു.

അരിഷ്‌ഠസുതനായ ഹംസനാം ഗന്ധർവ്വേശൻ

വരിഷ്‌ഠനായ ധൃതരാഷ്‌ട്രനെന്നറിഞ്ഞാലും.

കലിതന്നുടെയംശം ദുര്യോധനനൃപൻ

പൗലസ്ത​‍്യന്മാർപോൽ മറ്റേ നൂറ്റുപേരെല്ലാവരും.

ധർമ്മരാജനും വന്നു പിറന്നു വിദുരരായ്‌

ധർമ്മൻതന്നുടെയംശമായതു യുധിഷ്‌ഠിരൻ.

വായുവിനുടെയംശം ഭീമനെന്നറിഞ്ഞാലും

ദേവേന്ദ്രനുടെയംശം ഫല്‌ഗുനൻ മഹാരഥൻ.

അശ്വിനിദേവകൾതന്നംശം മാദ്രേയന്മാരു-

അഗ്നിതന്നുടെയംശമായതു ധൃഷ്‌ടദ്യുമ്‌നൻ.

ആദിത്യനുടെയംശം കർണ്ണനെന്നറിഞ്ഞാലും

സോമനന്ദനനായ സുവർച്ചസ്സഭിമന്യു.

വിശ്വദേവകളുടെയംശം ദ്രൗപദേയന്മാർ

സ്‌ത്രീപുംസമായിട്ടുളള ഗുഹ്യകൻ ശിഖണ്ഡിയും.

ത്രിദിവലക്ഷ്‌മിയുടെയംശംപോൽ പാഞ്ചാലിയും

ധൃതിയും സിദ്ധിയുംപോൽ കുന്തിയും മാദ്രിതാനും.

പ്രദ്യുമ്‌നൻ സനൽക്കുമാരാംശമെന്നതും ചൊല്ലു-

മനന്തമൂർത്തിയുടെയംശംപോൽ ബലഭദ്രൻ.

വിഷ്‌ണുതന്നുടെയംശം കൃഷ്‌ണനെന്നറിഞ്ഞാലും.

മാധവമതമറിഞ്ഞംബുജോത്ഭവൻചൊല്ലാൽ

വാസവനിയോഗംകൊണ്ടപ്സരസ്‌ത്രീകളെല്ലാം

മാധവപത്‌നികൾപോൽ പതിനാറായിരവും.

ഇത്തരമവരവർ പൃഥ്വിയിൽ പിറന്നതും

വിസ്‌തരിച്ചുരചെയ്യാനെത്രയും പണിയത്രേ.

ഇരുനൂറദ്ധ്യായമാം സംഭവപർവ്വംതന്നിൽ

സുര ദാനവ ഗന്ധർവ്വാദികളുടെ ജന്മം.

അംശാവതരണമിതൊമ്പതദ്ധ്യായമുണ്ടു

വൈശമ്പായനമുനി ചൊന്നതെന്നറിഞ്ഞാലും.

ജനമേജയനൃപൻതന്നുടെ ചോദ്യമിനി

വിരവോടുരചെയ്യാം കേൾക്കേണമെന്നാകിലോ.

പൂരുവാം നരപതിവീരനാം യയാതിതൻ

പുത്രനെന്നല്ലോ കേൾപ്പിതെത്രയും പ്രസിദ്ധനായ്‌.

അപ്പരമ്പരതന്നിലുണ്ടായി ദുഷ്‌ഷന്തനു-

മവന്റെ മക്കൾ ജനമേജയൻ ഭരതനും.

അവിടെത്തന്നെയൊട്ടു പരപ്പിൽ പറയേണ-

മവനീശ്വരനായ ഭരതൻകഥയെല്ലാം.


Previous Next

തുഞ്ചത്തെഴുത്തച്‌ഛൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.