പുഴ.കോം > ക്ലാസിക്സ് > പുരാണം > ശ്രീമഹാഭാരതം > കൃതി

ഗരുഡന്റെ ദേവലോകപ്രാപ്തിയും അമൃതാപഹരണവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തുഞ്ചത്തെഴുത്തച്‌ഛൻ

ശ്രീമഹാഭാരതം

കോടി ദിവാകരസംവർത്തകാഗ്നിക-

ളാടൽതേടീടുന്ന ദിപ്തികലർന്നവൻ

ചണ്ഡതുണ്ഡോജ്ജ്വലവിഗ്രഹമോടുമാ-

ഖണ്ഡലൻതൻ പുരംപുക്കതിവേഗത്താൽ

ചെയ്ത പരാക്രമം ചെൽവാൻ പണിപണി

കൈതവമല്ല പറയുന്നതേതുമേ.

ഏകൻ നിരായുധനായ ഗരുഡനു-

മേകീഭവിച്ചൊരു ദേവസമൂഹവും

തമ്മിലുണ്ടായൊരു യുദ്ധകോലാഹലം

ബ്രഹ്‌മാദികൾക്കും ഭയപ്രദം നിർണ്ണയം.

വജ്രവും ശക്തിയും ദണ്ഡവും ഖണ്‌ഗവും

പാശവുമങ്കുശവും ഗദ ശൂലവും.

ബ്രഹ്‌മാസ്‌ത്രമാദിയാമസ്ര്തസമൂഹവും

ചെമ്മേ വൃഥാഫലമെന്നായ്‌ ചമഞ്ഞുതേ.

സാക്ഷാൽ ജഗന്മയനായ നാരായണൻ

താർക്ഷ്യനാകുന്നതതിനില്ല സംശയം.

തുണ്ഡപതത്രനഖാദികളേറ്റൊരാ-

ഖണ്ഡലനാദികൾ മോഹിച്ചുവീണുതേ.

പീയൂഷകുംഭപാർശ്വം പ്രവേശിച്ചപ്പോൾ

തീയെരിയുന്നതു കാണായിതേറ്റവും.

ആയിരംകോടി മുഖങ്ങളുണ്ടാക്കീട്ടു

വായിൽ നദികളെക്കൊണ്ടുചെന്നീടിനാൻ-

തീയും പൊലിച്ചങ്ങണഞ്ഞൊരുനേരമൊ-

രായിരമായിരമശ്രങ്ങളുളെളാരു-

ചക്രം ഭയങ്കരമായ്‌ക്കണ്ടനേരത്തു

പുക്കാനതികൃശനായവറ്റിന്മദ്ധ്യേ.

പിന്നെയുമങ്ങണഞ്ഞീടുന്നനേരത്തു

പന്നഗേന്ദ്രന്മാരിരുവരെക്കാണായി.

ആശീവിഷവരന്മാരവർ നോക്കുകി-

ലാശു ദഹിച്ചുപോമേവരും നിശ്ചയം.

ധൂളിജാലം വരിഷിച്ചു ഗരുഡനും

കാളസർപ്പങ്ങൾക്കു നേത്രങ്ങൾ മൂടിനാൻ.

യന്ത്രവും ഭേദിച്ചു പീയൂഷവും കൊണ്ടൊ-

രന്തരമെന്നിയേ പോകുന്നതുനേരം.

കണ്ടു വഴിയിൽ നിന്നപ്പോൾ മുകുന്ദൻ വൈ-

കുണ്‌ഠനസുരാരി നാരായണൻ പരൻ

കൊണ്ടാടിക്കൊണ്ടരുൾചെയ്‌തു വരങ്ങൾ നീ

കൊണ്ടുകൊളെളന്നോടു വേണ്ടതു നൽകുവൻ.

എന്നരുൾചെയ്തൊരു നാഥനെ വന്ദിച്ചു

നന്നായി സ്തുതിച്ചു പറഞ്ഞു ഗരുഡനുംഃ

സർവ്വലോകേശ്വരാ! കാരുണ്യ വാരിധേ!

ഗർവ്വവിനാശന! ലക്ഷ്മീപതേ! ഹരേ!

എന്നും ജരാമരണാദികൾകൂടാതെ

വന്നീടവേണം സുധാപാനം ചെയ്യാതെ.

എല്ലാം നിനക്കൊത്തവണ്ണം വരികെന്നു

കല്യാണമൂർത്തിയനുഗ്രഹിച്ചീടിനാൻ.

എന്തടിയനൊന്നു വേണ്ടതരുൾചെയ്‌കി-

ലന്തരമെന്നിയേ ചെയ്‌വനെന്നാനവൻ.

എങ്കിലിനിക്കു നീ വാഹനമാകണ-

മെൻകൊടിക്കങ്കവും നീയായിരിക്കണം

തമ്പുരാനേ! നിന്തിരുവടി കല്പിച്ചാ-

ലെൻ പെരുമാനേ! ഇളക്കമില്ലൊന്നിനും.

ശംഭൂവിരിഞ്ചാദ്യഖില പ്രപഞ്ചവും

കമ്പിതഭ്രൂവിലാസോത്ഭവം തേ പ്രഭോ!

നാരായണനും ഗരുഡനും തങ്ങളി-

ലോരോന്നിവണ്ണം പറഞ്ഞുനില്‌ക്കുന്നേരം

ഈർഷ്യാവശാലമരേന്ദ്രൻ ഗരുഡനെ

ദ്വേഷ്യം കലർന്നു തൻ വജ്രം പ്രയോഗിച്ചാൻ.

താർക്ഷ്യനുമപ്പോളവനോടു ചൊല്ലിനാൻ

ദാക്ഷ്യം പെരികയുണ്ടെത്രയും നന്നു നീ

നിന്നെക്കണക്കേ മഹതാമതിക്രമ-

മിന്നെനിക്കില്ലെന്നറിക മഹേശ്വര!

അന്തമില്ലാതദധീചൻ തപസ്സിനൊ-

രന്തരം ഞാൻ വരുത്തീടുകയില്ലെടോ!

ശാന്തബുദ്ധ്യാ പുനരിത്ഥം പറഞ്ഞുടൻ

ചെന്താമരാക്ഷപ്രിയനാം മഹാബലൻ

തൂവലിലൊന്നു പറിച്ചെറിഞ്ഞീടിനാൻ

ദേവേന്ദ്രനായ്‌ക്കൊണ്ടു പക്ഷികുലേശ്വരൻ

ഇന്ദ്രൻ പവനാശനാശനൻ തന്നോടു

മന്ദസ്മിതം ചെയ്‌തു ചൊല്ലിനാനന്നേരം.

സഖ്യമിനി നമ്മിലുണ്ടായിരിക്കണം,

വിക്രമം താവകം കേൾപ്പിക്കയും വേണം

അപ്പോളമരാധിപനോടു ചൊല്ലിനാ-

നല്പസാരജ്ഞ! ജളപ്രഭോ! കേൾക്ക നീഃ

ആത്മപ്രശംസ മരണാൽപരമെന്ന-

താത്മാവിലുണ്ടെന്നിരിക്കിലും ചൊല്ലുവൻ.

സഖ്യമുണ്ടാകയാലല്ലായ്‌കിൽ നിന്നുടെ

ധിക്കാരവും പോകയില്ലെന്നു നിർണ്ണയം.

ദുർബ്ബോധമുളളവരോടു ചൊല്ലായ്‌കിലോ

സൽബോധമുണ്ടാകയില്ലവർക്കെന്നുമേ.

സപ്താചലങ്ങളും സപ്താംബുധികളും

സപ്തദ്വീപാന്വിത സപ്തലോകങ്ങളും

പക്ഷപുടം കൊണ്ടെടുത്തു പറപ്പൊരു-

പക്ഷിപ്രവരനെന്നെന്നെയറിക നീ.

അപ്പോളനുനയമോടു ശതക്രതു

സൽപക്ഷിയെ പ്രതിമാനിച്ചു ചൊല്ലിനാൻഃ

ഇത്രയെല്ലാം മഹത്വം വളരും ഭവാ-

നബ്‌ധിജമാമമൃതംകൊണ്ടു കിം ഫലം?

മാതാവിനുളെളാരു ദാസ്യമൊഴിക്കെന്നി-

യേതുമിനിക്കില്ലിതിലൊരു കാംക്ഷിതം.

മാതൃദാസ്യമിതുകൊണ്ടു വീണ്ടാൽ പുന-

രാദരവോടുമിനിക്കു തരേണം നീ.

വേണ്ടും വരം തരുന്നുണ്ടു ഞാനെന്നോടു-

വേണ്ടാ വിരോധവുമിന്നുതൊട്ടിന്നിമേൽ.

ഇത്തരം വാക്കുകൾ കേട്ടു ഗരുഡനും

ചിത്തമോദാൽ മരുത്വാനോടു ചൊല്ലിനാൻഃ

ശക്ര! ശതക്രതോ! വിക്രമവാരിധേ!

ചക്രായുധപദഭക്തജനോത്തമ!

ചക്രികളാകിയ ദുഷ്‌കൃതജന്തുക്കൾ

വക്രശീലാകൃതിയുളളവർ മിക്കതും

ദുഃഖം ജഗദ്വാസികൾക്കു വരുത്തുവോ-

രക്ഷമന്മാരായ ചക്ഷുഃശ്രവണന്മാർ.

പക്ഷീശനാം മമ ഭക്ഷണമാകണം

രക്ഷ ഭൂവാസികൾക്കുണ്ടാകുവാൻ വിഭോ!

എല്ലാം നിനക്കൊത്തവണ്ണം വരികെന്നു

നല്ല വരങ്ങൾ കൊടുത്ത്‌ മഹേന്ദ്രനും.

ജംഭാരിയും കൂടെപ്പിമ്പേ നടകൊണ്ടാൻ

വൻപനാം താർക്ഷ്യനും നാഗാലയം പുക്കാൻ.

കണ്ടുകൊണ്ടാലുമമൃതും കലശവും

കൊണ്ടുവന്നേനമരന്മാരെ വെന്നു ഞാൻ.

ശാസ്യമായുളളതിനിയുമുണ്ടോ ബഹു-

ലാസ്യോത്തമന്മാരെ! സാദ്ധ്യമിനിക്കെല്ലാം.

ദാസ്യമൊഴിപ്പതിനെന്തിനി വേണ്ടതു

ഹാസ്യമല്ല പറയുന്നതറിഞ്ഞാലും.

ഏതുമിതിൽപരമെന്തിനി വേണ്ടതു

സാധിച്ചിതു ഞങ്ങൾ ചിന്തിച്ചതെല്ലാമേ.

ഇപ്പോൾത്തുടങ്ങീട്ടൊഴിഞ്ഞിതു ദാസ്യവു-

മത്ഭുതവിക്രമ! പക്ഷികുലോത്തമ!

ദർഭ വിരിച്ചു സുധാകലശം വച്ചു

സർപ്പേന്ദ്രവൃന്ദം കുളിപ്പാൻ പുറപ്പെട്ടു.

ആചമനാദ്യനുഷ്‌ഠാനങ്ങളും കഴി-

ച്ചാശീവിഷന്മാർ വരുന്നതിന്മുന്നമേ

ആശുപീയൂഷകലശമെടുത്തുകൊ-

ണ്ടാശുഗവേഗാൽ മറഞ്ഞു മഹേന്ദ്രനും.

വഞ്ചിതന്മാരായ നാഗങ്ങളുമമൃ-

താഞ്ചിതമായ ധരാതലം നോക്കിനാർ.

കുഞ്ചിതഗ്രീവന്മാരായവരൊക്കവേ

സഞ്ചിതദർഭാന്വിതസ്ഥലം നക്കിനാർ.

ദർഭാസിധാരയാ രണ്ടായ്‌ചമഞ്ഞിതു

സർപ്പകുലത്തിനു ജിഹ്വയുമക്കാലം.

ഇക്കഥ ചൊല്‌കയും കേൾക്കയും ചെയ്‌വോർക്കു

ദുഃഖമകന്നു ഗതിവരികെന്നതും

പക്ഷികുലോത്തമൻതാനരുളിച്ചെയ്തു

പക്ഷഭേദമിതിനില്ലൊരുവർക്കുമേ.


Previous Next

തുഞ്ചത്തെഴുത്തച്‌ഛൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.