പുഴ.കോം > ക്ലാസിക്സ് > പുരാണം > ശ്രീമഹാഭാരതം > കൃതി

അമൃതാപഹരണം - രണ്ടാം ഭാഗം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തുഞ്ചത്തെഴുത്തച്‌ഛൻ

ആസ്തികം

അപ്പോളമരലോകത്തു കാണായ്‌വന്നു

മുല്പാടു ദുർന്നിമിത്തങ്ങൾ പലതരം

ജംഭാരി സംഭ്രമിച്ചുമ്പരുമായ്‌ ഗുരു-

തൻ പദാംഭോരുഹം കുമ്പിട്ടു ചോദിച്ചാൻ.

ദാരുണദുർന്നിമിത്തങ്ങൾ കാണായതിൻ

കാരണമെന്തെന്നരുൾചെയ്‌ക ഗീഷ്‌പതേ!

കേൾക്ക മഹേന്ദ്ര, തവാപരാധത്തിനാ-

ലോർക്ക മരീചിപതാപസന്മാരുടെ

വാച്ച തപോബലം കൊണ്ടുളവായൊരു

കാശ്യപപുത്രൻ വിനതാത്മജനിപ്പോൾ

വന്നിവിടെക്കലഹിച്ചു നമ്മെജ്ജയി-

ച്ചെന്നുമമൃതവൻ കൊണ്ടുപോം നിശ്ചയം.

എന്നാലവനോടു യുദ്ധത്തിനായിട്ടു

നിന്നീടുവിൻ നിങ്ങളെല്ലാരുമൊന്നിച്ചു.

ദണ്ഡമെന്നാലും ജയിപ്പതിനെന്നതു

പണ്ഡിതനായ ഗുരുവരുൾചെയ്‌തപ്പോൾ

ഇന്ദ്രനമൃതും കലശവും കാക്കുന്ന

വൃന്ദാരകാധിപന്മാരോടു ചൊല്ലിനാൻഃ

പണ്ടു കേട്ടിട്ടില്ലയാത വിശേഷങ്ങ-

ളുണ്ടു കേൾക്കുന്നതറിവിനെല്ലാവരും.

ലോകത്രയത്തിന്നു നായകനാകിയോ-

രാഖണ്ഡലനാകുമെന്നോടു പോരിനായ്‌

ഇന്നൊരു പക്ഷി വരുമെന്നു കേൾക്കുന്നൂ

നിന്നുകോൾവാൻ പണിയെന്നും പറയുന്നൂ.

വഹ്നിയും കാലനും വീരൻ നിരൃതിയും

ധന്യൻ വരുണൻ ജഗൽപ്രാണദേവനും

ഈശസഖിതാനുമീശനും ചന്ദ്രനും

ഈശാത്മജനായ സേനാപതിയുമായ്‌

ഏല്‌ക്കണമാശു പുരമതില്‌ക്കപ്പുറം

ഭാസ്‌കരന്മാരോടു രുദ്രസമൂഹവും.

പോർക്കൊരുമിച്ചുറപ്പിച്ചു നിന്നീടുവിൻ

പാർക്കണമോടരുതാരുമൊരുത്തരും.

അഷ്‌ടവസുക്കൾ മരുത്തുകൾതമ്മോടു

തട്ടുകേടുണ്ടാമിടർത്തടുത്തീടണം.

അശ്വിനീദേവന്മാർ വിശ്വദേവന്മാരും

പശ്ചാൽ ഭയം തീർന്നുറപ്പിച്ചുനിർത്തണം.

വ്യൂഹമിളകുന്നതാശു സൂക്ഷിക്കണം

ഹൂഹൂസമന്വിതം ഹാഹാ നിരന്തരം.

പത്തുനൂറായിരംകോടി ഗന്ധർവ്വൻമാർ

ചിത്രരഥനോടു മുമ്പിലെതിർക്കണം.

യക്ഷവീരന്മാരൊരുമിച്ചുനില്‌ക്കണം

പക്ഷഭാഗങ്ങളെ രക്ഷിച്ചിളകാതെ.

മാണിഭദ്രൻ ധൃതരാഷ്‌ട്രൻ സുവീരനും

ത്രാണനിപുണനാകും പൂർണ്ണഭദ്രനും

ചാഞ്ചല്യമേതുമില്ലാത വിരൂപാക്ഷൻ

വാഞ്ചികനായ പടയാളിവീരനും

ചണ്ഡപരാക്രമനായ വിഭണ്ഡകൻ

ഭിണ്ഡിപാലായുധൻ ദണ്ഡവരായുധൻ

സിദ്ധവിദ്യാധരഗന്ധർവ്വകിന്നര

മൃത്യുരക്ഷോഗണയക്ഷഭൂതാദിയും

ഗുഹ്യകവീരപിശാചപ്രവരരും

യുദ്ധത്തിനേതുമൊരു കുറവെന്നിയേ

ബദ്ധരോഷേണ നില്‌ക്കേണം ജയിപ്പോളം-

ഇർത്ഥം പെരുമ്പട കൂട്ടി മഹേന്ദ്രനും

പത്രിപ്രവരൻ വരുന്നതിന്മുന്നമേ.

എല്ലാമൊരുപക്ഷി താനേ വരുന്നതി-

നെല്ലാവരും ഭയപ്പെട്ടൂ സുരജനം.

എന്നു സൂതൻ പറഞ്ഞീടിനനേരത്തു

മന്ദസ്മിതം ചെയ്‌തു ചോദിച്ചു ശൗനകൻഃ

എന്തുമരീചിപതാപസേന്ദ്രന്മാരോ-

ടിന്ദ്രൻ പിഴ ചെയ്തതെന്നു പറയണം.

ഇന്ദ്രാപരാധം പറഞ്ഞുതരാമെന്നു

വന്ദിച്ചു സൂതനും ചൊല്ലിത്തുടങ്ങിനാൻ.


Previous Next

തുഞ്ചത്തെഴുത്തച്‌ഛൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.