പുഴ.കോം > ക്ലാസിക്സ് > പുരാണം > ശ്രീമഹാഭാരതം > കൃതി

പാലാഴിമഥനം - രണ്ടാം ഭാഗം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തുഞ്ചത്തെഴുത്തച്‌ഛൻ

ആസ്തികം

വിശ്വം ദഹിച്ചുപോകുന്നതിന്മുന്നമേ

നിശ്ശേഷതേജസ്സുമൊട്ടടക്കേണമേ!

ദാനവനാശനന്മാരും മുനിമാരും

ദീനതയോടുമീവണ്ണം പുകണ്ണപ്പോൾ

പക്ഷികുലാധിപൻ ഭക്തപരായണൻ

തൽക്ഷണം തേജസ്സുമൊട്ടു ചുരുക്കിനാൽ

വന്നിതു സന്തോഷവും ഭൂവനത്തിനു

പിന്നെ മാതാവിനെക്കാണ്മാൻ ഗരുഡനും.

പന്നഗമാതാവിരിക്കും ഗൃഹത്തിങ്കൽ

ചെന്നു മാതാവിനെക്കണ്ടു വണങ്ങിനാൻ.

ഒന്നിച്ചവിടെയിരുന്നു ചിലദിന-

മന്നൊരുനാളുരചെയ്തിതു കദ്രുവുംഃ

എന്നുടെ ഗേഹത്തിലാമ്മാറുപോവതി-

നെന്നെയെടുത്തുകൊളേളണം വിനതേ നീ.

എന്നതു ചെയ്‌താൾ വിനതയും നന്ദനൻ-

തന്നോടു ചൊന്നാൽ മകനെ, മടിയാതെ

പഡഗന്മാരെയെടുത്തുകൊളേളണം നീ

എന്നമ്മ ചൊന്നതിളയ്‌ക്കരുതെന്നോർത്തു

പന്നഗന്മാരെയെടുത്തു പറന്നിതു

വേഗേന സൂര്യന്നഭിമുഖമാംവണ്ണം.

വ്യഗ്രങ്ങൾ ചൊല്ലുവാൻ വേഗേന പോരുന്നി-

തഗ്രജനോടെന്നു തോന്നുമതു കണ്ടാൽ.

ആദിത്യരശ്‌മികളേറ്റു ഭുജംഗങ്ങ-

ളാധിപൂണ്ടേറ്റം തളർന്നുചമഞ്ഞപ്പോൾ.

ആദിതേയോത്തമനായ ദേവേന്ദ്രനെ-

യാദരവോടു പുകണ്ണിതു കദ്രുവും.

ആധാരമില്ല മറ്റെന്നവൾ കേഴുമ്പോ-

ളാസാരവും തുടങ്ങീടിനാൻ വാസവൻ.

താപവും തീർത്തവരാശു രമണക-

ദ്വീപവും പുക്കു സുഖിച്ചുവസിച്ചിതു.

അക്ഷികർണ്ണന്മാരൊരുനാളതുകാലം

പക്ഷികുലാധിപനോടു ചൊല്ലീടിനാൻ.

സ്വർഗ്ഗസമാനമാം ദ്വീപാന്തരങ്ങളി-

ലൊക്കെ നടന്നു കളിപ്പതിന്നെങ്ങളെ

ഒക്കയെടുത്തു പറക്കണം നീയെന്നു

ചക്രിവരന്മാർ പറഞ്ഞതു കേട്ടൊരു

ദുഃഖം കലർന്നു മാതാവോടു ചോദിച്ചാൻ

പക്ഷിവരൻ പരമാർത്ഥമറിവാനായ്‌.

കാരണമെന്തിവർ ചൊല്ലുന്നതു ചെയ്‌വാൻ

നേരെ പറയണമെന്നോടു മാതാവേ!

ആത്മജനിങ്ങനെ ചോദിച്ചനേരത്തു

ആത്മഖേദത്തോടു ചൊന്നാൾ വിനതയും.

കദ്രു ചതിച്ചു തൻ ദാസിയാക്കിക്കൊണ്ടാ-

ളെത്രയും പീഡയായ്‌ വന്നൂതതിന്മൂലം.

അക്കഥയൊക്കെപ്പറഞ്ഞു കേൾപ്പിച്ചപ്പോൾ

ദുഃഖമുൾക്കൊണ്ടു വിനതാതനയനും.

ദന്ദശൂകോത്തമന്മാരോടു ചോദിച്ചാ-

നെന്തു ഞാൻ വേണ്ടതടിമയൊഴിപ്പതി-

ന്നന്തരമില്ല സാധിപ്പനതിന്നിനി-

ച്ചിന്തിതം ചൊല്ലുവിനെന്നതു കേട്ടപ്പോൾ

നീയിനി വൈകാതെ ചെന്നു വരുത്തുക

പീയൂഷമെന്നാലടിമയൊഴിഞ്ഞുപോം.

എന്നവർ ചൊന്നതു കേട്ട ഗരുഡനും

ചെന്നു മാതാവിനോടാശു ചൊല്ലീടിനാൻ.

പൈദാഹവും തീർത്തമരലോകത്തിനു

ചൈതന്യമുൾക്കൊണ്ടമൃതിനു പോകണം.

ആഹാരം വേണമെനിക്കെന്നു മാതരി-

ശ്വാഹാരനാശനൻ ചൊന്നോരനന്തരം.

മാതാവു മന്ദസ്‌മിതംപൂണ്ടു ചൊല്ലിനാൾ

മാധവൻ വാഴുന്ന പാലാഴിതൻകരെ

വാഴും നിഷദന്മാരെ തിന്നുകൊൾക നീ

ദോഷമതിനില്ല പിന്നെയുമൊന്നു കേൾ.

ബ്രാഹ്‌മണരെത്തിന്നുപോകാതിരിക്കണം

ധാർമ്മികന്മാരെദഹിക്കരുതഗ്നിക്കും.

സൃഷ്‌ടിസ്ഥിതിലയങ്ങൾക്കു കർത്താക്കളാം

സ്രഷ്‌ടാവുമംബുജനേത്രനും രുദ്രനും

ദേവേന്ദ്രനാദിയാം ദേവസമൂഹവും

ഭൂവാതതോയാഗ്നിഖാദി ഭൂതങ്ങളും.

വേദങ്ങളോടു സമങ്ങളല്ലായ്‌കയാൽ

വേദജ്ഞന്മാരായ ഭൂദേവന്മാരത്രേ.

ആധാരമീമേഴുലോകത്തിനുമവ-

ർക്കാധാരമായാരുമില്ലെന്നറിയണം.

ബ്രാഹ്‌മണരോളം മഹത്വമില്ലാർക്കുമേ

സാമ്യം ദ്വിജന്മാർക്കു മറ്റൊന്നുമില്ലല്ലോ.

വന്ദ്യന്മാരാകുന്നതും ദ്വിജന്മാരത്രേ.

നിന്ദിച്ചുപോകായ്‌കവരെയൊരിക്കലും

നന്ദിച്ചു സന്തതം വന്ദിച്ചുകൊളളണം.

ദേവാദികൾക്കും പ്രപഞ്ചത്തിനും പരം

ദൈവതമാകുന്നതും ദ്വിജന്മാരത്രേ.

ശാശ്വതമാകിയ ധർമ്മമാകുന്നതു

മീശ്വരനാകുന്നതും ദ്വിജന്മാരത്രേ.

എന്തടയാളം ദ്വിജന്മാർക്കു മാതാവേ!

സന്തതം യജ്ഞോപവീതാദി ലക്ഷണം.

സന്തുഷ്‌ടരാം ദ്വിജന്മാരെ വിഴുങ്ങുകിൽ

കന്ധരം വെന്തുപോമന്തരമില്ലേതും.

ഭ്രഷ്‌ടനെന്നാകിലും ദുഷ്‌ടനെന്നാകിലും

പുഷ്‌ടഭക്ത്യാ വണങ്ങേണം ദ്വിജന്മാരെ.

ഇത്ഥമുപദേശവും ചെയ്‌തനുഗ്രഹി-

ച്ചത്യാദരേണ പുണർന്നു മുകർന്നവ-

നുത്തമാംഗത്തിൽ ബാഷ്പാഭിഷേകം ചെയ്‌തു.

ചിത്തപ്രമോദംകലർന്നവൾ ചൊല്ലിനാൾഃ

നീ നിരൂപിച്ചതു സാധിച്ചിവിടേക്കു

മാനമിയന്നു വരിക വിരയെ നീ.

മാതുരനുജ്ഞ ശിരസി വഹിച്ചുകൊ-

ണ്ടാദരവോടു പറന്നു ഗരുഡനും.

Previous Next

തുഞ്ചത്തെഴുത്തച്‌ഛൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.