പുഴ.കോം > ക്ലാസിക്സ് > പുരാണം > ശ്രീമഹാഭാരതം > കൃതി

തരുമുനിയുടെ അർദ്ധായുർദ്ദാനവും വിവാഹവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തുഞ്ചത്തെഴുത്തച്‌ഛൻ

ശ്രീമഹാഭാരതം

ച്യവനനന്നു ഗർഭം ച്യവനത്വേന നാമ-

മവനു ഭവിച്ചിതു തത്സുതൻ പ്രമതിക്കു

ഭൂവനമനോഹരിയാകിയ ഘൃതാചിയിൽ

തപസാംനിധിയായ തരുനാമാവുണ്ടായാൻ.

അക്കാലം വിശ്വാവസുതന്നുടെ ബീജംകൊണ്ടു

മൈക്കണ്ണി മേനകയും പെറ്റിതു കന്യാരത്ന-

മെത്രയും തപസ്സുളേളാരൃഷിയാശ്രമത്തിങ്കൽ

പൃഥ്വിയിലിട്ടുംകളഞ്ഞവളും പോയാളല്ലോ.

പൈതലെ കൃപാവശനായ്‌ക്കണ്ടു മുനിവരൻ

പൈദാഹാദികൾ തീർത്തു വളർത്തുതുടങ്ങിനാൻ.

പ്രമദാജനങ്ങളിൽ വരയാമവൾക്കന്നു

പ്രമദാൽ പ്രമദ്വരയെന്നൊരു പേരുമിട്ടാൻ.

അക്കുമാരിയെക്കണ്ടു മന്മഥാതുരനായാൻ

ചൊല്‌ക്കൊണ്ട തരുമുനി താതനതറിഞ്ഞപ്പോൾ.

അവളെ വളർത്തൊരു മുനിയെക്കണ്ടു പറ-

ഞ്ഞവർകളിരുവർക്കും കല്പിച്ചു മുഹൂർത്തവും.

ഉത്രമാം നക്ഷത്രമഞ്ചാറാന്നാളെന്നുതന്നെ

തത്രൈവ കൗതൂഹലത്തോടൊരുക്കിനാരൊക്കെ.

കന്യകതാനും മരിച്ചീടിനാൾ പാമ്പുകടി-

ച്ചെന്നേ കഷ്‌ടമേയെന്നു ദുഃഖിച്ചാരെല്ലാവരും.

ഹാഹേയമഹോ! പാപമാഹേയം ഹതയായാ-

ളാഹന്ത ഹതോഹമിത്യാകുലനായി തരു.

കന്യകാശവം കണ്ടു ശോകമോഹാദി പൂണ്ടു

വന്ന വേദനയോടുമോടിപ്പോയ്‌ വനം പുക്കാൻ.

ഞാൻ ചെയ്‌ത തപോബലംകൊണ്ടിവൾ ജീവിക്കെന്നു

വാഞ്ഞ്‌ഛപൂണ്ടരുൾചെയ്താൻ പ്രമതിതനയനും.

വന്നൊരു ദേവദൂതനന്നേരമുരചെയ്താ-

നൊന്നറിയേണമായുസ്സറ്റവൾ ജീവിപ്പീല.

നിന്നുടെ ശോകം കണ്ടിട്ടൊന്നു ചോദിച്ചീടുന്നു-

ണ്ടുന്നിയാലുപായമില്ലെന്നതോ വരായല്ലോ.

എങ്കിൽ നിന്നർദ്ധായുസ്സു കൊടുത്താലുണ്ടാമിവൾ

സങ്കടം ഭവാനതിനില്ലെങ്കിലതു ചെയ്‌ക.

എങ്കിലിന്നതു ചെയ്യാമെന്നിതു രുരുവപ്പോൾ

കിങ്കരൻ ധർമ്മരാജനോടതുമറിയിച്ചാൻ.

ധർമ്മരാജനുമതിനനുജ്ഞ നല്‌കീടിനാൻ

നിർമ്മലാംഗിയുമുണർന്നെഴുന്നേറ്റതുനേരം.

കല്പിച്ച മുഹൂർത്തംകൊണ്ടവനും വേട്ടുകൊണ്ടാ-

നത്ഭുതാംഗിയുമായി സുഖിച്ചുമരുവുന്നാൾ.

സഹസ്രപാദന്റെ ശാപമോക്ഷം

പണ്ടു തൻ പത്നിതന്നെക്കടിച്ചുകൊന്നതുളളി-

ലുണ്ടാകകൊണ്ടു വൈരമവനു മുഴുക്കയാൽ

ദണ്ഡുമായ്‌ നടന്നവൻ കുണ്ഡലികളെയൊക്കെ

ദണ്ഡഹസ്തന്റെ പൂരത്തിങ്കലാക്കീടുമല്ലോ.

പണ്ഡിതനായ രുരു ദണ്ഡമോങ്ങുമ്പോളൊരു

ഡുണ്ഡുഭമൊരുദിനമവനോടുരചെയ്‌താൻഃ

എന്തു ഞാൻ പിഴച്ചതു നിന്നോടെന്നുരചെയ്‌ക

ജന്തുക്കളെല്ലാമൊക്കുമൊന്നും കൊല്ലരുതല്ലോ.

ചൊല്ലിനാനതു കേട്ടു നല്ല മാമുനിരുരുഃ

കൊല്ലുന്ന ജന്തുക്കളെ കൊല്ലുകെന്നതേവരൂ.

എന്നുടെ ഭാര്യതന്നെക്കടിച്ചു കൊന്നാനൊരു-

ഡുണ്ഡുഭമതുമൂലം നിങ്ങളെക്കൊല്ലുന്നു ഞാൻ.

ഡുണ്ഡുഭം ചൊന്നാനപ്പോളദണ്ഡ്യന്മാരെ വൃഥാ

ദണ്ഡിപ്പിച്ചീടുന്നോരെ ദണ്ഡഹസ്തനും പിന്നെ

ദണ്ഡിപ്പിച്ചീടും ഘോരനരകങ്ങളിലാക്കി-

പ്പണ്ഡിതനായ ഭവാനെങ്കിലുമിതു കേൾക്ക.

മറ്റൊരു പരിഷകൾ കടിച്ചുകൊല്ലുന്നതും

മുറ്റും ഞാനവരുടെ വേഷമെന്നതേയുളളു.

അതു കേട്ടൊരു രുരു ദിവ്യനെന്നറിഞ്ഞപ്പോൾ

ചതിയെന്നിയേ നമ്മോടാരെന്നു ചൊല്ലീടെന്നാൻ.

സഹസ്രപാദനഹം ഞാനൊരു മുനിശാപാൽ

വഹിച്ചീടുന്നേനിഹ ഡുണ്ഡുഭവേഷാദികൾ.

എന്തു നീ പിഴച്ചതു ശപിച്ചതേതു മുനി?

ബന്ധമെന്തിവറ്റിനെന്നെന്നോടു പറയണം.

കേൾക്ക നീ ഖഗമനാം മാമുനി മമ സഖി

ഭോഷ്‌കല്ല ഹോമംചെയ്യുംനേരം ഞാൻ ക്രീഡാർത്ഥമായ്‌

തൃണംകൊണ്ടുണ്ടാക്കിയ സർപ്പമങ്ങെടുത്തിട്ടേ-

നനസു താർണ്ണമെന്നതവനുമറിയാതെ.

പേടിച്ചു മോഹിച്ചുടൻ മോഹം തീർന്നുരചെയ്‌താൻ.

മൂഢനാം ഭവാനുമീവേഷമായ്‌ വരികെന്നാ-

നയ്യോ! ഞാനേതുമോർത്തല്ലെന്നുടെ കളിയത്രേ

നീയിനിശ്ശാപമോക്ഷം നല്‌കീടെന്നപേക്ഷിച്ചാൻ.

ഭാർഗ്ഗവസുതനായ രുരുമാമുനി കണ്ടാൽ

ഭാഗ്യവാനായ നിനക്കെന്നുടെ ശാപംതീരും.

എന്നരുൾചെയ്‌തു മമ സഖിയാം ഖഗമനു-

മിന്നിപ്പോൾക്കാണായ്‌ വന്നു നിന്തിരുവടിയേയും.

ശാപവും തീർന്നു മമ താപവുമകന്നിതു

പാപവുമുണ്ടായ്‌വരും ഹിംസ ചെയ്യരുതല്ലോ.

താപസന്മാർക്കു വിശേഷിച്ചുമതരുതല്ലോ.

താപസശ്രേഷ്‌ഠാ! ഭവാനോടു ഞാൻ ചൊല്ലേണമോ.

കോപമാകുന്നതല്ലോ കൊടിയ നരകങ്ങൾ

ഭൂപതികൾക്കും ദുഷ്‌ടവധമേ ചെയ്‌തീടാവൂ.

സൽക്ഷിതിപതിവരനാം പരീക്ഷിത്തുതന്നെ

തക്ഷകൻ കടിച്ചു കൊന്നീടിനാനതുമൂലം.

അക്ഷികർണ്ണന്മാർകുലം നഷ്‌ടമാക്കീടുവാനായ്‌

മുഖ്യനായീടും ജനമേജയനവന്മക-

നാരംഭിച്ചിതു സർപ്പയാഗമെന്നറിഞ്ഞാലും

ആരും ഭാവിച്ചാൽ മുടങ്ങാതൊരു സർപ്പയാഗ-

മസ്തികൻ പറഞ്ഞതു മാറ്റിയെന്നറിഞ്ഞാലു-

മെത്രയും ദോഷമുണ്ടു ഹിംസയ്‌ക്കെന്നതു നൂനം.

സഹസ്രപദനോടു ചോദിച്ചു രുരുവപ്പോൾ

മഹത്വമേറും ജനമേജയനതു ചെയ്‌വാൻ

എന്തു കാരണമെന്നുമസ്തികനൊഴിച്ചതിൻ

ബന്ധമെന്തെന്നുമരുൾചെയ്യണമെന്നനേരം.

അതു കേൾപ്പിപ്പാൻ പാത്രമല്ല ഞാനെന്നു ചൊല്ലി

മതിമാൻ ദശശതപദനും മറഞ്ഞിതു.

രുരുമാമുനിവരനതു കേളായ്‌കമൂല-

മുരുതാപവും പൂണ്ടു നടന്നു പലേടത്തും.

പിന്നപ്പോന്നാശ്രമത്തിൽ വന്നു തൻ താതനോടു

ചൊന്നതു കേട്ടു പിതാവവനോടരുൾചെയ്താൻ.

ചൊല്ലുവനഖിലവും കേട്ടുകൊൾകെങ്കിലെന്നു

ചൊല്ലിതു പൗലോമത്തിലെന്നാൾ പൈങ്കിളിമകൾ.

ഇങ്ങനെ ചൊല്ലി മഹാഭാരതം നൂറായിരം

മംഗലഗ്രന്ഥമിതിഹാസരാജാഖ്യമതിൽ

മുമ്പിനാലുളള പൗലോമാസ്തികം പർവ്വം രണ്ടിൽ

മുമ്പിൽ പൗലോമമതു ചുരുക്കിച്ചോന്നേനല്ലോ.

ആസ്തികപർവ്വമിനിയാകുന്നതതു കേൾപ്പാ-

നാസ്ഥയുണ്ടെങ്കിലതു ചുരുക്കിച്ചൊല്ലാമല്ലോ.

ആസ്തിക്യമുളള ജനം ബഹുമാനിക്കും ദൈവ-

നാസ്തിക്യന്മാരായുളേളാർ നിന്ദിച്ചാലെന്തു ഫലം?

നാരായണായ നമോ നാരായണായ നമോ

നാരായണായ നമോ നാരായണായ നമഃ

പൗലോമം സമാപ്തം


Previous Next

തുഞ്ചത്തെഴുത്തച്‌ഛൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.