പുഴ.കോം > ക്ലാസിക്സ് > പുരാണം > ശ്രീമഹാഭാരതം > കൃതി

പൗലോമം (എട്ടാം ഭാഗം)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തുഞ്ചത്തെഴുത്തച്‌ഛൻ

ശ്രീമഹാഭാരതം

ഈശ്വരനിയോഗത്താൽ പാണ്ഡവൻ നിധി കൊൾവാൻ

വാച്ച സൈന്യത്തോടുദീച്യാന്ദിശി പോയകാലം

ദ്രോണജബ്രഹ്‌മാസ്‌ത്രജ്ജ്വാലാകുലനായ ബാലൻ

പ്രാണഹീനനുമായിപ്പിറന്നോരനന്തരം

പ്രാണികൾക്കെല്ലാമുളളിൽ പ്രാണനാകിയ കൃഷ്‌ണൻ

പ്രാണനുണ്ടാക്കിയതെന്തത്ഭുതമല്ലയല്ലോ.

ഉത്തര പെറ്റു പരീക്ഷിത്തായ ന്‌റുപവര-

നുത്തമോത്തമൻ പുരുഷോത്തമഭക്തനുണ്ടായ്‌

ഉത്തരദിശി മരുത്തൻ പുരാ വച്ച നിധി

യുക്തപൂജകളും ചെയ്‌തുദ്ധരിച്ചുഴറ്റൊടേ

പാണ്ഡവർ വരുമ്പോഴിങ്ങുണ്ടായി തനയനും

ഗാണ്ഡീവധരനശ്വം നടത്തീടുവാൻ പോയാൻ

ബഭ്രുവാഹനനായ പുത്രനോടേറ്റു തോറ്റി-

ട്ടത്ഭുതംപൂണ്ടു ചെന്നൂ മൃഗവീക്ഷണം പിന്നെ.

വൈഷ്‌ണവധർമ്മം ഹയമേധകർമ്മാനന്തരം

വാർഷ്ണേയവിരചിതം ധർമ്മജമദഭംഗം

നകുലോപാഖ്യാനാദി പലവും ചൊല്ലി മുനി

പകലില്ലിനിയിപ്പോൾ പറവാനവയെല്ലാം.

അദ്ധ്യായമുണ്ടു നൂറ്റിമുപ്പത്തുമൂന്നു ചൊല്ലാം

പദ്യങ്ങൾ നാലായിരം നാനൂറുമിരുപതും.

പതിനഞ്ചാമതു നല്ലാശ്രമവാസം പർവ്വ-

മധികം മനോഹരമജ്ഞാനവിഷഹരം.

ഗാന്ധാരീകാന്തനന്ധൻ ഗാന്ധാരിയൊടുംകൂടി-

ത്താന്തനായ്‌പുരത്തിങ്കലിരുന്നവാറും പിന്നെ.

കുന്തിയും ഗാന്ധാരിയും താനുമായ്‌ പോയവാറു-

മന്തികേ വേദവ്യാസനെഴുന്നളളിയവാറും

മരിച്ച സുയോധനനാദികൾതമ്മെക്കണ്ടു

ചിരിച്ചു ധൃതരാഷ്‌ട്രൻ തെളിഞ്ഞു ചൊന്നവാറും

അംബികാതനയനും കുന്തിയും ഗാന്ധാരിയും

സംഭ്രമംതീർന്നു പരലോകം പ്രാപിച്ചവാറും.

മാണ്ഡവ്യശാപംതീർന്നു ധർമ്മരാജന്റെ ഗതി

പാണ്ഡവർ കേട്ടു ഖേദിച്ചിരുന്നവാറും പിന്നെ

വൃഷ്ണികൾവിനാശനം നാരദനരുൾചെയ്‌തു

ഉഷ്ണനിശ്വാസത്തോടു കേട്ടതുമവയെല്ലാം

അദ്ധ്യായം നാല്പതതിൽ പദ്യങ്ങളായിരത്തി-

ന്നുത്തരം തൊളളായിരത്താറുണ്ടെന്നറിഞ്ഞാലും.

മൗസലപർവ്വംതന്നിൽ വൃഷ്‌ണികൾവിനാശവും

കംസാരിയാകും കൃഷ്ണൻ സംസാരവിനാശനൻ

അഗ്രജനൊടുംകൂടെ വൈകുണ്‌ഠം പ്രാപിച്ചതും

വ്യഗ്രിച്ചു ധനഞ്ജയൻ വജ്രനെ വാഴിച്ചതും

സ്ര്തീധനാദികളോടും പോരുമ്പോൾ മദ്ധ്യേമാർഗ്ഗം

ബാധിതനായ പാർത്ഥൻതന്നോടു കാട്ടാളന്മാർ

പറിച്ചുകൊണ്ടാൻ ധനം നാരിമാരെയുമെല്ലാം

പെരുത്ത ഗാണ്ഡീവവും കുലയ്‌ക്കായീലയല്ലോ.

ദിവ്യാസ്‌ത്രങ്ങളിലൊന്നും വഴിയെത്തോന്നീലപ്പോൾ

സവ്യസാചിയും ധനുസ്സിഴച്ചാനെന്നു കേൾപ്പൂ.

സത്യജ്ഞാനാനന്താനന്ദാമൃതൻ നാരായണൻ

സത്വാദിമായാഗുണരഹിതൻ പരമാത്മാ

തത്വമസ്യാദി മഹാവാക്യാർത്ഥവസ്‌തുമൂർത്തി-

നിത്യനാം സച്ചിൽബ്രഹ്‌മാഖ്യൻപരൻ കൃഷ്‌ണൻതന്റെ

നിത്യയാം മായാവിലാസങ്ങളും നിരൂപിച്ചാൽ

വ്യക്തിയോടുരചെയ്‌വാനാർക്കുമേയരുതല്ലോ.

വേദവ്യാസനുമാത്മജ്ഞാനങ്ങളരുൾചെയ്‌താൻ

ഖേദവുമടക്കി ശ്വേതാശ്വനും പുരിപുക്കാൻ.

ദുഃഖംപൂണ്ടജാതശത്രുക്ഷിതിപതിയോടു

ശക്രനന്ദനൻ കൃഷ്ണഗതിയുമറിയിച്ചാൻ.

ഇക്കഥയെല്ലാമല്ലോ മൗസലമെട്ടദ്ധ്യായം

ദുഃഖനാശനകരം പദ്യങ്ങൾ മുന്നൂറല്ലോ.

സർവ്വവുമുപേക്ഷിച്ചു ദിവ്യന്മാർ പാണ്ഡവന്മാ-

രുർവ്വിയെ പ്രദക്ഷിണംചെയ്‌വാനായ്‌ പുറപ്പെട്ടാർ.

എന്നതു മൂന്നദ്ധ്യായം നൂറ്റിരുപതു പദ്യം

പുണ്യദം മഹാപ്രസ്ഥാനികമാകിയ പർവ്വം.

ധർമ്മരാജനുമഥ ധർമ്മനന്ദനൻപിമ്പേ

ധർമ്മത്തെപ്പരീക്ഷിപ്പാൻ സാരമേയാകാരവും

കൈക്കൊണ്ടു ദൈന്യംപൂണ്ടിങ്ങാരുമില്ലൊരുഗതി

നിഷ്‌കൃപമുപേക്ഷിയായ്‌കെന്നൊരു ഭാവത്തോടും

നില്‌ക്കുന്നനേരമിതുകൂടാതെയിനിക്കിപ്പോൾ

സ്വർഗ്ഗപ്രാപ്തിയും വേണ്ടാ കേവലമെന്നു ന്‌റുപൻ.

ദേവദൂതനും പാണ്ഡുസുതനും ധർമ്മാധർമ്മ-

മാവോളം വാദംചെയ്‌തു ദേവദൂതനും തോറ്റു.

സ്വർഗ്ഗാരോഹണപർവ്വം പതിനെട്ടാമതതിൽ

സ്വർഗ്ഗതി ലഭിച്ചിതു ധർമ്മജാതികൾക്കെല്ലാം.

അദ്ധ്യായമഞ്ചുണ്ടതിൽ പദ്യങ്ങളിരുനൂറു-

മദ്ധ്യയനംചെയ്യുന്നോർക്കെന്നുമേ മുക്തിവരും.

പർവ്വവും മൂവ്വാറതിൽ ഗ്രന്ഥവും നൂറായിരം

ദിവ്യമിതദ്ധ്യായവുമുണ്ടൊരു രണ്ടായിരം.

ശൗനകാദികൾ സൂതൻതന്നോടു ചോദ്യംചെയ്‌താൻ

മാനമൊരക്ഷൗഹിണിക്കെങ്ങനെയെന്നു ചൊൽ നീ.

ഹസ്തിയും തേരുമോരോന്ന,ശ്വം മൂന്ന,ഞ്ചു കാലാൾ

പത്തിയാം; മൂന്നു പത്തികൂടിയാൽ സേനാമുഖം

തത്‌ത്രിഗുണിതം ഗുല്മം; തത്‌ത്രിഗുണിതം ഗണം;

തത്‌ത്രിഗുണിതയല്ലോ വാഹിനിയാകുന്നതും

തത്‌ത്രിഗുണിതയല്ലോ പൃതനയാകുന്നതും

തത്‌ത്രിഗുണിതം ചമൂരാഖ്യയെന്നതും നൂനം.

തത്‌ത്രിഗുണിതയല്ലോ ചൊല്ലേറുമനീകിനി

തദ്ദശഗുണിതയാകുന്നതുമക്ഷൗഹിണി.

ഇരുപത്തോരായിരത്തെണ്ണൂറുമെഴുപതും

കരികൾ വേണം നല്ല രഥവുമത്ര വേണം.

മുമ്മടങ്ങിതിലശ്വം കാലാളുമഞ്ചു മട-

ങ്ങിമ്മതമറിയിച്ചാൻ മുനികളോടു സൂതൻ.

വൈശമ്പായനമുനി ജനമേജയനോടു

വൈശിഷ്യമുളള മഹാഭാരതമറിയിപ്പാൻ

എന്തു കാരണമതു ചൊല്‌കെന്നു കേട്ടു സൂതൻ

ബന്ധമുണ്ടായതറിയിച്ചീടാമെന്നു ചൊന്നാൻ.

Previous Next

തുഞ്ചത്തെഴുത്തച്‌ഛൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.