പുഴ.കോം > ക്ലാസിക്സ് > പുരാണം > ശ്രീമഹാഭാരതം > കൃതി

വിശ്വരൂപദർശനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തുഞ്ചത്തെഴുത്തച്‌ഛൻ

ഇങ്ങനെ രഹസ്യമായ്‌ തങ്ങളിൽ മന്ത്രിക്കുന്ന-

തങ്ങറിഞ്ഞുണർത്തിച്ചു സാത്യകിയതുനേരം.

പോക നാമിവിടുന്നു വൈകരുതിനിയേതും

പോർ കരുതിയുമല്ല നാമിവിടേക്കു പോന്നു.

സാത്വികനായുളെളാരു സാത്യകിയുണർത്തിച്ച-

വാർത്ത കേട്ടതുനേരം ഗോവിന്ദൻതിരുവടി

തരുണാദിത്യബിംബം പതിനായിരം കൂടി-

യൊരുമിച്ചുദിച്ചുടനുയരുന്നതുപോലെ.

കരുണാകരൻ ദേവൻ കമലവിലോചനൻ

വിരവോടെഴുന്നേറ്റു പെരികെക്കോപത്തോടേ

വരിക പിടിക്കെടൊ കെട്ടുവാൻ സുയോധന!

പെരികെ വൈകിക്കേണ്ടാ പക്ഷേ, വന്നടുത്താലും.

അസംഖ്യം മുഖങ്ങളുമസംഖ്യം ബഹുക്കളു-

മസംഖ്യമായുധങ്ങളസംഖ്യം ചരണങ്ങൾ

ശങ്കരൻ വിരിഞ്ചനുമിന്ദ്രാദിദേവകളും

പങ്കജവിലോചനൻതങ്കലേ കാണായ്‌വന്നു.

രോമങ്ങൾതോറുമൊക്കെ വാനവരായുംവന്നു

കോമളമായ രൂപം ഘോരമായ്‌ കാണായ്‌വന്നു.

വിഷ്‌ണുവിൻ വിശ്വരൂപം കണ്ടിട്ടു ഭക്തന്മാരും

കൃഷ്‌ണാ! ഗോവിന്ദാ! ശിവരാമ! രാമാത്മാരാമാ!

ലോകാഭിരാമാ! രമാരമണാ! യദുപതേ!

ഗോകുലപതേ! ജഗന്നായക! ധരാപതേ!

വിശ്വമായതും നീയേ വിശ്വകാരണം നീയേ

വിശ്വകാര്യവും നീയേ വിശ്വപാലനും നീയേ

വിശ്വകാതനും നീയേ വിശ്വമാതാവും നീയേ

വിശ്വരൂപനും നീയേ വിശ്വനായകാ! പോറ്റീ!

നിഷ്‌കളനാകുന്നതും സകളനാകുന്നതും

നിർഗ്‌ഗുണനാകുന്നതും സഗുണനാകുന്നതും

പുരുഷനാകുന്നതും പ്രകൃതിയാകുന്നതും

പുരുഷോത്തമാ! പോറ്റി! നിൻതിരുവടിയല്ലോ.

ശിവനായീടുന്നതും ശക്തിയായീടുന്നതും

ഭുവനേശ്വരാ! പോറ്റി! നിൻതിരുവടിയല്ലോ.

ജീവനായീടുന്നതും പരനായീടുന്നതും

കേവലസ്വരൂപനാം നിൻതിരുവടിയല്ലോ

ക്ഷേത്രമായീടുന്നതും ക്ഷേത്രജ്ഞനാകുന്നതും

ധാത്രിയിൽ പിറന്നൊരു കൃഷ്‌ണനാം ഭവാനല്ലോ.

പാലയ കൃപാലയ! ശരണം നാരായണ!

പാലയ വിഷ്‌ണോ! രാമകൃഷ്‌ണാ! ഗോവിന്ദാ! ഹരേ!

ഇത്തരമോരോജനമത്ഭുതം പൂണ്ടുപൂണ്ടു

പത്തുദിക്കിലും നിന്നു വാഴ്‌ത്തിയുമാനന്ദിച്ചും

ഭക്തിയാൽ സ്‌തുതിക്കയും നൃത്തം ചെയ്‌തീടുകയും

മുക്തിദാനൈകമൂർത്തിതന്മഹീമാനം കണ്ടു

തൊഴുതും വീണും നമസ്‌കരിച്ചും വണങ്ങിയും

മുഴുകി പരമാനന്ദാംബുധിതന്നിൽ വീണു.

കരഞ്ഞും ചിരിച്ചും കണ്ണിമച്ചും മിഴിയാതെ

നിറഞ്ഞ ഭക്തിയോടും മാമുനിജനങ്ങളും

വേദവേദാന്താർത്ഥങ്ങൾ തിരിയാഞ്ഞുഴന്നീടും

വേദിയരോടും നല്ല ഭീഷ്‌മരും വിദുരരും

യക്ഷകീന്നരസിദ്ധഗന്ധർവ്വാസുരഭൂത-

രക്ഷോഗുഹ്യകപ്രേതകിംപുരുഷാദികളും

നാകവാസികൾ നല്ല നാഗനായകന്മാരും

നാകനാരികളോടു നാരിമാർ മറ്റുളേളാരും.

ഗൂഢസ്ഥനായവനെക്കൂടസ്ഥനായിക്കണ്ടു

പാടിയുമാനന്ദംപൂണ്ടാടിയും ചമഞ്ഞുതേ.

ദുഷ്‌ടരായുളള ജനമൊക്കവേ കണ്ണുംപൊത്തി-

പ്പെട്ടെന്നു മലമൂത്രാദികളും വീണുവീണു

പെട്ടപാടൊടുമോരോ ഗുഹകൾ തോറും പുക്കാർ

ശിഷ്‌ടരായുളളജനം കണ്ടുകണ്ടിരിക്കവേ

പരമാനന്ദമൂർത്തി ഭഗവാൻ പരമാത്മാ

പരിചോടെഴുന്നളളി തേരതിലേറിപ്പിന്നെ.

കുന്തിയെച്ചെന്നു കണ്ടു സന്താപമതും തീർത്തു

കുന്തിയും തൊഴുതേറെ സ്‌തുതിച്ചു സുതന്മാരെ

തന്തിരുവടിയായ കൃഷ്‌ണനെബ്‌ഭരമേല്പി-

ച്ചന്തികേ നില്‌ക്കും കർണ്ണനോടു മന്ത്രിച്ചു മെല്ലേഃ

കർണ്ണാ! ഞാനൊന്നുണ്ടിന്നു ചൊല്ലുന്നു രഹസ്യമായ്‌

നിന്നുടെ തമ്പിമാരാം പാണ്ഡവരറിക നീ.

നീകൂടിയങ്ങു ചെന്നു ധർമ്മജാഗ്രജനായി

വാഴ്‌ക ഭൂമിയെ രിപുനാശവും ചെയ്‌കയെന്നാൻ.

കർണ്ണനും ചിരിച്ചുരചെയ്‌തിതു കൃഷ്‌ണൻതന്നോ-

ടെന്നുടെയനുജന്മാർ പാണ്ഡവരെന്നു നൂനം.

എന്നാലും നാഗദ്ധ്വജൻതന്നെയുപേക്ഷിച്ചി-

ട്ടിന്നു ഞാനങ്ങു പോരികെന്നതു ചെയ്‌കയില്ല.

ഭർത്തൃപിണ്ഡത്തിൻ പ്രതിക്രിയയെച്ചെയ്‌കവേണം

ഭൃത്യനാമവൻ പ്രാണൻ പോവോളമെന്നുണ്ടല്ലോ.

അർജ്ജുനൻതന്റെ കൈയാൽ മരണമിനിക്കതു

നിശ്ചയം വിരയെപ്പോയ്‌പോരിനു കോപ്പിട്ടാലും

മാരുതിതന്നെക്കൊല്ലും ഗാന്ധാരീസുതന്മാരെ-

പ്പോരതിലൊടുങ്ങീടും മറ്റുളള ജനങ്ങളും.

രണ്ടുഭാഗത്തുമുളള വൻപടയൊടുങ്ങീടും

മണ്ടുകയില്ല മഹാവീരന്മാർ മരിയാതെ.

ചിന്മയനായ പരബ്രഹ്‌മം നിർമ്മലമൂർത്തേ!

നിന്മനോവിലാസവുമെന്നുളളിലുണ്ടു പോറ്റീ!

യാത്രയും ചൊല്ലിക്കൃഷ്‌ണൻ പിന്നെയങ്ങുഴറിപ്പോയ്‌

പേർത്തുടനശ്വത്ഥാമാതന്നുടെ ഗൃഹംപുക്കാൻ.

പോരിനു സേനാപതിയാകാതെയിരിക്കെന്നു

വീരനാം ദ്രൗണിയോടു മാധവനപേക്ഷിച്ചാൻ.

വിശ്വംസ്‌തനായവിപ്രനശ്വത്ഥാമാവുതാനും

വിശ്വനായകമനോരഥത്തെയറിഞ്ഞപ്പോൾ.

നിശ്ചയമതു ചെയ്‌കയില്ല ഞാനെന്നു ചൊന്നാ-

നച്യുതൻ ദീർഘായുഷ്‌മാനെന്നുമരുൾചെയ്‌താൻ.

പാരാതെയെഴുന്നളളിപ്പാണ്ഡവരോടു ചൊന്നാ-

നോരോരോ വിശേഷങ്ങളുണ്ടായതെപ്പേരുമേ.

Previous Next

തുഞ്ചത്തെഴുത്തച്‌ഛൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.