പുഴ.കോം > ക്ലാസിക്സ് > ഉപന്യാസം > കൃതി

ശ്രീ മഹാഭാരതതർജ്ജിമ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇ.ആർ.രാജരാജവർമ്മ

പ്രാമാണികതയിൽ പഞ്ചമമായ വേദമെന്നും, പ്രമാണം നോക്കുമ്പോൾ ശതസഹസ്രിയായ സംഹിത എന്നും, വ്യാപകത ആലോചിക്കുകയാണെങ്കിൽ സർവ്വവിഷയാകരം എന്നും, ഉപയോഗത്തെപ്പറ്റി വിചാരിക്കുന്നപക്ഷം സർവ്വോപജീവ്യം എന്നും വിശ്വവിഖ്യാതമായ ഒരപൂർവ്വ ഗ്രന്ഥമാകുന്നു മഹാഭാരതം.

ഇതിനോട്‌ സമം ചേർത്തു പറയത്തക്ക യോഗ്യതയുളള വേറെ ഒരു ഗ്രന്ഥം ഭൂമണ്ഡലത്തിൽ എങ്ങുംതന്നെ ഇല്ല. ശ്രീ വേദവ്യാസമഹര്‌ഷി വേദങ്ങളെയെല്ലാം തരം തിരിച്ചതിന്റെ ശേഷം അവയിലുളള ഗഹനങ്ങളായ സാരാംശങ്ങളെ പാമരന്‌മാർക്കു സുഗ്രഹമാകത്തക്ക വിധത്തിൽ ലഘുപ്പെടുത്തി ലോകാനുഗ്രഹത്തിനായിത്തീർത്ത ഗ്രന്ഥമായിട്ടാണ്‌ ഭാരതം ഗണിക്കപ്പെട്ടിരിക്കുന്നത്‌. പലവക സുഗന്ധപുഷ്പങ്ങളെ കൂട്ടിച്ചേർത്ത്‌ ഒരു കുട്ടി മാല കെട്ടുന്നതിൽ നാരിന്‌ ഏതു നിലയോ ആ നിലയേ ഉളളു ഈ ഗ്രന്ഥത്തിൽ പാണ്ഡവൻമാരുടെ ചരിത്രത്തിന്‌. പ്രസക്‌ത്യാ സകല ശാസ്‌ത്രതത്ത്വങ്ങളും ഇതിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ശ്രീഭഗവത്‌ഗീത, സനത്‌സുജാതീയം മുതലായ ഉപനിഷത്തുകൾ ഭാരതത്തിന്റെ ചിലഘട്ടങ്ങൾ എന്നേ ഉളളല്ലോ. ഇതിന്റെ ഈവിധം അനന്യസാമാന്യമായ മഹാത്‌മ്യാതിരേകത്താൽ അധികൃതന്‌മാരായ പാശ്ചാത്യപണ്ഡിതൻമാർ, ഇത്‌ ഒരേ കവിയുടെ കൃതിയായിരിപ്പാനിടയില്ലെന്നു വിസംവദിക്കുന്നു.

മഹാഭാരതമെന്നത്‌ ഒരു ശബ്‌ദമയമായ മഹാർണ്ണവമാകുന്നു. ചില പുണ്യകാലങ്ങളിലും മറ്റും ചില ധാർമ്മികൻമാർ ഇതിന്റെ ചില വിശേഷപ്പെട്ട ഘട്ടങ്ങളിൽ ഇറങ്ങി സ്‌നാനതർപ്പണാദികൾ ചെയ്യുന്നതല്ലാതെ, ജലക്രീഡയ്‌ക്കും മറ്റും ഇത്‌ ഉതകുന്നതല്ല. കല്ലോലകോലാഹലകലുഷങ്ങളായ കൂലാസന്നഭാഗങ്ങളും, പ്രസന്നഗംഭീരങ്ങളായ മധ്യഭാഗങ്ങളും ഇതിലുണ്ട്‌. കവിമേഘങ്ങൾ ഇതിൽ നിന്നെടുത്തു സരസപ്പെടുത്തിയാണ്‌, തങ്ങളുടെ സൂക്‌താസാരങ്ങളെ കോരിവാരിച്ചൊരിയുന്നത്‌. പലപല വിലമതിയ്‌ക്കുനെളുതല്ലാത്ത രത്നങ്ങൾക്കും ഇത്‌ അനശ്വരമായ ഒരാകരമാകുന്നു. ഇങ്ങനെ സമുദ്രത്തിന്റെപോലെയുളള ഇതിന്റെ മഹത്ത്വവും ഗാംഭീര്യവും ആരേയാണു വിസ്‌മയിപ്പിയ്‌ക്കാത്തത്‌?

എന്നാൽ തത്താദൃശ്യമായ സമുദ്രത്തേയും ചുളുകത്തിനുളളിലാക്കി ചൂഷണംചെയ്‌തു വിസർജ്ജനംചെയ്യുന്നതിന്‌ ഒരു മഹാനുഭാവൻ ഉണ്ടായതുപോല, ഈ ഭാരതത്തേയും ഹൃദയസമ്പുടത്തിൽ ഗ്രഹിച്ചു ഭാഷാന്തരരൂപേണ വെളിയിൽ വിടുന്നതിന്‌ ഒരു മഹാൻ നമ്മുടെ ഇടയിൽ തന്നെ ജനിച്ചിരിയ്‌ക്കുന്നു. സമുദ്രം പാനംചെയ്‌തതു “വിന്ധ്യമഹാഗിരിയുടെ സംസ്‌തംഭയിതാ”വായ അഗസ്ത​‍്യമുനി ആണെങ്കിൽ, ഭാരതം ഭാഷപ്പെടുത്തിയതു “സരസദ്രുതകവികിരീടമണി” ആയ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനവർകളാകുന്നു.

ഭാരതം ഒരു പരിവൃത്തി പാരായണം ചെയ്‌തു തിർക്കുന്നതുപോലും ബഹുസംവത്‌സരസാധ്യമായിരിയ്‌ക്കെ, ഇതിനേ പരിമിതമായ കാലത്തിനുളളിൽ വൃത്താനുവൃത്തവും പദാനുപദവും ആയി പരിഭാഷപ്പെടുത്തുന്നതു കുഞ്ഞിക്കുട്ടൻതമ്പുരാനൊഴികെ മറ്റൊരു കവിയ്‌ക്കും സാധിയ്‌ക്കുന്നതല്ല. ഈ ‘ബ്രഹ്‌മാണ്ഡ’ ഗ്രന്ഥം ഒരാളായിട്ടു പകർത്തി എഴുതുകതന്നെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്‌. ശ്രീ വേദവ്യാസനും ഗ്രന്ഥം ചമയ്‌ക്കുകയും എഴുതി സംഗ്രഹിയ്‌ക്കയും കൂടി ഒന്നിച്ചുചെയ്യുന്നതിനു സാധിയ്‌ക്കായ്‌കയാൽ ഒരു നല്ല ‘രായസക്കാര’ന്റെ സഹായം ആവശ്യപ്പെട്ടിരുന്നുപോലും! ഒരിയ്‌ക്കൽ പറഞ്ഞുകൊടുക്കുന്നതിനേ മറക്കാതേയും, തെറ്റാതേയും മുറയ്‌ക്കു എഴുതിക്കൊണ്ടുവരുന്നതിനു ‘ശേഷിമാനാ’യ ഒരെഴുത്തുകാരൻ ആരുണ്ടെന്നു മഹർഷി ശ്രീപരമേശ്വരനോടു ചോദിച്ചപ്പോൾ, ആ ദേവൻ തന്റെ പുത്രനായ മഹാഗണപതിയേ ‘ശുപാർശി’ ചെയ്‌തുവത്രേ! എന്നാൽ ഗണപതി ലിപികാരസ്ഥാനം വഹിയ്‌ക്കണമെങ്കിൽ, ചില ‘ഉടമ്പടി’കൾ എല്ലാം വേണം. കവി ഒരിയ്‌ക്കൽ പറഞ്ഞതിനേ ആവർത്തിച്ചുപറയുകയില്ലെങ്കിൽ, എഴുത്തുകാരൻ ഒരു പദം എഴുതിക്കഴിഞ്ഞാൽ കവിക്ക്‌ അടുത്ത പദം ആലോചിച്ചു പറവാൻവേണ്ടി, ‘മെനക്കെടുക’യില്ല. ഗ്രന്ഥകാരൻ അവിചഛിന്നമായി പറഞ്ഞുകൊടുത്താൽ, എഴുത്തുകാരൻ അവിച്ഛിന്നമായി എഴുതും. ഈ ഉടമ്പടിയിൽ വേദവ്യാസൻ ഒന്നു കുഴങ്ങിയെങ്കിലും അതിനേ സ്വീകരിച്ചു. ഗണപതിക്ക്‌ ഇടവിടാതെ എഴുതാൻ വകകൊടുക്കണം അത്രയേ ഉളളല്ലോ. ആയതിലേയ്‌ക്ക്‌ വ്യാസൻ ഒരു പോരുപണിഞ്ഞു. ഒരു പണ്ഡിതനായ എഴുത്തുകാരന്‌, അർത്ഥം ഗ്രഹിക്കാതെ, കേട്ടതിനേ ഏട്ടിൽ കുറിക്കുന്നത്‌ അഭിമാനമല്ല. അതുകൊണ്ട്‌, ഗണപതി അർത്ഥം മനസ്സിലാക്കിത്തന്നെ എഴുതുമല്ലോ എന്നു വേദവ്യാസൻ അഭിപ്രായപ്പെട്ടു. ഗണപതി ശരിവെയ്‌ക്കുകയും ചെയ്‌തു. ഗ്രന്ഥകാരനും എഴുത്തുകാരനും തങ്ങളുടെ വേലയിൽ പ്രവേശിച്ചു. മഹര്‌ഷിക്ക്‌ എവിടെ എങ്കിലും ആലോചിച്ചുണ്ടാക്കുന്നതിൽ വാഗ്‌ധാടി തടഞ്ഞാൽ, അദ്ദേഹം അവിടെ ആർക്കും അർത്ഥമാകാത്തവിധം അതികഠിനമായ ഒരു ശ്ലോകമോ, അർത്ഥമോ, പദമോ ആവശ്യംപോലെ നിബന്ധിക്കും; ദേവൻ അർത്ഥം മനസ്സിലാകാതെ കുഴങ്ങും; മനസ്സിലായി വരുംമുൻപേ, അപ്പുറം കവി ഉണ്ടാക്കിത്തീരുകയും ചെയ്യും. ഈവിധം ഗണപതിയുടെ ‘പല്ലുടയ്‌ക്കുന്ന’ ഘട്ടങ്ങളേ ആണ്‌, മഹാഭാരതത്തിൽ ‘ഗണപതികുട്ടനം’എന്നു പറയുന്നത്‌. ഈ ഐതിഹ്യം ഭാരതത്തിൽ അവിടവിടെ ചിതറിക്കിടക്കുന്ന ചില ദുർഘടശ്ലോകങ്ങൾക്ക്‌ ഒരാഗമം കല്‌പിക്കാനും, ആകപ്പാടെ ഗ്രന്ഥമാഹാത്മ്യത്തെ പ്രശംസിപ്പാനും വേണ്ടി ഉണ്ടാക്കിത്തീർത്ത ഒരർത്ഥവാദമാണെന്നുളളത്‌ അതിസ്‌പഷ്‌ടമാകുന്നു. എങ്കിലും, ഇതിൽനിന്ന്‌ പൂർവ്വന്‌മാർ ഭാരതം ഒരാവർത്തി പകർത്തുന്നതുപോലും സാധാരണക്കാർക്കു ദുഷ്‌കരമായി വിചാരിച്ചിരുന്നു എന്നു തെളിയുന്നു.

പ്രകൃത്യാനുപ്രകൃതമായി വരുന്ന അനേകം ആനുഷംഗിക വിഷയങ്ങളെ എല്ലാം തളളിക്കളഞ്ഞ്‌, അനുസ്യൂതമായ കുരുപാണ്ഡവകഥയേ മാത്രം അടിസ്ഥാനപ്പെടുത്തി, വാലും തലയും ഇല്ലാത്ത ഏതാനും പദ്യങ്ങളെകൊണ്ട്‌ ഒരു ഭാരതസംഗ്രഹം ഭാഷയിൽ ചെയ്‌ത വകയ്‌ക്ക്‌ എഴുത്തച്ഛനെ നാം എത്രയോ കൊണ്ടാടുന്നു! ഇതേവരെ കൊണ്ടാടിയതൊന്നും പോരാ; ഇനി ചില സ്‌മാരകവും മറ്റും വേണംപോലും! ഈ സ്ഥിതിക്ക്‌ ഒരക്ഷരംപോലും വിടാതെ ആ ഗ്രന്ഥത്തെ സ്വഭാഷയിൽ തീർത്ത കുഞ്ഞിക്കുട്ടൻതമ്പുരാനേ കേരളീയർ ശിരസാവഹിച്ചാലും മതിയാകുമോ? കുറ്റമല്ല കാളിദാസൻ-

“പുരാണമിത്യേവ ന സാധു സർവ്വം

നചാപി കാവ്യം നവമിത്യവദ്യം”

എന്ന്‌ ‘ആവലാധി’ പറഞ്ഞത്‌. ചക്രവാകിക്കു രാത്രിയിൽ സംഗമം ഇല്ലെന്നുളളതുപോലെ, കീർത്തികാമിനിക്കും ഒരു ശാപമുണ്ട്‌. അവൾക്കു തന്റെ കാമുകന്റെ പില്‌ക്കാലമാണു യൗവനോല്ലാസവും, വിലാസഭംഗികളും, സൗഭാഗ്യഭാഗ്യോദയവും എല്ലാം തികയുന്നത്‌. ഇതെന്തൊരു കഷ്‌ടമാണ്‌? വൈധവ്യം വന്നതിനു മേലാണോ സ്‌ത്രീകൾക്കു നല്ലകാലം വരേണ്ടത്‌? എഴുത്തച്ഛന്റെ സഹജീവികൾ അദ്ദേഹത്തെ ആക്ഷേപിക്കുകയും, ഉപദ്രവിക്കുകയും ചെയ്‌തു; പിൻഗാമികളായ നാം അദ്ദേഹത്തിന്റെ മാഹാത്‌മ്യമറിഞ്ഞ്‌ ഉചിതങ്ങളായ സ്‌മാരകങ്ങളെ പ്രതിഷ്‌ഠിക്കാൻ ഉദ്യോഗിച്ചുവരുന്നു. അതിനാൽ, ആധുനികൻമാർ ഭാഷാമഹാഭാരതത്തെ വേണ്ടുംവണ്ണം ആദരിച്ചില്ലെങ്കിലും തമ്പുരാനുലേശം കുണ്‌ഠിതത്തിന്‌ അവകാശമില്ല. അവിടുത്തെ ഭാരതവിവർത്തകീർത്തിലത ഇപ്പോൾ അങ്കുരിച്ചതേ ഉളളല്ലോ. കാലക്രമത്തിൽ അതു ശാഖോപശാഖമായി പടർന്ന്‌, കേരളം ആസകലം വ്യാപിച്ചുകൊളളും.

ഗ്രന്ഥകർത്താവു ഭാഷാന്തരം പൂർത്തിചെയ്‌തു തീർത്തിരിക്കുന്നുവെങ്കിലും, സമഗ്രമായ പുസ്‌തകം അച്ചടിച്ചു പ്രസിദ്ധം ചെയ്‌തുകഴിഞ്ഞിട്ടില്ലാത്ത ഈ ഘട്ടത്തിൽ, തർജ്ജമയേക്കുറിച്ച്‌ അഭിപ്രായം പറയാൻ പുറപ്പെടുന്നത്‌ അനുചിതമാകുന്നു. അല്ലെങ്കിൽ, ഈ ഗ്രന്‌ഥത്തിന്റെ സംഗതിയിൽ അങ്ങനെആലോചിപ്പാനുമില്ല; പരിപൂർണ്ണമായ പുസ്‌തകം കൈവശം കിട്ടിയിരുന്നു എന്നു വരുകിലും, അതു മുഴുവൻ ഒരാവൃത്തി വായിച്ചു ഗുണദോഷ നിരൂപണം ചെയ്യുന്നതിന്‌ അധികംപേർ ഉണ്ടാവുകയില്ല. ഈ ലേഖനകർത്താവിന്‌ അത്‌ അശക്യമാണെന്നു തീരുമാനംതന്നെ. അതിനാൽ ഭാരതത്തിന്റെ സംഗതിയിൽ ‘സ്‌ഥാലീപുലാക’ ന്യായംതന്നെ സർവ്വഥാ ശരണീകരണീയമായിത്തീർന്നിരിക്കുന്നു. പാചകന്‌മാർ, നാലോ അഞ്ചോ പറ അരി കിടന്നു വേവുന്ന പാത്രത്തിൽനിന്ന്‌ ഒരു തവി അരി എടുത്ത്‌ അതിൽ നാലോ അഞ്ചോ എണ്ണത്തിന്റെ വേവു നോക്കിയാണല്ലോ പാത്രത്തിലെ അരിയുടെ മുഴുവനും പാകം നിശ്ചയിക്കുന്നത്‌. ഈ ന്യായപ്രകാരം നോക്കിയതിൽ തർജ്ജമ മൂലത്തിന്‌ അത്യന്തം യോജിച്ചതും, സ്വാരസ്യക്കുറവില്ലാത്തതും ആയിട്ടു കാണപ്പെട്ടിരിക്കുന്നു എന്നു സമ്മതിച്ചേ തീരൂ. മൂലത്തിനുതന്നെ മിക്ക ഭാഗങ്ങളിലും പറയത്തക്ക കാവ്യരസമൊന്നുമില്ലെങ്കിൽ, അതിനു ഭാഷാന്തരകർത്താവ്‌ ഉത്തരവാദിയല്ലല്ലോ. എന്നാൽ, അകൃത്രിമരമണീയങ്ങളായ പ്രകൃതിസിദ്ധചമത്‌കാരങ്ങളാൽ അലംകൃതങ്ങളായ പല ഭാഗങ്ങളും ഭാരതത്തിൽ ഉണ്ട്‌. അതുകളുടെ തർജ്ജമയ്‌ക്ക്‌ ഒരു മാറ്റുകൂടി സ്വാരസ്യം കൂട്ടുന്നതിനു വകയില്ലയോ എന്നു ചോദിക്കാൻ ഭാവിക്കുംമുൻപ്‌, രണ്ടു ഭാഷകളുടേയും ശക്‌തി താരതമ്യം, വൃത്താനുവൃത്തനിവർത്തനം എന്നുളള കവിയുടെ പ്രതിജ്ഞ, ദ്രുതഗതി, ഗ്രന്ഥത്തിന്റെ വലിപ്പം എന്ന പലപല സംഗതികളും ഒന്നുചേർന്നു വന്നു ചോദ്യകർത്താവിന്റെ വാങ്ങ്‌മുദ്രണം ചെയ്‌തുകളയുന്നു. മൂലത്തിനു വ്യാഖ്യാനാപേക്ഷ ഉളളിടങ്ങളില്ലെല്ലാം ഭാഷാന്തരത്തിനും അതുണ്ടെങ്കിൽ, അതിനേ ഒരു വൈകല്യമായി ഗണിച്ചുകൂടല്ലോ.

കുഞ്ഞിക്കുട്ടൻരാജാവിനു പദ്യനിർമ്മാണശക്‌തി ഒരു കൂടപ്പിറവിയാണ്‌. ഇംഗ്ലീഷുമഹാകവിയായ “പോപ്പി”ന്റെ കാര്യത്തിൽ പറയാറുളളതുപോലെ, അവിടെയ്‌ക്കു വേണമെങ്കിൽ ശ്ലോകത്തിൽത്തന്നെ ‘വെടിപറയാം!’ സംസ്‌കൃതപാണ്ഡിത്യത്തേപ്പറ്റി ആരോചിക്കയാണെങ്കിൽ, കൊടുങ്ങല്ലൂർക്കോയിക്കലേ സ്‌തംഭങ്ങൾ പോലും സംസ്‌കൃതഭാഷാഭിജ്ഞങ്ങളാണെന്നു പ്രസിദ്ധമാകുന്നു. മലയാളഭാഷയുടെ ശുദ്ധിയെക്കുറിച്ചോ ചോദിപ്പാനുമില്ല; മധ്യകേരളമായ കൊടുങ്ങല്ലൂർദേശത്തെ നടപ്പുഭാഷയേ ആണ്‌ അത്യുത്തമമായി ഗണിച്ചിരിക്കുന്നത്‌. കവിക്കു ബാല്യസഹവാസം ‘വെണ്‌മണിപ്രഭൃതി’കളും ആയിരുന്നു. ഇതെല്ലാം കൂടി ചേർത്തുനോക്കുമ്പോൾ ഭാരതതർജ്ജമയിൽ ഒരഭിപ്രായം പറയാൻതന്നെ അസ്‌മാദൃശൻമാരുടെ ജിഹ്വ പ്രസരിക്കുന്നില്ല. പ്രകൃതനിരൂപണത്തിനു വിഷയമായ ഈ മഹാഗ്രന്ഥം കേരളത്തിലെ സകല പുസ്‌തകശാലകളേയും എന്നെന്നേയ്‌ക്കും അലങ്കരിക്കട്ടെ; ഈ മഹാകവിയും അനന്യസാധ്യങ്ങളായ ഈദൃശവ്യവസായങ്ങൾ കൊണ്ടു കേരളമഹാജനങ്ങളുടെ കൃതജ്ഞതയ്‌ക്കുമേലാലും പാത്രീഭവിക്കട്ടെ- എന്നാശംസിക്കുന്നു.

ഇ.ആർ.രാജരാജവർമ്മ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.