പുഴ.കോം > ക്ലാസിക്സ് > പുരാണം > കൃഷ്ണഗാഥ > കൃതി

സീരിണസ്സല്‍ക്കഥ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചെറുശ്ശേരി നമ്പൂതിരി

''കഷ്ടമായുള്ളൊരു കാരിയമല്ലോ നീ
രുഷ്ടനായ് ചെയ്തതു പെട്ടന്നിപ്പോള്‍
സല്‍ക്കഥ ഞങ്ങള്‍ക്കു ചൊല്‍വതിന്നായല്ലോ
സല്‍ക്കരിച്ചിന്നിവന്‍ തന്നെ ഞങ്ങള്‍
ആരണര്‍ക്കായുള്ളൊരാസനം തന്നെയും
ആദരവോടു കൊടുത്തു നേരെ
ആരെയും കണ്ടാല്‍ നീയാചാരം വേണ്ടായെ
ന്നാജ്ഞയും നല്‍കിയിരുത്തിക്കൊണ്ടു
അങ്ങനെയുള്ളൊരൊരു സൂതനെയിന്നു നീ
യിങ്ങനെ കൊന്നതു വേണ്ടീലൊട്ടും''

എന്നതു കേട്ടൊരു സീരിതാന്‍ ചൊല്ലിനാന്‍
നിന്നൊരു മാമുനിമാരോടപ്പോള്‍

'' എന്നുടെ കൈയാലെ ചാകയെന്നിങ്ങനെ
മുന്നമേയുണ്ടിവനേകലെന്നാല്‍
ഇന്നതു ചിന്തിച്ചു ഖിന്നതകോലേണ്ടാ
കൊന്നതില്‍ കാരണമുള്ളിലായാല്‍
ചേതന കൈവെടിഞ്ഞീടുമിസുതന്റെ
നൂതനനായൊരു സൂനുതന്നെ
സല്‍ക്കഥ ചൊല്ലുവാനാക്കി നിന്നീടുവിന്‍
ദു:ഖവും കൈവിട്ടു നിന്നു നിങ്ങള്‍.
ഓരാതെ ചെയ്തതു കാരിയം തൊട്ടേതും
പോരായ്മ ചിന്തിച്ചു ചീറൊല്ലാതെ
നമ്മെക്കൊണ്ടേതാനും വേണ്ടുന്നതുണ്ടെങ്കില്‍
കന്മഷം കൈവിട്ടു ചൊല്ലിനാലും''

ഇങ്ങനെ ചൊന്നതു കേട്ടവരെല്ലാരും
തങ്ങളില്‍ ചിന്തിച്ചു ചൊന്നാരപ്പോള്‍

'' വല്‍ക്കലനെന്നങ്ങു ചൊല്‍ക്കൊണ്ടു നില്‍ക്കുന്നൊ
രുല്‍ക്കടനായുള്ള ദാനവന്താന്‍
വന്മദം പൂണ്ടു തിമിര്‍ക്കയാലെങ്ങള്‍ക്കു
കര്‍മ്മങ്ങളെല്ലാം മുടങ്ങിക്കൂടി
ആവതല്ലിന്നിവന്‍ ചെയ്തതു ചൊല്ലുവാന്‍
'കേവലം വന്നിങ്ങു വാവുതോറും
ഇന്നവന്തന്നെ നീ കൊന്നങ്ങങ്ങു വീഴ്ത്തുകില്‍
‍നന്നായി വന്നിതുമെന്നേക്കുമേ''

എന്നതു കേട്ടൊരു സീരിതാന്‍ ചൊല്ലിനാന്‍
'' വന്നൊരു വാവുന്നാള്‍ കൊന്നുനേരെ
വിണ്ടലരുള്ളിലും നിങ്ങള്‍ തന്നുള്ളിലും
ഉണ്ടായ ഖേദത്തെപ്പോക്കുവാന്‍ ഞാന്‍''

എന്നങ്ങു ചൊന്നവനന്നിലം തന്നിലെ
വന്നൊരു വാവിനെപ്പാര്‍ത്തു നിന്നാന്‍
വാവങ്ങു വന്നപ്പോള്‍‍ മാമുനിമാരെല്ലാം
മാവിലമാസനസരായ നേരം
'ഭീതരായ്നില്ലാതെ വൈതാനകര്‍മ്മത്തില്‍
കൈതുടര്‍ന്നീടുവിനെ'നെന്നു ചൊന്നാന്‍
നന്മുനിമാരതു കേട്ടുനിന്നോരോരോ
കര്‍മ്മങ്ങളാരംഭിച്ചിടും നേരം
മുഷ്ക്കരനായൊരു വല്‍ക്കലന്‍ വന്നു നി-
ന്നുല്‍ക്കടകട കര്‍മ്മങ്ങളാചരിച്ചാല്‍
മദ്യമായുള്ളൊരു നീരും വീഴ്ത്തി
വിണ്മയമായൊരു നല്‍ വളം തൂകി നാന്‍
കന്മഷക്കായ്കളെ കായ്പ്പിപ്പാനായ്
ശോണമായുള്ളൊരു ശോണിതം തൂകിനാന്‍
ചേണുറ്റ കുണ്ഡങ്ങള്‍ തോറും പിന്നെ
ദുഷ്ടതയായുള്ളൊരു വല്‍ക്കലനിങ്ങനെ
കഷ്ടത പിന്നെയും കാട്ടും നേരം
ദുര്‍ഗന്ധമേതും പൊറുക്കരുതായ്കയാല്‍
നിര്‍ഗ്ഗമിച്ചീടിനാര്‍ നിന്നോരെല്ലാം
വീരനായുള്ളൊരു സീരിതാന്‍ നോക്കുമ്പോള്‍
ദൂരവേ കാണായി ഘോരന്തനെ
സീരത്തെക്കൊണ്ടു വലിച്ചവന്തന്നെയും
ചാരത്തുകൊടു പിടിച്ചു പിന്നെ
നിര്‍മ്മലമായൊരു വന്മുസലത്തിന്നു
വന്മദം പൂകിച്ചാന്‍ താഡിച്ചപ്പോള്‍‍
നന്മുനിമാരുടെ വേദനപോലെയ-
ക്കമ്മന്റെ ജീവനും പോയിതായി
മോദിതരായുള്ള മാമുനിമാരെല്ലാം
ആദരിച്ചമ്പോടു സീരി തന്നെ
'ആശയം തന്നില്‍ നിറഞ്ഞു നിന്നീടുന്നോ-
രാശിയും ചൊല്ലിനാരായവണ്ണം
വാരുറ്റു നിന്നൊരു സീരിതാനെന്നപ്പൊ-
ളാരണര്‍ നല്‍കിയുള്ളാശിയെല്ലാം
പാഥേയമായിപ്പരിഗ്രഹിച്ചങ്ങനെ
പാരാതെ പിന്നെയും തീര്‍ത്ഥത്തിന്നായ്
ആഗതരായുള്ളൊരാരണന്മാരുമായ്
പോകത്തുടങ്ങിനാന്‍ വേഗത്താലെ
ചാരത്തുനിന്നൊരു കൗശികതീര്‍ത്ഥത്തെ
പ്പാരാതെ ചെന്നുനിന്നാടിപ്പിന്നെ
ചൊല്‍ക്കൊണ്ടു നിന്നുള്ള തീര്‍ത്ഥങ്ങളോരോന്നേ
ദിക് ക്രമം കൊണ്ടുനിന്നാടിയാടി
മേദിനി തന്നെ വലത്തുവച്ചങ്ങനെ
മേളത്തില്‍ നീളെ നടന്നു മെല്ലെ
പാതകം പായും പ്രഭാസമാം തീര്‍ത്ഥത്തില്‍
കൗതുകം പൂണ്ടവന്‍ വന്നനേരം

Previous Next

ചെറുശ്ശേരി നമ്പൂതിരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.