പുഴ.കോം > ക്ലാസിക്സ് > പുരാണം > കൃഷ്ണഗാഥ > കൃതി

രാജസൂയം-6

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചെറുശ്ശേരി നമ്പൂതിരി

'' വാഞ്ഛിതമായൊരു രത്നത്തെക്കൈവിട്ടു
കാഞ്ചനം തേടുന്നതെന്തു നിങ്ങള്‍?
ശാഖിതന്മൂലത്തിലല്ലയോ വേണ്ടുന്നു
ശാഖകള്‍ തോറും നനക്കവേണ്ട.
വിശ്വങ്ങള്‍ക്കെല്ലാമേ ജീവനായ്മേവുന്നോ-
രച്യുതനല്ലയോ നിന്നതെന്നാല്‍
മറ്റുള്ളതൊന്നുമേ ചിന്തിച്ചു നില്ലാതെ
തെറ്റെന്നു പൂജിക്കയെന്നേവേണ്ടു ''

മാദ്രയനിങ്ങനെ വാര്‍ത്തയെച്ചൊന്നപ്പൊ-
ളാര്‍ദ്രമായുള്ള മനസ്സുകളായ്
ആസ്ഥാനവാസികളായുള്ളോരെല്ലാരും
വാഴത്തിനിന്നീടിനാരോര്‍ത്തതോറും.
അംബുജലോചന്‍തന്നുടെ പൂജക്കു
ധര്‍മ്മജന്‍താനും മുതിര്‍ന്നാനപ്പോള്‍‍
പൊല്‍ക്കുടം കിണ്ടികള്‍ പൊല്‍ത്താലമെന്നിവ-
യൊക്കവേ വന്നു നിരന്നു കൂടി.
പൊന്മയമായൊരു നിര്‍മ്മലപീഠത്തില്‍
സന്മതിയോടങ്ങിരുത്തിപ്പിന്നെ
വേദങ്ങള്‍ ചെന്നങ്ങു വേഗത്തില്‍ തേടുന്ന
പാദങ്ങള്‍ രണ്‍റ്റും പിടിച്ചു ചെമ്മെ
ക്ഷാളനം പെണ്ണിനാന്‍ പൂരിച്ച വാരികൊ-
ണ്ടാനന്ദലോചനവാരികൊണ്ടും,
ചാരത്തുവന്നൊരു വാമനമ്പാദത്തെ
വാരിജസംഭവനെന്നപോലെ.
ക്ഷാളനതോയങ്ങള്‍ കൈയിലങ്ങാക്കിതന്‍
ആനനം തന്നിലും മേനിയിലും
ഭക്തിയെപ്പൂണ്ടു തളിച്ചു നിന്നീടിനാന്‍-
ഉത്തമര്‍ക്കെന്നല്ലോ തോന്നി ഞായം
വട്ടത്തില്‍നിന്നുള്ള മാമുനിമാരെല്ലാം
തൊട്ടുകളിച്ചു തുടങ്ങീതപ്പോള്‍‍.
ഒക്കവെ ചെന്നങ്ങു തിക്കുതുടങ്ങിനാര്‍
പുഷക്കരലോചനന്‍ ചാരത്തെങ്ങും
പ്രീതനായുള്ളൊരു ധര്‍മ്മജന്മാവു താന്‍
പീതങ്ങളായുള്ള കൂറകളും
മുത്തുകള്‍ മുമ്പായ ഭൂഷണം നല്‍കി നി-
ന്നുത്തമ പൂജയുമാചരിച്ചാന്‍-
ദേവകളെല്ലാരുമേറിനമോദത്താല്‍
പൂവുകള്‍ തൂകിനാരായവണ്ണം.
മാമുനിമാരുമങ്ങാമോദം പൂകിനാര്‍,
മാലോകരെല്ലരുമവ്വണ്ണമേ.
പൂതനവൈരിതന്‍ പൂജയെച്ചെയ്കയാല്‍
പൂതനായുള്ളോരു ധര്‍മ്മജന്‍ താന്‍
പൊങ്ങിയെഴുന്നൊരു സന്തോഷ വാരിയില്‍
മുങ്ങിവിളങ്ങിയിരുന്ന നേരം
ദേവിതന്‍ ചാരത്തു മേവിനിന്നീടുന്ന
ചേദിപനാകുന്ന മന്നവന്‍ താന്‍
ദേവകീസൂനുവെക്കണ്ടൊരു നേരത്തു
വേവുറ്റു തന്നിലെ നണ്ണിനിന്നാന്‍

'പാന്ഥനായ് വന്നിങ്ങു നിന്നൊരിപ്പോഴെന്റെ
മോന്തയെക്കാണാതെ നിന്നിതാവൂ;
കുണ്ഡിനംതന്നില്‍ പണ്ടുണ്ടായതോര്‍ക്കുമ്പോള്‍
കണ്ടോളമെന്നുണ്ടു തോന്നുന്നിപ്പോള്‍'.
ഇങ്ങനെ തന്നിലെ നണ്ണിന മന്നവന്‍
അങ്ങനെ പിന്നെയും നിന്നനേരം
ഉത്തമപൂജകൊണ്ടുത്തമരായുള്ള
സ്വത്തുക്കള്‍തങ്ങളില്‍ ചൊന്നതെല്ലാം
കേള്‍ക്കായനേരത്തു യോഗ്യവും ചിന്തിച്ചി-
ട്ടാര്‍ക്കുപോലെന്നവന്‍ പാര്‍ത്തനേരം
മാദ്രേയന്‍ ചൊല്ലുന്ന വാര്‍ത്തയെക്കേള്‍ക്കായി
മാത്സര്യം പൊങ്ങീതു പാരമപ്പോള്‍‍.
ആസ്ഥാനം തന്നിലുള്ളോര്യന്മാരെല്ലാരും
വാഴ്ത്തുന്നതൊന്നൊന്നേ കേട്ടനേരം
ഉന്മുഖം കൊണ്ടത്തന്‍ കര്‍ണ്ണങ്ങള്‍ രണ്ടിലും
ചെമ്മേ ചെലുത്തുന്നുതെന്നു തോന്നി
കൊണ്ടാടി നിന്നുള്ള മാമുനിമാരോടും
ഉണ്ടായി വന്നിതു കോപമപ്പോള്‍.
ധര്‍മ്മജന്തന്നുടെ സമ്മാനം കണ്ടപ്പൊ-
ളുന്മാദനായിച്ചമഞ്ഞുകൂടി.
പെട്ടെന്നെഴുന്നേറ്റു ' കഷ്ടം' എന്നിങ്ങനെ
രുഷ്ടനായ് നിന്നങ്ങു ചൊല്ലിപിന്നെ
മൂക്കിന്മേല്‍ കൈവച്ചു ചൊല്ലിനിന്നീടിനാന്‍
മൂര്‍ക്ക്വത ചീര്‍ത്തുള്ള വാര്‍ത്ത തന്നെ:

Previous

ചെറുശ്ശേരി നമ്പൂതിരി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.