പുഴ.കോം > ക്ലാസിക്സ് > പുരാണം > കൃഷ്ണഗാഥ > കൃതി

രാജസൂയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചെറുശ്ശേരി നമ്പൂതിരി

നന്ദജനമ്പോടു മന്ദിരം തന്നിലെ
നന്ദിച്ചു നിന്നീടുമന്നൊരുനാള്‍‍
നിര്‍മ്മലനായൊരു ധര്‍മ്മജന്മാവുതാന്‍
അംബുജലോചനന്തന്നെ നോക്കി
ആസ്ഥാനമന്ദിരം തന്നില്‍നിന്നോര്‍ത്തൊരു
വാത്തയെച്ചൊല്ലിനാനാസ്ഥയോടെ;

‘’ കാരുണ്യവാരിധിയായൊരു നിന്നുടെ
കാരുണ്യമുണ്ടെന്നിലെങ്കിലിപ്പോള്‍‍
സത്വരം ചെയ്കയിലാശയുണ്ടേറ്റവും
ഉത്തമമായൊരു രാജസൂയം-
ആവതല്ലാതതു ചിന്തിച്ചുകൊണ്ടല്ലൊ
കേവലമാശതാന്‍ മേവിഞായം’‘

ധര്‍മ്മജന്തന്നുടെ ചൊല്ലിനെക്കെട്ടുള്ളോ-
രംബുജലോചനന്‍ ചൊന്നാനപ്പോള്‍‍;

‘’ യോഗ്യമായുള്ളതിലാശ ചൊന്നീടിനാല്‍
ഭാഗ്യവാനെന്നല്ലോ വന്നു ഞായം
വൈകല്യം വാരാതെ സാധിച്ചു നിന്നീടും
വൈകാതെ നിന്നുടെ രാജസൂയം
ദിഗ്ഗജം വെല്ലുന്ന വെല്ലുന്ന സോദരന്മാരെ നീ
ദിഗ്ജയത്തിന്നു നിയോഗിക്കെന്നാല്‍’‘

എന്നതു കേട്ടൊരു ധര്‍മ്മജന്‍ ചൊല്ലാലെ
നിന്നൊരു സോദരവീരരെല്ലാം
പെട്ടന്നു ചെന്നോരോ മന്നവന്മരോടു
മുട്ടിപ്പിണഞ്ഞുകതിര്‍ത്തു നേരെ
താഴാതെ കണ്ടുജയിച്ചവര്‍ നല്‍കിന
കോഴയും കൊണ്ടിങ്ങു പോന്നുവന്നാര്‍
മാഗധന്തന്നെജ്ജയിച്ചീലയെന്നിട്ടു
മാഴ്കിനിന്നീടുമമ്മന്നവന്റെ
മാനസം കണ്ടു പറഞ്ഞുനിന്നീടിനാന്‍
മാനിച്ചു മാഴ്കാതെ മാധവന്താന്‍;

‘’ പാര്‍ത്ഥനും ഭീമനും ഞാനുമായ്ചെന്നുനി-
ന്നാര്‍ത്തിയെപ്പോക്കുന്നുതുണ്ടുണ്ടു നേരെ’‘

ഇങ്ങനെ ചൊന്നവര്‍ മൂവരുമൊന്നിച്ചു
സംഗരകാംക്ഷികളായിപ്പിന്നെ
മാരണകര്‍മ്മത്തിങ്കാരണരായി ന-
ല്ലാരണരായിച്ചമഞ്ഞു നേരെ
മാഗധമന്ദിരം നോക്കിനടന്നാര-
മ്മാധവഭീമധനഞ്ജയന്മാര്‍
വീരനായുള്ളൊരു മാഗധന്താനപ്പോള്‍‍
ആരണര്‍വന്നതു കണ്ട നേരം
ഉത്തമമായൊരു പൂജയെച്ചെയ്തിട്ടു
ഭക്തിയെപ്പൂണ്ടു തെളിഞ്ഞുചൊന്നാന്‍:

‘’ നല്‍വരം നല്‍കിന ഞങ്ങളീവന്നതു
നല്‍വരവായിട്ടു വന്നുതെന്നാല്‍
എന്തൊരു കാംക്ഷകൊണ്ടെന്നുടെ ചാരത്തു
വന്നുതെന്നുള്ളതു ചൊല്ലവേണം
ചാരത്തു വന്നിട്ടകപ്പെട്ടു നിന്നു ഞാന്‍
ആരായവേണ്ടുന്നു നിങ്ങളെല്ലാ’‘

ഇങ്ങനെ ചൊല്ലുന്ന മാഗധമ്പിന്നെയും
തന്നിലെ ചിന്തിച്ചു ചിന്തിച്ചപ്പോള്‍‍
പങ്കജലോചനന്തമുഖം കണ്ടിട്ടു
ശങ്കിതനായിട്ടു നിന്നു ചൊന്നാന്‍;

'' പണ്ടു ഞാനെങ്ങാനും കണ്ടൊരുദേഹമെ-
ന്നുണ്ടെനിക്കുള്ളിലെ തോന്നുന്നിപ്പോള്‍
എന്നിലമെന്നതു ചൊല്ലുവാന്‍ വല്ലേന്‍ഞാ-
നെന്നിലമെന്നതു ചൊല്ലവേണം’‘

മാഗധനിങ്ങനെ ചൊന്നതുകേട്ടൊരു
മാധവന്‍ ചൊല്ലിനാന്‍ മന്ദപ്പോള്‍

‘’ യാദവന്മാരോടു പോര്‍ക്കു തുനിഞ്ഞു നീ
യാതനാ‍യീലയോ പണ്ടൊരു നാള്‍‍?
അന്നു ഞാന്‍ കണ്ടതെ ''ന്നിങ്ങനെ കേട്ടപ്പോള്‍
പിന്നെയും ചൊല്ലിനാന്മാഗധന്താന്‍;
‘ കൊണ്ടല്‍നേര്‍വ്വര്‍ണ്ണനന്നിണ്ടലും പൂണ്ടിട്ടു
മണ്ടുന്നതെല്ലാമേ കണ്ടുതല്ലി’‘?

എന്നതു കേട്ടൊരു മാധവന്‍ ചൊല്ലിനാന്‍
നിന്നൊരു മന്നവന്തന്നൊടപ്പോള്‍‍:

‘’ ചീറ്റവും കൈവിട്ടു പോറ്റിയും ചൊല്ലീട്ടു
തോറ്റങ്ങുമണ്ടുന്ന തേറ്റമപ്പോള്‍‍
അഞ്ചാറുവട്ടമല്ലന്നു ഞാന്‍ കണ്ടതോ
ചെഞ്ചെമ്മേ കേള്‍ പതിനേഴുവട്ടം’‘

മാനിയായുള്ളൊരു മാഗധനെന്നപ്പോള്‍‍
ആനനം തന്നെയും താഴ്ത്തിച്ചൊന്നാന്‍:

‘’ ആരണര്‍ ചൊന്നതിനുത്തരം ചൊല്ലുവാന്‍
ആരുമേയില്ലയിപ്പാരിലിപ്പോള്‍‍
ആരെന്നു ചൊല്ലേണം കേവലം നിങ്ങളെ
ആരണരല്ലേന്നേ തോന്നുന്നിപ്പോല്‍’‘

ശങ്കിതനായൊരു മാഗന്തന്നോടു
പങ്കജലോചനന്‍ ചൊന്നാനപ്പോള്‍

Previous Next

ചെറുശ്ശേരി നമ്പൂതിരി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.