പുഴ.കോം > ക്ലാസിക്സ് > പുരാണം > കൃഷ്ണഗാഥ > കൃതി

ഖാണ്ഡവദാഹം(ഭാഗം 3)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചെറുശ്ശേരി നമ്പൂതിരി

പങ്കജം വെല്ലുന്ന പാദങ്ങള്‍കൊണ്ടെങ്ങും
മംഗലം ചെയ്താനമ്മന്ദിരത്തില്‍.
ഒട്ടുനാളിങ്ങനെ തുഷ്ടിയും പൂണ്ടു നി-
ന്നിഷ്ടരുമായി വസിക്കും കാലം
പാണ്ഡവവീരനാം പാര്‍ത്ഥനും താനുമായ്
ഖാണ്ടവമാകിയ കാനനത്തില്‍
പോയങ്ങുപൂകിനാന്‍ തോയജലോചനന്‍
നായാട്ടുലീലയെക്കോലുവാനായ്
കാനനം പൂകീന കാര്‍മുകില്‍വര്‍ണ്ണന്താന്‍
യാനംകൊണ്ടുണ്ടായ ദീനം പോവാന്‍
സത്സംഗിയായ ധനജ്ഞയന്തന്നുടെ
ഉത്സംഗം തന്നില്‍ വച്ചുത്തമാംഗം
മുദ്രിതലോചനനായിക്കിടന്നിട്ടു
നിദ്രയെപ്പൂണ്ടു തുടങ്ങുംനേരം
കാനനംതന്നെദ്ദഹിപ്പതിന്നായിട്ടു
കാംക്ഷമുഴുത്തൊരു വഹ്നിയപ്പോള്‍
വീരനായുള്ളധനഞ്ജയന്തന്നോടു
വിപ്രനായ് വന്നു പറഞ്ഞാന്‍ മെല്ലെ:

‘’ ക്ഷുത്തുകൊണ്ടേറ്റവും ദീനനാകുന്നു ഞാന്‍
ക്ഷുത്തിനെത്തീര്‍പ്പോരെക്കണ്ടില്ലെങ്ങും
ഭക്ഷണം തന്നു നിന്നിക്ഷണമെന്നുടെ
കുക്ഷിയെപ്പൂരിച്ചു രക്ഷിക്കേണം.’‘

പാവകനിങ്ങനെ ചൊന്നതു കേട്ടൊരു
പാണ്ഡവവീരനും ചൊന്നാനപ്പോള്‍;
‘’ സജ്ജനപൂജയെച്ചെയ്‌വതിനായല്ലോ
സഞ്ജനായുള്ളു ഞാന്‍ പണ്ടുപണ്ടേ
ഇച്ഛയെച്ചൊല്ലിനാലിപ്പോഴേ നല്‍കുവ-
നച്യുതന്തന്നുടെ പാദത്താണ’‘

തങ്ങളിലിങ്ങനെ ചൊന്നൊരു നേരത്തു
പങ്കജനാഭനുണര്‍ന്നു നന്നായ്
സാരനായുള്ളൊരു പാര്‍ത്ഥന്റെ ചൊല്‍കേട്ടി-
ട്ടാരണനല്ലിവന്‍ വഹ്നിയെന്നാന്‍
വഹ്നിയെന്നിങ്ങനെ കേട്ടൊരു പാര്‍ത്ഥനും
വന്ദിച്ചുനിന്നു പറഞ്ഞാനപ്പോള്‍:

‘’ ഭാഗ്യവാനെങ്കില്‍ ഞാന്‍ നിന്നുടെ വാഞ്ഛിതം
മാര്‍ഗ്ഗമായ് നല്‍കുന്നതുണ്ടു ചൊന്നാല്‍
ഇന്നതുവേണമെന്നുള്ളതു ചൊല്ലേണം’‘
എന്നതു കേട്ടൊരു വഹ്നിചൊന്നാന്‍:
‘’ വാനവര്‍കോനുടെ കാപ്പായിനിന്നൊന്നി-
ക്കാനനമെന്നതോ കേള്‍പ്പുണ്ടല്ലോ.
എന്നതുകൊണ്ടു ഞാന്‍ കണ്ടുകൊതിക്കുന്നു
തിന്നിതു നല്‍കുകില്‍ നന്നായിതും‘’

എന്നതു കേട്ടൊരു പാര്‍ത്ഥനും ചൊല്ലിനാന്‍
നന്ദജന്തന്മുഖം നോക്കിയപ്പോള്‍
പാവകന്തന്നോടു ‘ നിന്നുടെ വാഞ്ചിതം
പാരാതെ പൂരിക്ക’യെന്നിങ്ങനെ
പാവന്താനതു കേട്ടൊരു നേരത്തു
പാരിച്ചു നിന്നൊരു മോദത്താലെ
കാനനം തന്നെദ്ദഹിച്ചു തുടങ്ങിനാന്‍
വാനവര്‍കോനെയും പേടിയാതെ
പൊട്ടിപ്പൊരിഞ്ഞുള്ളൊരോച്ചകൊണ്ടേറ്റവും
ഞെട്ടിച്ചു നിന്നുടനാശയെല്ലാം
ഭീമങ്ങളായുള്ള ധൂമങ്ങളന്നേരം
വ്യോമത്തിലെങ്ങുമെ പൊങ്ങിനിന്നു
നാകത്തില്‍ ചെന്നങ്ങു വാസവന്തന്നോടു
വേഗത്തില്‍ ചൊല്ലുവാനെന്നപോലെ
ഘോരങ്ങളായുള്ള സിംഹങ്ങളെല്ലാമെ
പാരംകരഞ്ഞു തുടങ്ങീതപ്പോള്‍
വാനിലിരുന്നൊരു വാസവന്തന്നെയി-
ക്കാനനം നിന്നു വിളിക്കുമ്പോലെ

Previous Next

ചെറുശ്ശേരി നമ്പൂതിരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.