പുഴ.കോം > ക്ലാസിക്സ് > പുരാണം > കൃഷ്ണഗാഥ > കൃതി

നാരദപരീക്ഷ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചെറുശ്ശേരി നമ്പൂതിരി

മായതന്മായത്താല്‍ മാനുഷനായൊരു
മാധവന്‍ തന്നുടെ മന്ദിരത്തില്‍
മാലോകര്‍ക്കുണ്ടായ മാലെല്ലാം തീര്‍ത്തിട്ടു
മാമുനിമാരുമായ് മേവും കാലം
നാരദമാമുനി നണ്ണിനിന്നീടിനാന്‍
വാരിജലോചനന്‍ വൈഭവത്തെ:
‘’ എണ്ണുരണ്ടായിരം ഭാര്യമാരുണ്ടല്ലോ
‘ എന്നെ നീ പൂണേണ’മെന്നും ചൊല്ലി
എണ്ണമറ്റീടുന്ന മന്ദിരം തോറുമീ-
ക്കണ്ണന്താനെങ്ങനെ പാഞ്ഞുകൊള്‍വു?
ചിന്തിച്ച തോറുമിന്നെഞ്ചകം തന്നിലി
ന്നന്ധതയെന്നിയേ കണ്ടുതില്ലേ
സുന്ദരിമാരുടെ മന്ദിരം തോറുമി-
ന്നിന്നിവനെങ്ങനെ നിന്നു ഞായം
എന്നതുകണേണം ‘ എന്നങ്ങു ചിന്തിച്ചു
ചെന്നുതുടങ്ങിനാന്‍ ദ്വാരകയില്‍
മുമ്പിനാല്‍ കണ്ടൊരു മന്ദിരം തന്നില-
ങ്ങമ്പോടു പൂകിനാനാദരവില്‍
കേടറ്റു നിന്നുള്ള വേദങ്ങള്‍ തന്നുള്ളില്‍
ഗൂഢനായ് മേവുന്ന ദേവന്‍ തന്നെ
തിണ്ണമണഞ്ഞുടന്‍ പുണ്യമിയന്നുള്ള
കണ്ണിണ തന്നിലങ്ങാക്കിക്കൊണ്ടാന്‍
ചാമരം കൊണ്ട വീതുതുടങ്ങിന
കാമിനിതന്നെയുമവ്വണ്ണമേ
നാരദന്‍ വന്നതു കണ്ടൊരു നേരത്തു
വാരിജലോചനന്‍ പാരാതെ താന്‍
ആസനം മുമ്പായ സാധനം നല്‍കിനി
ന്നാദരിച്ചീടിനാനായവണ്ണം
മനിതനായൊരു മാമുനിതാനപ്പോള്‍
മാധവഞ്ചാരത്തു നിന്നു പിന്നെ
മറ്റൊരു മന്ദിരം തന്നിലകം പുക്കാന്‍
വറ്റാതെ നിന്നൊരു കൗതുകത്താല്‍
മാധവന്‍ മുന്നില്‍ തന്മാനിനിതാനുമായ്
ചൂതുപൊരുന്നതു കാണായ്യപ്പോള്‍
മാമുനിവന്നതു കണ്ടോരു മാധവന്‍
മാനിച്ചു നിന്നു മതിര്‍ക്കുംവണ്ണം
മുണ്ണാമേ വന്നുതോയെന്നങ്ങു ചോദിച്ചാന്‍
മുന്നംതാന്‍ കണ്ടീലയെന്നപോലെ
എന്നതു കേട്ടൊരു നാരദമാമുനി
ഏതുമേ മിണ്ടാതെ നിന്നു പിന്നെ
വേഗത്തില്‍ പോയങ്ങു ചാരത്തുനിന്നൊരു
ഗേഹത്തില്‍ പൂകിനാനാകുലനായ്
ബാലകന്മാരെത്തന്മാറിലങ്ങാക്കീട്ടു
ലാളിച്ചു നിന്നതു കാണായ്യപ്പോള്‍
പെട്ടെന്നെഴുന്നേറ്റു പേശലമായൊരു
വിഷ്ടരം നല്‍കിനാന്‍ നാഥനപ്പോള്‍
വിഷ്ടരം പൂകീന നാരദന്‍ തന്നോടു
തുഷ്ടനായ് നിന്നു പറഞ്ഞാല്‍ പിന്നെ
‘’ ഒട്ടുനാള്‍ കൂടീട്ടു കാണുന്നുതിന്നിപ്പോള്‍
ഇഷ്ടരായുള്ളവരെന്തിങ്ങനെ?
പുത്രരുമായിട്ടു മന്ദിരം തന്നിലെ
നിത്യമായ് നില്‍പ്പതുതേയുള്ള ഞാനോ
കാലമോ പോമല്ലോ ബാലകന്‍മാരുടെ
ലീലകളോരോന്നേ ചാലക്കണ്ടാല്‍
പൈതങ്ങളുണ്ടാകില്‍ പൈതന്നെയുണ്ടാകാ
കൈതവമല്ല ഞാന്‍ ചൊന്നതൊട്ടും.’‘
സംഗികളായവര്‍ ചൊല്ലുന്ന വാര്‍ത്തകള്‍
ഇങ്ങനെയോരോന്നേ ചൊല്ലിപ്പിന്നെ
ബാലകനമാറെയും ചാലപ്പുണര്‍ന്നു ത-
ന്നാലയം തന്നിലെ നിന്നനേരം
ഓര്‍ച്ചപൂണ്ടീടുന്ന നാരദമാമുനി
ഓടിനാനന്യമാം മന്ദിരത്തില്‍
മജ്ജനത്തിന്നു തുടങ്ങിനിന്നീടുന്നൊ-
രച്യുതന്തന്നെയും കണ്ടാനപ്പോള്‍
അന്യമായുള്ളൊരു മന്ദിരം തന്നിലെ
പിന്നെയും ചെന്നങ്ങു പൂകും നേരം
അജ്ഞതവേറായുള്ളാ‍ലൊരണര്‍ ചൂഴുറ്റു
യജ്ഞങ്ങള്‍കൊണ്ടു യജിച്ചുനന്നായ്
നാകികള്‍ തോഷത്തെ നല്‍കിനിന്നീടുന്ന
നാഥനെക്കാണായി ചേണുറ്റപ്പോള്‍
നിഷ്കളമെന്നങ്ങു ചൊല്‍ക്കൊണ്ടബോധത്തെ
നിശ്ചലമായൊരു മാനസത്തില്‍
ചേര്‍ത്തുനിന്നീടുന്നതമ്പോടു കാണായി
താസ്ഥയോടൊന്നൊരു മന്ദിരത്തില്‍
വാളുമെടുത്തുനല്‍ ചര്‍മ്മവുമായിട്ടു
മേളത്തില്‍ നിന്നു പയറ്റിനന്നായ്
ശീലിച്ചു നിന്നൊരു നീലക്കാര്‍വര്‍ണ്ണനെ-
ക്കാലത്തേ ചെന്നങ്ങു കണ്ടാന്‍ പിന്നെ
മറ്റൊരു മന്ദിരം പൂക്കൊരു നേരത്തു
മറ്റൊരു ജാതിയില്‍ക്കാണായിതും
ഇങ്ങനെയോരോരൊ മന്ദിരം തോറുമ-
മ്മംഗലനായൊരു മാമുനിതാന്‍
കണ്ടുകണ്ടേറ്റവും വിസ്മയിച്ചീടിനാന്‍
കൊണ്ടല്‍നേര്‍വ്വര്‍ണ്ണന്റെ വൈഭവത്തെ
മുമ്പിനാല്‍ ചെന്നൊരു മന്ദിരം തന്നില്‍ച്ചെ-
ന്നംബുജലോചനനോടുകൂടി
മാ‍യതന്‍ വൈഭവം കൊണ്ടു പറഞ്ഞിട്ടു
മാനിച്ചുനിന്നു നുറുങ്ങുനേരം
മാധവന്തന്നോടു യാത്രയും ചൊല്ലീട്ടു
മാഴ്കാതെ പോയാനമ്മാമുനിയും.

Previous Next

ചെറുശ്ശേരി നമ്പൂതിരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.