പുഴ.കോം > ക്ലാസിക്സ് > പുരാണം > കൃഷ്ണഗാഥ > കൃതി

പൗണ്ഡ്രകവധം - 3

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചെറുശ്ശേരി നമ്പൂതിരി

കൃത്യൻ ചാരത്തെദ്ദാരുക്കളെല്ലാമേ

കത്തിയൊഴുന്നതു കാണാതായപ്പോൾ

പാരിച്ചുനിന്നുള്ള പാദങ്ങളേല്‌ക്കയാൽ

വാടിച്ചുതായിതബ്‌ഭൂദതലവും

രമ്യമായ്‌ നിന്നുള്ളൊരംബരം തന്നിലു-

ള്ളംബുദജാലകമാല ചാലെ

തങ്ങിവലിച്ചു വരുന്നതു കാണായി

പൊങ്ങിയെഴുന്നുളള കേശങ്ങളിൽ

മാനുഷന്മാരെക്കടിച്ചങ്ങുതിങ്കയാൽ

മാറിലെ ചാടുന്ന ചോരതന്നിൽ

നിന്തിയെഴുന്നു വരുന്നതു കാണായി

നീണ്ടു വളർന്നുള്ള മുണ്ഡമാല

വ്യോമത്തിൽച്ചേരുന്ന യാനങ്ങളെല്ലാമേ

ശൂലത്തിൻമേലായിക്കാണായപ്പോൾ

ഉജ്ജ്വലിച്ചീടുന്നൊരാനനമാണ്ടുള്ള

ഗർജ്ജിതനാദത്തെക്കേൾക്കും നേരം

നേരേ നടുങ്ങി നിലത്തങ്ങു വീഴാതോർ

ആരുമേയില്ലായിപ്പാരിലെങ്ങും

നേരറ്റ മാരണദേവത തന്നുടെ

ഘോരത ചൊൽവാനുമവ്വണ്ണമേ

അന്തകനുള്ളവും കാണുന്നതാകിലോ

വെന്തുനീറിടുമപ്പേടി തന്നാൽ

ഇങ്ങനെയുള്ളൊരു മാരണദേവത

പൊങ്ങിയെഴുന്നു വരുന്നനേരം

കണ്ടുള്ളോരെല്ലാരും കാതരന്മാരായി

മണ്ടിത്തുടങ്ങിനാരങ്ങുമിങ്ങും

കല്‌പാന്ത പാവകന്താനിതെന്നിങ്ങനെ

കല്‌പിച്ചുനിന്നു കടുക്കനെപ്പോയ്‌

ചൂതുപൊരുന്നൊരു മാധവൻ ചാരത്തു

കാതരന്മാരായിച്ചെന്നു ചൊന്നാർഃ

“ഘോരനായുള്ളൊരു വഹ്‌നിതാൻ വന്നിതാ

നീറായിപ്പോകുന്നു ഞങ്ങളയ്യോ!

പാലിച്ചുകൊള്ളണം പാരാതെയെങ്ങളെ-

പ്പാവകൻ വായിൽ നിന്നായവണ്ണം.”

വൃഷ്‌ണികൾക്കുള്ളൊരു ദീനത്തെക്കണ്ടിട്ടു

കൃഷ്‌ണനായുള്ളൊരു വിഷ്‌ണുവപ്പോൾ

ചാരത്തുനിന്നൊരു ചക്രത്തെയന്നേരം

പാരിച്ചി നോക്കിനാനൊന്നു നന്നായ്‌

ചുതുതുടങ്ങിനാൻ പിന്നെയുമങ്ങനെ

ചേതം വരുത്താതെ ലീലയേതും

അംബുജലോചനൻ കൺമുനതന്നുടെ

നിർമ്മലമേനിയിലേറ്റനേരം

കല്‌പാന്ത പാവകന്തന്നെയും വെല്ലുവാൻ

കെല്‌പുകലർന്ന സുദർശനന്താൻ

കത്തിത്തുടങ്ങീതു പുത്തനാം നെയ്‌കൊണ്ടു

സിക്‌തമായുള്ളൊരു തീകണക്കെ

ദിഗജകർണ്ണവും ജർജ്ജരമാംവണ്ണം

ഗർജ്ജിച്ചു നിന്നു നിവർന്നു പിന്നെ

മാരണദേവത തന്നുടെ മേനിയിൽ

ഘേരമായ്‌ നോക്കിനാനൊന്നുനേരെ

ഉൺമദനായ സുദർശനന്തന്നുടെ

കൺമുന തൻമെയ്യിലേറ്റനേരം

നേരിട്ടുചെന്നൊരു മാരണദേവത

പാരം നടുങ്ങി മടങ്ങീതപ്പോൾ

വ്യാധന്മാരെയ്‌തുള്ള ബാണങ്ങളേല്‌ക്കയാൽ

ആതങ്കം പുണ്ടൊരു സിംഹംപോലെ

പർജ്ജന്യനാദത്തെത്തർജ്ജിച്ചുനിന്നൊരു

ഗർജ്ജനംകേട്ടുള്ള ഭൂതങ്ങളും

ഓടിത്തുടങ്ങീതു കേസരീനാദം കേ-

ട്ടീടുന്നോരേണങ്ങളെന്നപോലെ

ഓടിയണഞ്ഞു പിണങ്ങിനാനെന്നപ്പോൾ

ചൂടുപൊഴിഞ്ഞു സുദർശനൻതാൻ

ചാലെത്തുടർന്ന സുദർശനന്തന്നുടെ

ജ്വാലകൾ മേനിയിലേല്‌ക്കയാലെ

വെന്തുതുടങ്ങിന മാരണദേവത

വേഗത്തിലോടിക്കരഞ്ഞു തിണ്ണം

അക്ഷണം ചെന്നങ്ങു ദക്ഷിണനായ സു-

ദക്ഷിണന്തന്നെയണഞ്ഞുനേരെ

കുക്ഷിപിളർന്നിട്ടു നൽക്കുടൽ മാലയും

ഭക്ഷിച്ചുനിന്നു ദാഹിച്ചു പിന്നെ

ചാരത്തുനിന്നു ചടങ്ങുകളോതിയു-

ള്ളാരണന്മാരെയുമവണ്ണമേ

ആരണന്മാരെ വധിച്ചുള്ള പാപത്തെ

വേരറപ്പോക്കുവാനെന്നപോലെ

മണ്ടിയണഞ്ഞങ്ങു പണ്ടുതാനുണ്ടായ

കുണ്ഡത്തിൽ ചാടിയടങ്ങിനിന്നു

“നിന്നോടുകൂടാതെ കണ്ടുകൊൾ നീ”യെന്നു

തന്നോടു ചൊന്നതു ചിന്തിയാതെ

കോപിച്ചു നിന്നവനിങ്ങനെ ചെയ്‌കയാൽ

ആപത്തായ്‌ വന്നു തനിക്കുതന്നെ

സജ്ജനത്തോടു പിണങ്ങിനിന്നീടിനാൽ

ദുർജ്ജനമങ്ങനെ വന്നു ഞായം

പിന്നാലെ പാഞ്ഞ സുദർശനൻതാനപ്പോൾ

മന്നവൻ തന്നുടെ കോട്ടയെല്ലാം

ചുട്ടങ്ങു പൊട്ടിച്ചു പെട്ടെന്നു പോന്നിട്ടു

തുഷ്‌ടനായ്‌ പൂകിനാൻ ദ്വാരകയിൽ.

Previous Next

ചെറുശ്ശേരി നമ്പൂതിരി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.