പുഴ.കോം > ക്ലാസിക്സ് > പുരാണം > കൃഷ്ണഗാഥ > കൃതി

ബലഭദ്രഗമനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചെറുശ്ശേരി നമ്പൂതിരി

ദ്വാരകതന്നിലെ നിന്നുവിളങ്ങിന

സീരവരായുധനന്നൊരുനാൾ

ബന്ധുക്കളായോരെക്കാൺമതിനായിട്ടു

നന്ദന്റെ മന്ദിരം തന്നിൽ ചെന്നാൻ.

രാമനെവന്നതു കണ്ടൊരു നന്ദൻതാൻ

ആമോദംപൂണ്ടു പിടിച്ചു പൂണ്ടാൻ.

അമ്മയായുള്ള യശോദയുമങ്ങനെ

തന്മനം ചെമ്മേ കുളുർക്കുംവണ്ണം.

ചങ്ങാതിമാരായ വല്ലവന്മാരെല്ലാം

മംഗലമായ്‌വന്നു കണ്ടന്നേരം

കണ്ണനെക്കാണാഞ്ഞു വേദനപൂണ്ടുള്ളം

തിണ്ണമുഴന്നുള്ള വല്ലവിമാർ

രാമന്റെ ചാരത്തു വന്നവർ ചോദിച്ചാർ

കാർമ്മുകിൽവർണ്ണന്റെ വാർത്തയെല്ലാം.

“പൗരമാരായുള്ള നാരിമാരാർക്കുമേ

വൈരസ്യമേതുമിന്നില്ലയല്ലീ?

കാർമുകിൽവർണ്ണന്നു വേണുന്നതിന്നിന്നു

കാമിനിമാരുടെ സൗഖ്യമല്ലൊ;

എന്നതുകൊണ്ടെങ്ങൾ മുമ്പിനാൽ ചോദിച്ചു

സുന്ദരിമാരുടെ സൗഖ്യമെല്ലാം.

വഞ്ചകനായുള്ളോ രഞ്ചനവർണ്ണനു

ചഞ്ചലമായൊരു നെഞ്ചിലിപ്പോൾ

അച്‌ഛനുമമയും വേഴ്‌ചതുടർന്നോരും

കച്ചുതേയിഞ്ഞങ്ങളെന്നപോലെ;

ഞങ്ങളെക്കാണേണമെന്നതുകൊണ്ടല്ലൊ

ഇങ്ങവൻ വാരാതെ നിന്നുകൊണ്ടു.

മങ്ങാതെ വന്നുതന്നച്ഛനെക്കണ്ടാലും

ഞങ്ങളോമെല്ലെ മറഞ്ഞുകൊള്ളാം.

ഉറ്റോരെയും മറ്റു പെറ്റോരെയും പിന്നെ-

ച്ചുറ്റമാണ്ടോരെയും കൈവെടിഞ്ഞ്‌

ഉറ്റോരായുള്ളതും മറ്റാരുമല്ലെന്നേ

മുറ്റുമിഞ്ഞങ്ങളോ നണ്ണിച്ചെമ്മേ

പുഞ്ചിരിതൂകിനോരഞ്ചനവർണ്ണന്റെ

വഞ്ചനവാക്കുകളൊന്നോന്നേ താൻ

പട്ടാങ്ങെന്നിങ്ങനെ ചിന്തിച്ചുനിന്നുള്ളിൽ

പൊട്ടുപിരണ്ടുള്ള ഞങ്ങളിപ്പോൾ

ചേണുറ്റു തങ്ങളിൽ കെട്ടുപെട്ടീടുന്ന

തോണികൾ പാഴിലേ നീരായ്‌വന്നു.

ഗോകുലംകൊണ്ടുള്ള വാർത്തകളിന്നെല്ലാം

ഏതാനുമുണ്ടോ പറഞ്ഞു കേൾപ്പൂ?

എന്നുടെ പിന്നൊലെ സന്തതം പാഞ്ഞിടും

ഖിന്നമാരായുള്ള നാരിമാരെ

നന്നായി വഞ്ചിച്ചു പോന്നാനിന്നിങ്ങു ഞാൻ‘

എന്നതുമിണ്ടുമാറില്ലയോ ചൊൽ.

പണ്ടവൻ ചെയ്‌തുള്ള വേലകളോർക്കുമ്പോൾ

ഇണ്ടലാകുന്നുതേ പാരമുള്ളിൽ

കാളിന്ദീതീരത്തെക്കാവുകൾ കാണുമ്പോൾ

ഓളം തുളുമ്പുന്നു വേദനകൾ

കാലത്തേപോന്നു മുളച്ചുതേയുള്ളുതി-

ക്കോലപ്പോർ കൊങ്കകളെങ്ങൾ മാറിൽ;

ചാലക്കിടന്നു തെളിഞ്ഞു വളർന്നതി-

ന്നീലക്കാർവ്വർണ്ണന്റെ മാറിലത്രെ.

പണ്ടുപണ്ടുണ്ടായ പുണ്യങ്ങളോർക്കയാൽ

ഇണ്ടലാണ്ടീടുമിക്കൈകൾ രണ്ടും

മാതാവിൻ കണ്‌ഠം പിരിഞ്ഞതിൽപ്പിന്നെയി-

മ്മാധവൻ കണ്‌ഠമേ താനറിഞ്ഞു.

ശൃംഗാരമിങ്ങനെയുള്ളൂതെന്നുള്ളതും

അംഗജനിങ്ങനെയുള്ളൂതെന്നും

മറ്റാരുമല്ലയിഞ്ഞങ്ങൾക്കു ചൊന്നതോ

മുറ്റുമിക്കാർമുകിൽവർണ്ണനത്രെ.

അങ്ങനെയുള്ളോരു ഞങ്ങളെയിന്നിപ്പോൾ

ഇങ്ങനെയല്ലൊതാനാക്കി വച്ചു.

രാപ്പകലിങ്ങനെ വന്നതു പാർത്തിതാ

ബാഷ്‌പവും വാർത്തുകിടന്നു ഞങ്ങൾ.”

ഇങ്ങനെ ചൊന്നുടൻ കണ്ണുനീർ തൂകിനാർ

മംഗലമാരായ മാതരെല്ലാം

രേവതീകാമുകനെന്നതു കണ്ടിട്ടു

പൂവേണിമാരുടെ ഖേദമെല്ലാം

വാക്കുകൾ കൊണ്ടുടൻ പോക്കിനിന്നീടിനാൻ,

വാഗ്മിയായുള്ളവരെന്നു ഞായം

അല്ലലെ തീർത്തുള്ള വല്ലവിമാരുമായ്‌

നല്ല നിലാവുള്ള രാവുകളിൽ

അമ്പോടു പിന്നെക്കളിച്ചു തുടങ്ങിനാൻ

അമ്പോടു തന്നിലെ രണ്ടുമാസം

വാരുണിയാകിന മാധ്വിയെസ്സേവിച്ചു

വാരണം പോലെ മദിച്ചുപിന്നെ

മന്ദംനടന്നു കളിച്ചൊരു നേരത്തു

സുന്ദരിമാരുമായന്നൊരുനാൾ

മേളത്തിൽനിന്നു കളിപ്പതിന്നായിട്ടു

കാളിന്ദിതന്നെ വിളിച്ചനേരം

വാരാതെ നിന്നപ്പോളേറിയ കോപത്താൽ

സീരത്തെക്കൊണ്ടു വലിപ്പതിന്നായ്‌

ഓങ്ങിന നേരത്തു പേടിച്ചു നിന്നവൾ

ഓടിച്ചെന്നീടിനാൾ ചാരത്തപ്പോൾ

തന്നിലിറങ്ങിനൽ കാമിനിമാരുമായ്‌

ഒന്നൊത്തുനിന്നു കളിച്ചുപിന്നെ

ചാലക്കരയേറി നീലമായുള്ളൊരു

ചേലയും പൂണ്ടു വിളങ്ങിനന്നായ്‌

കാമിനിമാരുടെ വാഞ്ഞ്‌ഛിതംപൂരിച്ചു

കാവുകൾതോറും വിളങ്ങിനിന്നാൻ.

Previous Next

ചെറുശ്ശേരി നമ്പൂതിരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.