പുഴ.കോം > ക്ലാസിക്സ് > പുരാണം > കൃഷ്ണഗാഥ > കൃതി

നൃഗമോക്ഷം - 2

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചെറുശ്ശേരി നമ്പൂതിരി

“കന്മഷം കൂടാതെ നിങ്ങളെക്കാണുമ്പോൾ

സമ്മാനമല്ലൊ നാം വേണ്ടുതപ്പോൾ

ഓരാതെയെങ്കിലും നിൻകൈയിലായല്ലൊ

ആരണർക്കുള്ളൊരു ധേനുവെന്നാൽ

പുണ്യവാനെങ്കിലും ധർമ്മങ്ങളോർക്കുമ്പോൾ

ദണ്ഡ്യനെന്നുള്ളതു വന്നുകൂടും

പുണ്യങ്ങൾ പൂണ്ടിപ്പോൾ വിണ്ണിലെ വാസത്തി-

ന്നെണ്ണമില്ലെന്നതേ ചൊല്ലാവുതാൻ

അല്‌പമായുള്ളൊരു പാപത്തെയാവൂ നീ

മുല്‌പാടുനിന്നു ലഭിപ്പതെന്നാൽ.”

അന്തകനിങ്ങനെ ചൊന്നതു കേട്ടപ്പോൾ,

അന്ധമായ്‌മേവുമിപ്പാങ്കുഴിയിൽ

ഇങ്ങനെ വീണുകിടന്നതു കണ്ടു ഞാൻ,

അങ്ങനെയല്ലൊ വമ്പാപമുള്ളു.

തന്നിൽനിന്നങ്ങുകരേറുവാനായിട്ടു

പിന്നെയും പിന്നെയും പൊങ്ങിപ്പൊങ്ങി

ഒട്ടുകരേറുമ്പോൾ മുട്ടെവരുംമുമ്പെ

പെട്ടെന്നു കീഴ്‌പെട്ടു പോരും പിന്നെ.

പാറമേൽ വീണുടൻ മെയ്യും പൊളിഞ്ഞു നി-

ന്നേറിനവേദന പൂൺമൻപിന്നൊ

ഘോരമായ്‌ നിന്നുള്ളൊരാതപം മേനിയിൽ

പാരിച്ചു മേന്മേലങ്ങേല്‌ക്കയാലെ

ദാഹിച്ചുനിന്നു വരണ്ടു വശം കെട്ടു

മോഹത്തെപ്പൂണ്ടു കിടപ്പൻപിന്നെ,

എണ്ണമില്ലാതൊരു വേദനപൂണ്ടുടൻ

കണ്ണുനീർ വീഴ്‌ത്തുവാനോർത്തു പിന്നെ.

അല്ലൽ പിണഞ്ഞവയൊന്നൊന്നെ ചിന്തിക്കിൽ

ചൊല്ലാവതല്ലേതു തമ്പുരാനേ!

പണ്ടു ഞാൻ ചെയ്‌തുള്ള പുണ്യങ്ങൾകൊണ്ടത്രെ

ഇണ്ടൽ പൂണ്ടിങ്ങനെ തെണ്ടിച്ചു ഞാൻ

അല്ലായ്‌കിലുണ്ടോ നിൻചേവടിത്താരിണ

വല്ലുന്നൂതിങ്ങനെ കണ്ടുകൊൾവാൻ?

ഏറ്റം തിമിർത്തുള്ള പാപങ്ങളെല്ലാമേ

തോറ്റോടിപ്പോയല്ലോ ദൂരത്തിപ്പോൾ

മാധവന്തന്നോടു മന്നവനിങ്ങനെ

മാഴ്‌കാതെ വാർത്തകൾ ചൊന്നനേരം

വ്യോമത്തിൽനിന്നങ്ങു വന്നതു കാണായി

തൂമുത്തുകൊണ്ടൊരു യാനമപ്പോൾ

മാനിച്ചു നിന്നൊരു മാധവൻചൊല്ലാലെ

യാനത്തിൽച്ചെന്നു കരേറി നേരെ

എണ്ണമില്ലാതൊരു പുണ്യങ്ങൾ പൂണ്ടവൻ

വിണ്ണിലും ചെന്നു വിളങ്ങിനിന്നാൻ

ഇക്ഷ്വാകുസോദരൻ പോയൊരു നേരത്തു

ശിക്ഷയായ്‌ ചൊല്ലിനാന്മല്ലവൈരി

തന്മക്കളായുള്ള ബാലകന്മാരോടു

ധർമ്മമെന്നുള്ളതു തേറുവാനായ്‌ഃ

“വേണുന്നതെല്ലാമേ സാധിച്ചു കൊള്ളുവാൻ

വേദിയരെന്നിയേയാരുമില്ലേ

മേന്മകലർന്നോരു ദൈവതമായതു

ബ്രാഹ്‌മണരെന്നതു തേറിനാലും

ബ്രാഹ്‌മണനുള്ള ധനങ്ങളെയേതുമേ

കാൺമതിന്നായിട്ടും കാമിക്കൊല്ലാ.

താനറിയാതെയീ മന്നവനിന്നിപ്പോൾ

ദീനത വന്നതും കണ്ടതല്ലീ?

ഇങ്ങനെയുള്ള നൽവേദിയരായുള്ള

മംഗല ദൈവതം ബാലന്മാരേ! ”

അംബുജലോചനനിങ്ങനെയോരോരോ

ധർമ്മങ്ങളായതു ചൊല്ലിപ്പിന്നെ

ശിക്ഷിതരായുള്ള മക്കളും താനുമാ-

യക്ഷണം പൂകിനാനാലയത്തിൽ.

Previous Next

ചെറുശ്ശേരി നമ്പൂതിരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.