പുഴ.കോം > ക്ലാസിക്സ് > പുരാണം > കൃഷ്ണഗാഥ > കൃതി

നരകാസുരവധം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചെറുശ്ശേരി നമ്പൂതിരി

കൃഷ്ണഗാഥ

മേളം കലർന്നൊരു പാർഥനും താനുമായ്‌

കാളിന്ദീതീരത്തു ചെന്നുപിന്നെ

കാളിന്ദിയാകിന കന്യകതന്നെയും

കൈപിടിച്ചീടിനാൻ കാന്തിയോടെ

പാണ്ഡവനാകിന പാർത്ഥനും താനുമായ്‌

ഖാണ്ഡവമാകിന കാനനത്തെ

പാവകനായിട്ടു നൽകിനനേരത്തു

പാലിതനായ മയന്താനപ്പോൾ

പാണ്ഡവന്മാർക്കൊരു മന്ദിരം തന്നെയും

പാരാതെ നിർമ്മിച്ചു കാഴ്‌ചവച്ചാൻ

അച്‌ഛനുംകൂടിപ്പിറന്നവൾ തന്നുടെ

പുത്രിയായുള്ളൊരു മിത്രവിന്ദ

കാമിനിയായാളക്കാർമുകിൽവർണ്ണനു-

കോമളയെന്നുംപോൽ ചേരുമല്ലൊ.

ചീറ്റം തിരണ്ടുനിന്നേറ്റം തിമിർത്തങ്ങു

കൂറ്റങ്ങളായുള്ള കാളകളെ

കോഴകൾകൂടാതെ കെട്ടിനിന്നന്നേരം

താഴാതെ കാന്തിപൂണ്ടേഴിനേയും

മൈക്കോലവാർകുഴലാളെയും മേളമായ്‌

കൈക്കെണ്ടു പോന്നാന്തന്മന്ദിരത്തിൽ

ഭദ്രയായുള്ളൊരു ഭദ്രയെത്തന്നെയും

ഭദ്രനായുള്ളൊരു പത്‌മനാഭൻ

കേകയ മന്നവന്തന്നുടെ ചൊല്ലാലെ

കേവലം കാമിനിയാക്കിക്കൊണ്ടാൻ.

ലക്ഷണം കൊണ്ടു വിളങ്ങിനിന്നീടുന്ന

ലക്ഷണയാകിയ കന്യകയെ

അമ്പുപൊഴിഞ്ഞു നിന്നംബുജലോചനൻ

തൻപ്രിയയാക്കിനാൻ വമ്പുകൊണ്ടേ.

ഭൗമനായുള്ളൊരു ദാനവമ്പുണ്ടുപോയ്‌

വാമനായ്‌ ചെന്നങ്ങു വിണ്ണുതന്നിൽ

വാനവർകോനുടെ നൽകുടതന്നെയും

വാനവർ മാതാവിൻ കുണ്ഡലവും

കൊണ്ടങ്ങു പോയതു കേട്ടോരുനേരത്തു

കൊണ്ടൽനേർവ്വർണ്ണൻ തങ്കാന്തയുമായ്‌

മന്നിൽവിളങ്ങിനപന്നഗവൈരിത-

ന്നുന്നതമായ മുതുകിലേറി

വേഗത്തിൽ പോയങ്ങു ദാനവൻതന്നുടെ

കോയിക്കൽ ചെന്നു കതിർത്തനേരം

മാനിയായുള്ളൊരു ദാനവൻ തന്നുടെ

സേനയുമായിപ്പുറപ്പെട്ടുടൻ

ഉദ്ധതനായിട്ടു യുദ്ധം തുടങ്ങിനാൻ

ബദ്ധവിരോധനായ്‌ നിന്നുനേരേ.

പന്നഗവൈരിതൻ പക്ഷങ്ങളേറ്റിട്ടു

പാഞ്ഞു തുടങ്ങീതു വാരണങ്ങൾ.

അഞ്ചിതമായൊരു തേർത്തടംതന്നെയും

ചഞ്ചലമാക്കിനാൻ ചഞ്ചുകൊണ്ട്‌

കാൽനഖമേറ്റുള്ള വാജികളെല്ലാമേ

കാലപുരത്തിന്നു പാഞ്ഞുതായി

വേലുകൊണ്ടന്നേരം പന്നഗവൈരിതൻ

മേനിയിൽ ചാട്ടിനാൻ ദാനവന്താൻ.

വേലിന്നു പിന്നാലെ ശൂലവും കൈയിലായ്‌

നീലക്കാർവ്വർണ്ണനെയോങ്ങും നേരം

ദാനവവൈരിതന്നായുധത്തിനൊരു

പാരണമായാനദ്ദാനവന്താൻ

എന്നതുകണ്ടൊരു മേദിനിതാൻവന്നു

നന്ദജന്തന്നെ സ്‌തുതിചാളപ്പോൾ

മേദിനിതന്നുടെ വേദനപോക്കീട്ടു

മേളത്തിൽ ചെന്നവന്മന്ദിരത്തിൽ

ഏറിയിരുന്നൊരു മോദത്തെപ്പൂണ്ടുനി-

ന്നേഴാമെടം തന്നെപ്പൂരിപ്പാനായ്‌

എണ്ണുരണ്ടായിരം കന്യകമാരെയും

തിണ്ണമണഞ്ഞോരോയാനത്തിന്മോൽ

ചാലക്കരേറ്റിത്തൻ ദ്വാരകതന്നിലെ

മേളത്തിലാക്കിനാന്മെല്ലെമെല്ലെ

വാനവർ മാതാവിൻ കുണ്ഡലം തന്നെയും

വാനവർകോനുടെ നല്‌ക്കുടയും

കൊണ്ടങ്ങു ചെന്നുടൻ വിണ്ടലർക്കുണ്ടയൊ-

രിണ്ടലൊപ്പോക്കിനാൻ കൊണ്ടൽവർണ്ണൻ

പോരുന്നനേരത്തു ഭാര്യതൻ ചൊല്ലാലെ

പാരിജാതത്തെയും കൊണ്ടുപോന്ന്‌

ദ്വാരകതന്നുടെ ചാരത്തു നിന്നൊരു

വാരുറ്റ പൂങ്കാവിലാക്കിപ്പിന്നെ

നല്ലൊരു നേരത്തു കൈപിടിച്ചീടിനാൻ

ചൊല്ലിയന്നീടുമന്നല്ലാരെയും

സുന്ദരിമാർക്കോരോ മന്ദിരം നിർമ്മിച്ചു

സുന്ദരിമാരോടും കൂടിനന്നായ്‌

സുന്ദരലീലകളാണ്ടു വിളങ്ങിനാൻ

സുന്ദരനായൊരു നന്ദസുതൻ.

Previous Next

ചെറുശ്ശേരി നമ്പൂതിരി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.