പുഴ.കോം > ക്ലാസിക്സ് > പുരാണം > കൃഷ്‌ണഗാഥ > കൃതി

ഗോപികാദുഃഖം- ഭാഗം 12

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചെറുശ്ശേരി നമ്പൂതിരി

കൃഷ്‌ണഗാഥ

മാറിലിരുന്നൊരു മുത്തുകളെല്ലാമേ

ലാജങ്ങൾപോലെ പൊരിഞ്ഞുതപ്പോൾ.

എണ്ണമില്ലാതൊരു മന്മഥമാൽകൊണ്ട-

പ്പെണ്ണുങ്ങളെല്ലാം മയങ്ങുകയാൽ

ഈശ്വരിമാരായ ദേവതമാരെല്ലാം

ആശ്വസിപ്പിച്ചു തുടങ്ങുന്നേരം

വല്ലവിമാരെല്ലാമുളളിലെഴുന്നുളെളാ-

രല്ലലെ നീക്കിയുണർന്നെഴുന്നാർ.

പണ്ടെന്നും കാണാത മാതരെക്കാൺകയാൽ

മിണ്ടാതെനിന്നു നുറുങ്ങുനേരം 1110

ചോദിച്ചാർ നിങ്ങളാരെന്നതു കെട്ടിട്ടു

നീതിയിൽനിന്നുളള മാതരെല്ലാം

ഉണ്മയായുളളതു ചൊന്നൊരുനേരത്തു

മന്മഥമാൽകൊണ്ടു മൂടുകയാൽ

ചന്ദനച്ചാറെല്ലാം മേനിയിലേല്‌ക്കവേ

ചിന്തുന്ന ചൂടു പൊഴിഞ്ഞു ചൊന്നാർഃ

“തീക്കനൽകൊണ്ടെങ്ങൾമേനിയിലെന്തിനി-

ന്നൂക്കുന്നു നിങ്ങളിന്നമ്മമാരേ!”

കാനനദേവതമാരതു കേട്ടപ്പോൾ

കാരുണ്യംപൂണ്ടു ചിരിച്ചു ചൊന്നാർഃ 1120

“മന്മഥന്തന്നുടെ ബാണങ്ങളേറ്റുണ്ടു

തണ്മകളഞ്ഞൊരു നിങ്ങൾമെയ്യിൽ

ഇന്നവ വെന്തങ്ങു നീറായിപ്പോകണം

എന്നതുകൊണ്ടെങ്ങൾ തീച്ചൊരിഞ്ഞു.”

മന്മഥനെന്നുളള നാമത്തെക്കേട്ടപ്പോ-

ളുണ്മദംപൂണ്ടുളള നന്മൊഴിമാർ

മന്മഥന്തന്നെ വിളിച്ചങ്ങുലാളിച്ചു

ചെമ്മേ മുതിർന്നു പറഞ്ഞാരപ്പോൾഃ

“നിന്നുടെ ബാണങ്ങൾ മുന്നമേയിങ്ങനെ

തന്നയോയുളളു ചൊൽ താർശരാ! നീ. 1130

എന്നിയേ ഞങ്ങളെക്കൊന്നുമുടിപ്പാനാ-

യിന്നിതു നിർമ്മിച്ചങ്ങുണ്ടാക്കയോ?

താരമ്പനെന്നെന്തു ചൊല്ലുന്നുതെല്ലാരും

താരമ്പനല്ലൊട്ടും കൂരമ്പൻ നീ

വജ്രങ്ങളല്ല നിൻബാണങ്ങൾ പൂവെങ്കിൽ

നിശ്‌ചയമുണ്ടെങ്ങൾക്കൊന്നു ചൊല്ലാം.

മുല്ലകൾ മല്ലികയെന്നു തുടങ്ങിന

വല്ലികളൊന്നിന്റെ പൂവുമല്ലേ

ഘോരങ്ങളായുളള ദാരുക്കളുണ്ടല്ലോ

നേരേവിഷംതന്നെ തൂകിത്തൂകി 1140

നൂനമവറ്റിന്റെ പൂവുകൾ നിൻബാണം

പ്രാണങ്ങൾ പോക്കുവാൻ മറ്റൊന്നില്ലേ.

പെൺപടയായുളള ഞങ്ങളോടെന്തിനി-

ന്നൻപുവെടിഞ്ഞു കയർക്കുന്നു നീ?

വില്ലാളിമാരാരും പെൺകൊല ചെയ്‌വീലെ-

ന്നുളളതു നിന്നുളളിലില്ലയോതാൻ?

വീരനെന്നെല്ലാരും നിന്നെപ്പുകണ്ണതു

നേരേമറിച്ചായിതെങ്ങൾമൂലം

നിന്നുടെകാന്തി പഴിച്ചുകിഴിച്ചതേ

തന്നുടെ കാന്തിയാൽ കണ്ണനല്ലൊ 1150

കണ്ണനോടെന്തു കയർക്കരുതേതുമേ

പെണ്ണുങ്ങളോടേ നിനക്കിന്നാവൂ.

മൂലോകനായകന്മാരായിനിന്നുളള

മൂർത്തികൾ മൂവരുമോർത്തുകണ്ടാൽ

നിന്നുടെ ചൊല്ലിങ്കലല്ലയോ നില്‌ക്കുന്നു

നിന്നോടു നേരായോരാരിപ്പാരിൽ

അങ്ങനെയുളള നിനക്കു പടയ്‌ക്കിന്നു

ഞങ്ങൾ മറുതലയായിതല്ലോ.

നാരിമാരോടു പിണങ്ങുമ്പോളിങ്ങനെ

നാണമില്ലാതെവാറെങ്ങനെ! ചൊൽ. 1160

നെറ്റിത്തിരുക്കണ്ണിൽ തീകൊണ്ടു നിന്മേനി

കറ്റച്ചെടയോന്താൻ ചുട്ടുതല്ലോ,

അന്നെങ്ങുപോയിതേ താവകംചേവകം

ഇന്നെങ്ങൾമൂലമിക്കണ്ടതെല്ലാം

എങ്ങളോടിന്നതു വെന്നുകൊളളാമിപ്പോ-

ളങ്ങാടിത്തോലിയങ്ങമ്മയോടായ്‌.

എപ്പൊഴേ ഞങ്ങളെ കൈവെടിഞ്ഞു കണ്ണൻ

അപ്പൊഴെ ഞങ്ങളോ നിന്നടിയാർ

ഞങ്ങളെക്കൊണ്ടിനി വേണ്ടതു ചെയ്‌താലും

ഇങ്ങനെ നിന്നു മുഷിക്കവേണ്ട.” 1170

കോഴപൂണ്ടിങ്ങനെ കേഴുന്നനേരത്തു

കോകിലനാദത്തെക്കേട്ടു ചൊന്നാർഃ

“മാകന്ദംതന്നുടെ തേനുണ്ടു മെല്ലവേ

മാഴ്‌കാതെ കൂകുന്ന കോകിലമേ!

കണ്ണനും ഞങ്ങളും കൂടിക്കലർന്നു പ-

ണ്ടുളളമിണങ്ങിക്കളിക്കുംനേരം

പഞ്ചമരാഗത്തെപ്പാടുന്ന നീയെന്തു

നഞ്ചു നിറയ്‌ക്കുന്നുതെൻ ചെവിയിൽ.”

പൂക്കൾ വിരിഞ്ഞവ നോക്കുന്നനേരത്തു

നോക്കരുതാഞ്ഞിട്ടു ചൊന്നാർ പിന്നെഃ 1180

“മുല്ലപ്പൂ മല്ലികപ്പൂവെല്ലാമെന്തയ്യോ

ചൊല്ലുവിൻ തീക്കനലായതിപ്പോൾ

തൂമകലർന്നൊരു വണ്ടിണ്ട കണ്ടാലും

ധൂമമായ്‌ നിന്നങ്ങെഴുന്നതിപ്പോൾ.”

ചൊല്ലിനാരെന്നതു കേട്ടൊരുനേരത്തു

മെല്ലവേ കാനനദേവതമാർഃ

“പാലിക്കുമീശൻ വിരുദ്ധനായ്‌ നില്‌ക്കുമ്പോൾ

പാലും വിഷംതന്നെയായിക്കൂടും,

പാരാതെനിന്നവർ പാലിച്ചുപോരുമ്പോൾ

പാലായിമേവുമക്കാകോളവും 1190

അങ്ങനെയുളെളാന്നു ദൈവത്തിൻ വൈഭവ-

മെങ്ങും തടുക്കാവൊന്നല്ല ചൊല്ലാം.”

പൂന്തെന്നലേറ്റേറ്റു താന്തമാരായുളള

കാന്തമാർ പിന്നെയും ചൊന്നാരപ്പോൾഃ

“തെന്നലായുളെളാരു വാരണവീരനെ

വന്നതു കണ്ടാലുമെല്ലാരുമേ

ചന്ദനമീടിന കുന്നിന്മേൽനിന്നുളള

നന്മരമെല്ലാമേ ചേർന്നുരുമ്മി

നന്മണമാകുന്ന വന്മദംകൊണ്ടുളളിൽ

ചെമ്മേ നിറഞ്ഞുവഴിഞ്ഞുപിന്നെ 1200

Previous Next

ചെറുശ്ശേരി നമ്പൂതിരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.