പുഴ.കോം > ഭൂമിക്കാരന്‍ > ഉപന്യാസം > കൃതി

സാംസ്‌കാരിക ചക്രം പിന്നിലേക്കോ ?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കിളിമാനൂർ ചന്ദ്രൻ

നവോത്ഥാനകാലത്ത്‌ കേരളം നേടിയ സാംസ്‌കാരിക പുരോഗതി, അന്ധവിശ്വാസജടിലവും വർഗീയപരവും മതപരവുമായ പുനരുജ്ജീവനത്തിലൂടെ തകർന്നുകൊണ്ടിരിക്കുകയാണ്‌. കരുത്തിനേയും കർമ്മശേഷിയേയും തിരസ്‌കരിക്കുന്ന ‘വിധിവിശ്വാസ’ സിദ്ധാന്തങ്ങളുടെ കൂത്തരങ്ങും വിളഭൂമിയുമാണ്‌ ഇന്നത്തെ കേരളം.

അരനൂറ്റാണ്ടു മുമ്പ്‌ പുരോഗമനപ്രസ്ഥാനങ്ങൾ പാടെ നിരാകരിച്ച അശാസ്‌ത്രീയ സിദ്ധാന്തങ്ങളെ, ശാസ്‌ത്രതത്വങ്ങളുടെ ആദ്യകൈവഴികളെന്ന വ്യാഖ്യാനങ്ങളിലൂടെ തലച്ചോറുകളിൽ കുത്തിനിറയ്‌ക്കുന്ന പ്രസ്ഥാനങ്ങൾ നാടുകീഴടക്കിയിട്ടും ബുദ്ധിജീവികൾക്കും മിണ്ടാട്ടമില്ല. പുരോഗമനപ്രസ്ഥാനങ്ങൾ ഒഴുക്കിനൊപ്പം നീന്തി താൽകാലിക നേട്ടങ്ങൾ മാത്രം ശ്രദ്ധിക്കുന്നു. അതിനേതുതരം മലക്കംമറിച്ചിലിനും അവർ തയ്യാർ. അധികാരലബ്‌ധിക്കായി സത്യത്തിനുനേരെ കണ്ണടയ്‌ക്കാനോ, മൗനം ദീക്ഷിക്കാനോ ഒരു മടിയുമില്ല.

അന്ധകാര പുനഃസ്ഥാപനത്തിന്റെ അരങ്ങുകളിൽ അഭയം തേടുന്ന അണികൾ അവർക്ക്‌ ഇന്ന്‌ ചിന്താവിഷയമാവുന്നില്ല. നാടാകെ നടക്കുന്ന യജ്ഞ, മാന്ത്രിക, താന്ത്രിക പ്രക്രിയകളിലും ജ്യോത്സ്യവെളിപാടുകളിലും മനുഷ്യദൈവങ്ങളുടെ മായാപ്രഘോഷണങ്ങളിലും പൊരുളറിയാതെ മനസ്സർപ്പിച്ചു കഴിയുന്ന കമ്മ്യൂണിസ്‌റ്റുകാരുടെ എണ്ണവും വർദ്ധിച്ചുവരുന്നു.

ശാസ്‌ത്രീയസമീപനങ്ങളിലൂടെയും പഠനനിരീക്ഷണങ്ങളിലൂടെയും കൺമുൻപിൽ കാണുന്ന കാര്യങ്ങളുടെ സത്യസ്ഥിതികൾ അണികളെ ബോധ്യപ്പെടുത്താനോ, ചർച്ചാവിഷയമാക്കാനോ അവർ ഇന്ന്‌ തയ്യാറല്ല. വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതിക നേട്ടങ്ങളും അതിനുപിന്നിലെ ഇച്ഛാശക്തികളുടെയും പോരാട്ടങ്ങളുടെയും വസ്‌തുതകളും വിശകലനം ചെയ്യാൻ കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനങ്ങൾ പ്രതിജ്ഞാബദ്ധമായിരുന്നു. അത്തരം വേദികൾ ഇന്ന്‌ പ്രയോജനരഹിതങ്ങളാണെന്ന രീതിയിലാണ്‌ കാര്യങ്ങളുടെ പോക്ക്‌. അതിന്റെ പരിണിതഫലം ഇങ്ങനെയും - ദിവ്യവിഭൂതികളുടെ ശക്തിയിലും മാന്ത്രികച്ചരടുകളുടെ ഫലസിദ്ധിയിലും ജ്യോൽസ്യപ്രവചനങ്ങളുടെ മായകളിലും അഭിരമിക്കുക. മുദ്രാവാക്യം വിളിക്കുന്നതിനേക്കാൾ ഉള്ളിൽത്തട്ടി പൗരോഹിത്യമന്ത്രങ്ങൾ ഉരുക്കഴിക്കുക. വരദാനത്തിനായി മനുഷ്യദൈവങ്ങളുടേയും യജ്ഞവേദികളുടെയും പിന്നാമ്പുറങ്ങളിൽ തമ്പടിക്കുക. യുക്തിപൂർവ്വം വിലയിരുത്താതെ കണ്ണടച്ചിരിക്കുക.

കിളിമാനൂർ ചന്ദ്രൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.