പുഴ.കോം > ഭൂമിക്കാരന്‍ > ഉപന്യാസം > കൃതി

വരരോദനമാകുമോ ഈ നിലവിളികളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്‌.വി. സുദേവൻ, കല്ലറക്കോണം

ലേഖനം

തിരുവനന്തപുരം ജില്ലയിൽ പളളിക്കൽ പഞ്ചായത്തിൽ കല്ലറക്കോണം പുതൂർ നിവാസികൾ ഇന്ന്‌ വളരെയേറെ ഭയാശങ്കകളോടെയാണ്‌ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്‌. കാരണം, ഞങ്ങളുടെ നാട്ടിൽ മുപ്പതേക്കറോളം വ്യാപിച്ചുകിടക്കുന്ന ‘പുതൂർ പാറ’ എന്നറിയപ്പെടുന്ന പാറമട ഇന്ന്‌ പകുതിയിലേറെ നശിച്ചിരിക്കുന്നു. അപൂർവ്വ ജീവികളും ഔഷധ സസ്യങ്ങളും പുലിമടയുമുളള ഇവിടം ഓർമ്മ മാത്രമാവുകയാണ്‌.

ഏതാണ്ട്‌ എട്ട്‌ വർഷമായി കായിക്കര കൺസ്‌ട്രക്ഷൻ കമ്പനി ഇവിടെ നിന്നും പാറപൊട്ടിക്കുന്നു. ജാക്ക്‌ഹാമർ ഉപയോഗിച്ച്‌ പതിനഞ്ച്‌ അടിയോളം പാറതുരന്ന്‌, സ്‌ഫോടക വസ്‌തുക്കൾ നിറച്ച്‌ എൺപതോളം തമിരുകളാണ്‌ വൈദ്യുതിസഹായത്തോടെ ഒരു സമയം പൊട്ടിക്കുന്നത്‌. ഭൂമി കുലുക്കത്തിന്റെ പ്രതീതിയോടെയാണ്‌ പാറ അടിയോടെ കുലുങ്ങി തെറിക്കുന്നത്‌. ഈ പ്രദേശത്തെ വീടുകളുടെ ഭിത്തിയും മേൽക്കൂരയും അടിത്തറയുംവരെ പൊട്ടിയിരിക്കുന്നത്‌ ആർക്കും നേരിൽക്കണ്ട്‌ ബോധ്യപ്പെടാവുന്നതാണ്‌. ഭൂഗർഭജലനിരപ്പ്‌ ഈ പ്രദേശത്ത്‌ അനുനിമിഷം താഴ്‌ന്നുകൊണ്ടിരിക്കുന്നതിനാൽ കിണർ ആഴം കൂട്ടിയാലും ഒരാഴ്‌ചയിൽ കൂടുതൽ വെളളം കിട്ടില്ല. മാത്രമല്ല ഭീകരമായ സ്‌ഫോടനത്തെ തുടർന്ന്‌ അരകിലോമീറ്റർ ദൂരെയുളള വീടുകളുടെ മുറ്റത്തുവരെ പാറക്കഷ്‌ണങ്ങൾ തെറിച്ചുവീഴാറുണ്ട്‌. മുപ്പതോളം പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന അംഗൻവാടിയിൽ നിന്നും നൂറ്റാണ്ട്‌ പഴക്കമുളള ആരാധനാലയമായ കല്ലറക്കോണം അപ്പൂപ്പൻ കാവിനും കഷ്‌ടിച്ച്‌ നൂറ്റിയമ്പത്‌ മീറ്റർ മാത്രം അകലത്തിലാണ്‌ പാറപൊട്ടിക്കുന്നത്‌. കിലോമീറ്ററുകൾ അകലെവരെയുളള കെട്ടിടങ്ങൾ വരെ അപകടഭീതിയിലാണ്‌. ബോംബിങ്ങിന്റെ പ്രതീതി ഉണർത്തുന്നതരത്തിലുളള പുകയാണ്‌ ഓരോ സ്‌ഫോടനത്തിലും ഉണ്ടാകുന്നത്‌.

മേൽപ്പറയപ്പെട്ട കാര്യങ്ങൾ വിശദമാക്കിക്കൊണ്ട്‌ പലതവണ അധികാരികൾക്ക്‌ പരാതി കൊടുത്തിട്ടുണ്ട്‌. എന്നിട്ടും നിയമവിരുദ്ധവും പ്രകൃതിനാശകരവുമായ ഈ പ്രവൃത്തി തുടരുകയാണ്‌. ഈ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യവും ജീവനും സ്വത്തും നിലനിൽക്കാനുളള അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി അനുനിമിഷം അപകടഭീതിയിൽ കഴിയുന്ന കല്ലറക്കോണം പുതൂർനിവാസികൾക്ക്‌ ഉത്തരവാദിത്വബോധമുളള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിസ്ഥിതി സ്‌നേഹികളും തുണയായി എത്തുമോ?

എസ്‌.വി. സുദേവൻ, കല്ലറക്കോണം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.